ഡൗണ്‍ സിന്‍ഡ്രത്തെ തോല്‍പ്പിച്ച ദാമ്പത്യം; കാല്‍നൂറ്റാണ്ടിനുശേഷം ക്രിസിനെ തനിച്ചാക്കി പോള്‍ പോയി

By Web TeamFirst Published May 2, 2019, 5:43 PM IST
Highlights

രണ്ടുപേരും വിവാഹിതരാവാൻ തീരുമാനിച്ച വിവരമറിഞ്ഞ് പോളിന്റെ ബന്ധുക്കളുടെ മുഖങ്ങളിൽ അവിശ്വസനീയതയും പരിഹാസവും  തുളുമ്പി നിന്നു. എന്നാൽ പ്രിയപ്പെട്ടവരുടെ പ്രവചനങ്ങളെ തെറ്റെന്നു തെളിയിച്ച് അവർ കാൽനൂറ്റാണ്ടുകാലം പരസ്പരം സ്നേഹിച്ചു ജീവിച്ചു. 

പോൾ ഷാരോൺ ഡിഫോർജ്, ക്രിസ് ഷാരോൺ ഡിഫോർജുമായുള്ള ഇരുപത്തഞ്ചു വർഷം നീണ്ടുനിന്ന സംതൃപ്തമായ ദാമ്പത്യജീവിതത്തിനു ശേഷം തന്റെ അമ്പത്തൊമ്പതാമത്തെ വയസ്സിൽ ന്യുമോണിയ ബാധിതനായി മരണപ്പെട്ടു. ഡൗൺ സിൻഡ്രം ബാധിതരായിരുന്നു അവരിരുവരും. ഒരുപക്ഷേ, ഈ ലോകത്തിലെ ഡൗൺ സിൻഡ്രം ബാധിതർ തമ്മിൽ നടന്നിട്ടുള്ള വിവാഹങ്ങളിൽ ഏറ്റവും അധികകാലം ഒന്നിച്ചു കഴിഞ്ഞവരാവും പോളും ക്രിസും.

എന്നാൽ കാൽനൂറ്റാണ്ട് മുമ്പ് ഇവർ രണ്ടുപേരും വിവാഹിതരാവാൻ തീരുമാനിച്ച വിവരമറിഞ്ഞ് പോളിന്റെ  ബന്ധുക്കളും പരിചയക്കാരുമെല്ലാം ആദ്യം ചെയ്തത് മുഖം ചുളിക്കുകയാണ്. 'വിവാഹമോ..? അവനോ..?  " എന്ന് ചോദിക്കുമ്പോൾ അവരുടെ മുഖത്ത് അവിശ്വസനീയത തുളുമ്പി നിന്നു. "വിവാഹത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ..? എങ്ങനെ..? " എന്ന് ചിലർ ക്രിസിന്റെ മാതാപിതാക്കളോടും ചോദിച്ചു. ഇരുവരുടെയും അച്ഛനമ്മമാർ ആരുടേയും വാക്കുകൾക്ക് ചെവികൊടുത്തില്ല. അങ്ങനെ ഇന്നേക്ക് ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് പോളും ക്രിസും വിവാഹിതരായി. പ്രിയപ്പെട്ടവരുടെ പ്രവചനങ്ങളെ തെറ്റെന്നു തെളിയിച്ച് അവർ കാൽനൂറ്റാണ്ടുകാലം പരസ്പരം സ്നേഹം പകർന്നുകൊണ്ട് ഒന്നിച്ചു ജീവിച്ചു. 

ആ ദമ്പതികൾ നടന്നുവരുന്നത് ദൂരെ നിന്ന് കാണുമ്പോഴേ ആളുകളുടെ മനസ്സിൽ സഹതാപം വന്നു നിറയുമായിരുന്നു. പലരും വരെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്തിന്, നിയമം പോലും അവരുടെ വിവാഹത്തിന് സാധുത നൽകുന്ന ഒന്നായിരുന്നില്ല അക്കാലത്ത്. ന്യൂ യോർക്ക് സ്റ്റേറ്റിലെ ലിവർപൂൾ പട്ടണത്തിലായിരുന്നു അവരുടെ വീട്. അവരെ ഇത്തരത്തിലുള്ള അസുഖം ബാധിച്ചവരെ പാർപ്പിക്കുന്ന ഏതെങ്കിലും ഇൻസ്റ്റിട്യൂഷനിലും കൊണ്ട് ചെന്നാക്കാനുള്ള ഉപദേശമാണ് ഇരുവരുടെയും രക്ഷിതാക്കൾക്ക് അവർ വയസ്സറിയിച്ച കാലം മുതൽക്കേ കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ തങ്ങളുടെ മക്കൾക്കും ചേർച്ചയുള്ള കൂട്ടുകാരെ കിട്ടുമെന്നും അവർക്കും ദാമ്പത്യ ജീവിതത്തിന്റെ സുഖ ദുഃഖങ്ങൾ അറിഞ്ഞുള്ളൊരു ജീവിതം നയിക്കാൻ ഭാഗ്യമുണ്ടാവുമെന്നും ഇരുവരുടെയും അച്ഛനമ്മമാർ പ്രതീക്ഷിച്ചു. ഡോക്ടർമാരുടെ തുടർച്ചയായ ഉപദേശങ്ങൾ അവഗണിച്ചു കൊണ്ട് നിരന്തരം അവർ അതിനായി ശ്രമിച്ചു കൊണ്ടിരുന്നു. 

മറ്റുള്ളവരെപ്പോലെ 'പെർഫെക്റ്റ്' അല്ലാത്ത കുഞ്ഞുങ്ങളുടെ സംഗമങ്ങൾ അവർ സംഘടിപ്പിച്ചു. മറ്റുള്ളവർ നടത്തുന്ന സമാനമായ പരിപാടികളിൽ തങ്ങളുടെ കുഞ്ഞുങ്ങളെ അവർ കൊണ്ടുപോയി. അവർക്ക് മറ്റുള്ളവരുമായി ഇടപഴകാനുള്ള നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചുകൊണ്ടിരുന്നു.  1980 -ൽ അങ്ങനെ ഒരു ഡാൻസ് പാർട്ടിയിൽ വെച്ചാണ് പോളും ക്രിസും തമ്മിൽ കാണുന്നത്. പ്രഥമദർശനത്തിലെ പ്രണയമായിരുന്നു അവർ തമ്മിൽ ഉടലെടുത്തത്. അടുത്ത എട്ടുവർഷം തമ്മിൽ ഡേറ്റ് ചെയ്ത ശേഷം ക്രിസാണ് പോളിനോട് വിവാഹത്തെപ്പറ്റി സംസാരിക്കുന്നത്. 

" പോൾ  എന്നിലെന്നും പുഞ്ചിരി വിടർത്തുമായിരുന്നു.. അതാണ് ഞാൻ അവനെ വിവാഹം ചെയ്താലോ എന്നോർത്തത്.. " ക്രിസ് പിന്നീട് പറഞ്ഞു. 

എന്നാൽ അവർക്കു മുന്നിൽ ശരിക്കുള്ള പ്രതിസന്ധി അതിനു ശേഷമാണ് വന്നത്. അവർക്ക് ഒരു വിവാഹ ജീവിതം നയിക്കാനുള്ള പാകതയുണ്ടെന്നു ബോധ്യപ്പെടാതിരുന്ന ന്യൂയോർക്ക് സ്റ്റേറ്റ് അവരുടെ വിവാഹത്തിന് അനുമതി നിഷേധിച്ചു. അഞ്ചു വർഷം നീണ്ടുനിന്നു അവരുടെ വിവാഹത്തിന്  അനുമതി കിട്ടാൻ. ലൈംഗികതയെയും, വൈകാരികതയെയും ഒക്കെ സംബന്ധിക്കുന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വന്നു അവരിരുവർക്കും ആ അഞ്ചു വർഷങ്ങൾക്കിടയിൽ. അവർ വിവാഹ ശേഷം തങ്ങൾ രണ്ടു പേരുടെയും സർ നെയിമുകൾ ചേർത്ത് ഒരൊറ്റ സർനെയിം  ആക്കി. അന്നത്തെ പതിവ് രീതിക്ക് വിരുദ്ധമായി വധുവിന്റെ സർ നെയിമാണ് ആദ്യം വെച്ചത്. 

അവരുടെ വിവാഹം ഇരു കുടുംബങ്ങൾക്കും ഏറെ ആഹ്ലാദം പകർന്നു. ക്രിസ് നന്നായി പാചകം ചെയ്യുമായിരുന്നു. പോളിനെ അവൾ രുചിയുള്ള ഭക്ഷണം പാചകം ചെയ്ത് ഊട്ടി.  അവൾക്ക് പ്രമേഹത്തിന്റെ അസുഖമുണ്ടായിരുന്നു. അതുകൊണ്ട് പോൾ  ഒരു ഇൻസുലിൻ ചാർട്ട് വാങ്ങി കിടപ്പുമുറിയിലെ ചുവരിൽ തൂക്കിയിട്ടു. ദിവസവും ക്രിസ് തന്റെ ഷുഗർ ചെക്ക് ചെയ്യുമ്പോൾ പോൾ വന്ന് റീഡിങ്ങ് നോക്കി, അത് ചാർട്ടുമായി ഒത്തു നോക്കി അവൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിക്കുമായിരുന്നു. അവർക്കിടയിലെ സംഭാഷണങ്ങളിൽ ഒരിക്കലും ഒരു അധികാരച്ചുവ വന്നിരുന്നില്ല. 

മിക്ക ഡൗൺ സിൻഡ്രം രോഗികളെയും അവരുടെ 50-60  വയസ്സിനിടയിൽ അൽഷിമേഴ്‌സ് ബാധിക്കാറുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ് അത് പോളിനെയും പിടികൂടി. അതിന്റെ സങ്കീർണ്ണതകൾ ജീവിതം ദുഷ്കരമാക്കാൻ തുടങ്ങി ഏറെ വൈകാതെ  പോളിന് ന്യൂമോണിയ വന്നു. അത് പോളിന്റെ ജീവനെടുത്തു. 

ഒരിക്കൽ ഒരു പാർട്ടിയിൽ വെച്ച് ക്രിസിനോട് ഒരു സ്നേഹിത, പോളിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്തെന്ന്  ചോദിച്ചു. അപ്പോൾ അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞത് ഇതാണ്, " എന്നെപ്പോലെ അവനും ഡൌൺ സിൻഡ്രം ഉണ്ട് എന്നത് തന്നെ.. "

click me!