ഈ കുഞ്ഞന്‍ പന്നികളെ ഇന്ത്യയില്‍ നിന്നുതന്നെ തുടച്ചുനീക്കുമോ വൈറസ്? ആശങ്കയില്‍ സംരക്ഷകര്‍...

By Web TeamFirst Published Aug 6, 2020, 4:21 PM IST
Highlights

'ഇത് വളരെ ഭയപ്പെടുത്തുന്ന അവസ്ഥയാണ്. ഈ വൈറസ്, പിഗ്മി ഹോഗിനെ മുഴുവനായും ഈ ലോകത്ത് നിന്ന് തുടച്ചുനീക്കുമോ എന്ന് ഭയമുണ്ട്' എന്നും ദക പറഞ്ഞു. 

ലോകത്തിലെതന്നെ ചെറുതും അപൂര്‍വ്വവുമായ പിഗ്മി ഹോഗ് എന്ന പന്നിവര്‍ഗം വൈറസ് ബാധാ ഭീഷണിയെ തുടര്‍ന്ന് 'ലോക്ക്ഡൗണി'ലാണ്. പക്ഷേ, കൊറോണ വൈറസല്ല ഇവയെ ബാധിച്ചിരിക്കുന്നത്. പകരം, ഇന്ത്യയിലെ ആദ്യ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്. വളരെ പെട്ടെന്ന് പകരുന്ന ഈ വൈറസ് രോഗബാധയ്ക്ക് ഇതുവരെ വാക്സിനോ മരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഇതുവരെയായി ഏകദേശം 16,000 പന്നികളെയെങ്കിലും ഈ രോഗം ഇല്ലാതാക്കിയെന്ന് അസം സംസ്ഥാന മൃഗസംരക്ഷണ വിഭാഗം വക്താവ് പ്രദീപ് ഗൊഗോയ് പറഞ്ഞിരുന്നു. അരുണാചല്‍ പ്രദേശില്‍ ഏകദേശം 4500 പന്നികളെങ്കിലും രോഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 

പിഗ്മി ഹോഗ് എന്നയിനം പന്നികള്‍ നിലവില്‍ തന്നെ വംശനാശ ഭീഷണി നേരിടുന്നവയാണ്. അതുപോലെ തന്നെ ഇവയുടെ ആവാസവ്യവസ്ഥയ്ക്കും നാശമുണ്ടായിട്ടുണ്ട്. അതിനാല്‍ ഇവയുടെ പ്രജനനത്തിനും സംരക്ഷണത്തിനുമായി വിവിധ പരിപാടികള്‍ ആവിഷ്‍കരിച്ചു നടപ്പിലാക്കവെയാണ് ആഫ്രിക്കന്‍ പന്നിപ്പനിയുടെ ആക്രമണം. ഇവയെ ഇന്ത്യയില്‍ന്നുതന്നെ തുടച്ചുനീക്കുമോ ഈ രോഗബാധ എന്ന ആശങ്കയിലാണ് സംരക്ഷകര്‍. 

അസമിന്‍റെ വടക്കു-കിഴക്കന്‍ ഭാഗങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ 300 പിഗ്മി ഹോഗുകള്‍ ഉണ്ട്. ഈ ബാക്കിയുള്ളവയെക്കൂടി വൈറസ് തുടച്ചുനീക്കുമോ എന്ന ഭയത്തിലാണ് ഇവയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍. 'മെയ് 18 -ന് ആഫ്രിക്കന്‍ പന്നിപ്പനി ഇന്ത്യയില്‍ സ്ഥിരീകരിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു'വെന്ന് പിഗ്മി ഹോഗ് കണ്‍സര്‍വേഷന്‍ പ്രോഗ്രാം തലവന്‍ പരഗ് ദക പറഞ്ഞിരുന്നതായി phys.org എഴുതുന്നു. രാജ്യത്തെ അധികൃതരുടെയും യു കെ കേന്ദ്രീകരിച്ചുള്ള Durrell Wildlife Conservation Trust , പ്രദേശത്തെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ആരണ്യക് എന്നിവയോട് കൂടി യോജിച്ചാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 

'ഇത് വളരെ ഭയപ്പെടുത്തുന്ന അവസ്ഥയാണ്. ഈ വൈറസ്, പിഗ്മി ഹോഗിനെ മുഴുവനായും ഈ ലോകത്ത് നിന്ന് തുടച്ചുനീക്കുമോ എന്ന് ഭയമുണ്ട്' എന്നും ദക പറഞ്ഞു. പന്നികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്. അതുപോലെ, മാംസത്തില്‍ നിന്നോ അതുപോലെയുള്ള മറ്റ് വസ്‍തുക്കളില്‍ നിന്നോ ഒക്കെ രോഗം പകരാം. ഇതിന് വാക്സിനൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധിച്ച പന്നികളെല്ലാം മരണപ്പെടാന്‍ സാധ്യതയുണ്ട്. കാട്ടുപന്നിയായാലും വളര്‍ത്തുന്നവയായാലും അവയെ ഈ വൈറസ് ഇല്ലാതാക്കിയേക്കാം. അത് അത്യന്തം വിഷമകരമാണ് എന്നും ഇവയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ രോഗം മനുഷ്യരിലേക്ക് പകരില്ല. 

82 പന്നികളും പന്നിക്കുട്ടികളുമുള്ള നമേരിയിലെയും തലസ്ഥാനമായ ഗുവാഹത്തിയിലെയും പ്രജനന കേന്ദ്രങ്ങളിൽ ശാസ്ത്രജ്ഞർ സമാന്തരമായി രണ്ട് സുരക്ഷാവേലികൾ സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ, വൈറസില്‍ നിന്നും ഈ പന്നികളെ സംരക്ഷിക്കുന്നതിനായുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സന്ദർശകരെയൊന്നുംതന്നെ ഇവിടെ അനുവദിക്കുന്നില്ല. ഇവയെ നോക്കുന്ന ജീവനക്കാരും കര്‍ശനമായി പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവര്‍ കുളിക്കുകയും കയ്യും കാലുമെല്ലാം മുഴുവനായും വൃത്തിയാക്കിയും മാത്രമേ അകത്ത് പ്രവേശിക്കാന്‍ പാടുള്ളൂ. വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഇവിടെ സ്വീകരിക്കുന്നുണ്ട്. 'ഇതാണ് ഇവിടെ ന്യൂ നോര്‍മല്‍' -ദക പറയുന്നു. 

വൈറസ് ബാധ ഈ പന്നികളുടെ ഭക്ഷണക്രമത്തിലും ചില മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. നേരത്തെ നല്‍കിയിരുന്ന പഴങ്ങളും ധാന്യങ്ങളുമെല്ലാം മെനുവിലുണ്ടെങ്കിലും കപ്പ, മധുരക്കിഴങ്ങ് തുടങ്ങി മണ്ണിനടിയിലേക്ക് വളരുന്നവയൊന്നും തന്നെ നല്‍കുന്നില്ല. മണ്ണില്‍ വൈറസ് കൂടുതല്‍ നേരം നിലനിന്നേക്കും എന്നതിനാലാണിത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ത്തന്നെ ഇവയുടെ നിലനില്‍പ്പിനാവശ്യമായതെല്ലാം ചെയ്‍തിട്ടുണ്ടെന്ന് ദക പറയുന്നു. കാട്ടുപന്നികളിലേക്ക് കൂടി രോഗം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അത് ഇവയെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ദൗത്യം ഒന്നുകൂടി ശ്രമകരമാക്കിയിട്ടുണ്ട്. 

മാത്രവുമല്ല, ഇവയെ സംരക്ഷിക്കാനാവശ്യമായ ചെലവ് കണ്ടെത്തുക എന്നത് കൊവിഡിനെ തുടര്‍ന്ന് ദുഷ്‍കരമായിരിക്കുകയാണ്. സംരക്ഷണത്തിനും ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ഫണ്ട് കണ്ടെത്താനാവാത്തതും സംരക്ഷണ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കുന്നു. നേരത്തെ സഹായിച്ചുകൊണ്ടിരുന്ന പല ചാരിറ്റികളും സഹായം നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് അറിയിച്ചിട്ടുണ്ട്. ഏതായാലും ഏതുവിധേനയും ഇവയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സംരക്ഷകര്‍. 

click me!