ഒരേ കമ്പനിയുടെ ഇന്ത്യയിലെയും ജർമ്മനിയിലെയും ഓഫീസുകളിൽ ജോലി ചെയ്ത ഒരാളുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിൽ 24 മണിക്കൂറും ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, ജർമ്മനിയിൽ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നത് അംഗീകരിക്കില്ല.

ഇന്ത്യയിലെയും യൂറോപ്പിലെയും തൊഴിൽ സംസ്‌കാരം തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആ വ്യത്യാസം വ്യക്തമാക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 'കംപ്ലീറ്റ് സർക്കിൾ ക്യാപിറ്റലിന്റെ' വൈസ് പ്രസിഡന്റ് ആദിത്യ കൊണ്ടവാർ ആണ് ഒരു ഐടി പ്രൊഫഷണലിന്റെ അനുഭവം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. ഒരേ കമ്പനിയിൽ തന്നെ ഇന്ത്യയിലും ജർമ്മനിയിലും ജോലി ചെയ്ത ഒരാളുടെ അനുഭവമാണിത്. ഇദ്ദേഹം ഇന്ത്യയിൽ ജോലി ചെയ്തിരുന്നപ്പോൾ 24 മണിക്കൂറും ജോലി ചെയ്യാനും വാരാന്ത്യങ്ങളിലും ലോ​ഗിൻ ചെയ്യാനുമാണ് മാനേജർമാർ പ്രോത്സാഹിപ്പിച്ചിരുന്നത്. ഒഴിവുദിവസങ്ങളിൽ ജോലി ചെയ്യുന്നത് ഒരു സാധാരണ കാര്യമായാണ് ഇന്ത്യയിൽ കണക്കാക്കപ്പെട്ടിരുന്നത്.

എന്നാൽ, ഇതേ കമ്പനിയുടെ ജർമ്മനിയിലുള്ള ഓഫീസിലേക്ക് മാറിയപ്പോൾ സാഹചര്യം പാടെ മാറി. ഒരു ശനിയാഴ്ച ജോലി സംബന്ധമായ ഇമെയിലിന് മറുപടി നൽകിയതിന് ഇദ്ദേഹത്തെ മാനേജർ ശാസിക്കുകയാണുണ്ടായത്. അവധി ദിവസങ്ങളിൽ ജോലി കാര്യങ്ങളിൽ ഇടപെടരുത് എന്ന കർശന നിർദ്ദേശവും അവിടെ നിന്നും കിട്ടിയത്രെ.

പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. അതോടെ നിരവധിപ്പേർ കമന്റുകളുമായി എത്തി. യൂറോപ്യൻ തൊഴിൽ സംസ്കാരത്തെ പ്രശംസിച്ചുകൊണ്ടാണ് പലരും കമന്റുകൾ നൽകിയത്. കൂടുതൽ സമയം ജോലി ചെയ്യുന്നത് ഉൽപ്പാദനക്ഷമതയുടെ അടയാളമല്ലെന്നും, മറിച്ച് അത് പലപ്പോഴും ജോലി മടുപ്പിക്കുന്ന അവസ്ഥയുണ്ടാക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച രീതിയിൽ ജോലി തീർക്കാനാണ് ജർമ്മനി പോലുള്ള രാജ്യങ്ങൾ ശ്രദ്ധിക്കുന്നത്. ഒരു രാജ്യത്തെ ജീവനക്കാർക്ക് ലഭിക്കുന്ന അവകാശവും നിയമപരിരക്ഷയുമാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണമെന്നായിരുന്നു മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത്.

Scroll to load tweet…

കൂടുതൽ പണം സമ്പാദിക്കുന്നതിനേക്കാൾ ജീവിതത്തിൽ സമാധാനത്തിനും കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സമയത്തിനും പ്രാധാന്യം നൽകുന്നതാണ് ഇത്തരം രാജ്യങ്ങളിലെ രീതി. അതിനാൽ തന്നെ അവിടെ വർക്ക് ലൈഫ് ബാലൻസ് എന്നത് ഒരു സ്വപ്നമല്ല. എന്നാൽ, ഇന്ത്യയിൽ ജീവനക്കാർക്ക് പുറത്തൊരു ജീവിതമുണ്ട് എന്നുപോലും പലരും ചിന്തിക്കാറില്ല.