
1972 -ലെ ആൻഡീസ് വിമാനാപകടത്തിൽ അതിജീവിച്ചവരെല്ലാം ഒത്തുകൂടി, ആ ഓർമ്മകളെല്ലാം ഒരിക്കൽ കൂടി പങ്കുവച്ചു. അന്ന് അതിജീവിക്കാൻ വേണ്ടി കൂടെയുണ്ടായിരുന്നവരിൽ മരിച്ചവരുടെ മാംസം ഭക്ഷിക്കേണ്ടി വന്നതും ആ ഓർമ്മകളിൽ പെടുന്നു.
റഗ്ബി പ്ലയേഴ്സും ഒപ്പം പോയിരുന്നവരും സഞ്ചരിച്ചിരുന്ന വിമാനമാണ് അന്ന് അപകടത്തിൽ പെട്ടത്. കൊടും തണുപ്പിൽ അന്ന് അതിജീവിച്ചത് 16 പേർ. 'ആൻഡീസിലെ അത്ഭുതം' എന്ന് വിളിക്കുന്ന ആ രക്ഷപ്പെടലിന്റെ അമ്പതാം വാർഷികത്തിലാണ് അവർ ഒത്തുചേർന്നത്. ഉറുഗ്വേയൻ ഫ്ലൈറ്റ് 571 -ലെ ഈ അപകടത്തെ കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് പിയേഴ്സ് പോൾ റീഡ് എഴുതിയ 'എലൈവ്: ദ സ്റ്റോറി ഓഫ് ദ ആൻഡീസ് സർവൈവേഴ്സ്'. ഇത് പിന്നീട് 1993 -ൽ സിനിമയുമായി.
1972 ഒക്ടോബർ 13 -ന് പറന്നു പൊങ്ങിയ ആ വിമാനത്തിൽ 45 പേരാണ് ഉണ്ടായിരുന്നത്. കനത്ത മഞ്ഞിൽ പൈലറ്റിന് വഴി തെറ്റുകയും മലനിരകൾക്കിടയിൽ വിമാനം അപകടത്തിൽ പെടുകയും ആയിരുന്നു. അപ്പോൾ തന്നെ 12 പേർ മരിച്ചു. 17 പേർ അപ്പോഴേറ്റ പരിക്കിനെ തുടർന്ന് പിന്നീടും മരിച്ചു.
റമോൻ സബെല്ല എന്ന 70 -കാരൻ ഒരു യാത്രക്കാരൻ തന്റെ കയ്യിൽ കിടന്ന് മരച്ചതിനെ കുറിച്ച് ഓർക്കുന്നു. വിമാനത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി രക്ഷപ്പെട്ടവർ മനസിലാക്കുന്നത് ഓൺബോർഡ് റേഡിയോയിൽ നിന്നുള്ള സന്ദേശത്തിൽ നിന്നാണ്.
ശേഷിച്ച 16 പേരും മരിച്ചവരുടെ ദേഹം ഭക്ഷിച്ചാണ് അതിജീവിച്ചത്. ഒരു മെഡിക്കൽ വിദ്യാർത്ഥിയാണ് അതിജീവിക്കാൻ വേണ്ടി അങ്ങനെ ചെയ്യാം എന്ന് നിർദ്ദേശിച്ചത്. 'മനുഷ്യമാംസം ഭക്ഷിക്കുക, അത് വായിലേക്ക് കൊണ്ടുപോവുക എന്നതൊക്കെ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആയിരുന്നു. അന്ന് പക്ഷേ വേറെ വഴി ഇല്ലായിരുന്നു. അതിനോട് ഞങ്ങൾ പൊരുത്തപ്പെട്ടു. അതുകൊണ്ട് മാത്രമാണ് അന്ന് ഞങ്ങൾ അതിജീവിച്ചത്' എന്ന് അതിജീവിച്ചവർ പറയുന്നു.
അങ്ങനെ രണ്ട് മാസം കഴിഞ്ഞു. അതോടെ ആ മലനിരകളിൽ നിന്നും തങ്ങളെ ആരെങ്കിലും രക്ഷപ്പെടുത്തും എന്ന എല്ലാ പ്രതീക്ഷയും അവർക്ക് നഷ്ടപ്പെട്ടു. പിന്നീട്, അവർ കഴിക്കാൻ മനുഷ്യമാംസവുമായി മലയിറങ്ങാൻ ശ്രമിച്ചു. 10 ദിവസം അങ്ങനെ യാത്ര നടത്തി. ഒടുവിൽ ഒരു ഹെലികോപ്ടർ അവരുടെ സഹായത്തിനെത്തി. അവരെ ആശുപത്രിയിൽ എത്തിച്ചു. ലോകമാകെ ആ അതിജീവനത്തെ അത്ഭുതമായാണ് കണ്ടത്. എന്നിരുന്നാലും പലരേയും ആ അതിജീവനത്തിന്റെയും ദുരിതത്തിന്റെയും ഓർമ്മ കാലങ്ങൾ വേട്ടയാടി.