നീണ്ട 58 വർഷത്തെ കാത്തിരിപ്പ്, ആറാം വയസ്സിൽ അകന്നുപോയ പെറ്റമ്മയെ തേടി കണ്ടെത്തി 64 -കാരൻ

By Web TeamFirst Published Sep 22, 2021, 10:31 AM IST
Highlights

ബാരറ്റ് അമ്മയ്ക്കരികിലേക്ക് ഓടിച്ചെന്നു. അവരുടെ കരങ്ങള്‍ കവര്‍ന്നു, അവരെ കെട്ടിപ്പിടിച്ചു. ഒരു കുഞ്ഞിനെപ്പോലെ നിലവിളിച്ചു. 

കാല്‍വിന്‍ ബാരറ്റ് അമ്മയില്ലാതെയാണ് വളര്‍ന്നത്. എന്നാല്‍, എന്നെങ്കിലും ഒരു ദിവസം തന്‍റെ അമ്മയെ കണ്ടെത്തുമെന്ന് അയാള്‍ സ്വപ്നം കണ്ടിരുന്നു. നീണ്ട 58 വര്‍ഷത്തെ അമ്മയെ തേടിയുള്ള യാത്ര ഒടുവില്‍ അർത്ഥവത്തായി. അദ്ദേഹം തന്‍റെ അമ്മയെ കണ്ടെത്തി. 'എന്‍റെ ഹൃദയത്തില്‍ ഇത്രയും കാലം വലിയൊരു ശൂന്യതയുണ്ടായിരുന്നു, ഒടുവിലാ ശൂന്യത അമ്മയുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുന്നു' എന്നാണ് ബാരറ്റ് പറഞ്ഞത്. 

ഏകദേശം 60 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആ അമ്മയും മകനും ഒന്നിച്ചതിങ്ങനെ. അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള ഈ 64 -കാരൻ, കേംബ്രിഡ്ജ്ഷയറിൽ നിന്നുള്ള തന്റെ അമ്മ മോളി പെയ്ൻ എന്ന 85 -കാരിക്കായി 40 വര്‍ഷമായി തിരയുകയായിരുന്നു. ബാരറ്റിന്റെ മകൾ മക്കെൻസി ബാരറ്റ് പൂർവ്വികരെ കണ്ടെത്താനായി ഒരു ഡിഎൻഎ പരിശോധന നടത്തിയിരുന്നു. അതിലാണ് മിസ് പെയ്‌നിന്റെ അനന്തരവൻ സ്റ്റീഫൻ പെയ്‌നുമായി ഒരു ബന്ധമുള്ളതായി സൂചന കിട്ടുന്നത്. അതാണ് ആ അമ്മയും മകനും കൂടിച്ചേരുന്നതിലേക്ക് നയിച്ചത്. 

1950 -കളിൽ യുകെ ആസ്ഥാനമായുള്ള അമേരിക്കൻ ആർമിയിൽ ആയിരുന്നപ്പോഴാണ് ബോസ് ബാരറ്റിനെ മിസ് പെയ്ൻ കണ്ടുമുട്ടുന്നത്. മാര്‍ച്ചില്‍ യുഎസ്സിലേക്ക് മാറുന്നതിന് മുമ്പ് 1955 ജനുവരിയില്‍ കേംബ്രിഡ്ജ്ഷെയറിലെ ഫൗൾമിയറിലെ സെന്റ് മേരീസ് പള്ളിയില്‍ വച്ച് ഇരുവരും വിവാഹിതരായി. 

അവരുടെ ആദ്യത്തെ മകനായ കാൽവിൻ ബാരറ്റ് 1957 -ൽ ജനിച്ചു, രണ്ടാമത്തെ കുട്ടി മൈക്കിൾ ജനിച്ചതിനു ശേഷം, മിസ് പെയ്ൻ യുകെയിലേക്ക് മടങ്ങി. "എനിക്ക് യുഎസ്സിൽ ഒട്ടും നല്ല അവസ്ഥ ആയിരുന്നില്ല. താനവിടെ ആകെ തകർന്നിരിക്കുകയായിരുന്നു. ആ സമയത്ത് എനിക്ക് എന്നെ പരിപാലിക്കാൻ പോലും കഴിഞ്ഞില്ല. എന്റെ സഹോദരൻ വീട്ടിലേക്ക് പോകാൻ എനിക്ക് ഒരു ടിക്കറ്റ് അയച്ചുതന്നു. ഞാൻ എന്റെ കുട്ടികളുടെ അടുത്തേക്ക് തിരികെയെത്താനുള്ള എല്ലാ ഉദ്ദേശ്യത്തോടെയുമാണ് പോയത്, പക്ഷേ അത് സംഭവിച്ചില്ല.'' അവര്‍ പറയുന്നു. 

പെയ്ൻ തന്റെ കുട്ടികൾക്ക് കൈകൊണ്ട് എഴുതിയ കത്തുകളും ക്രിസ്മസ് സമ്മാനങ്ങളും മെമ്മറി ബോക്സുകളും അയച്ചിരുന്നു. പക്ഷേ, അവളുടെ ആൺമക്കൾക്ക് അതൊന്നും തന്നെ ലഭിച്ചിരുന്നില്ല. താന്‍ തിരികെ പോകാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, കഴിഞ്ഞില്ല. ഞാനെന്‍റെ മക്കളെ ഉപേക്ഷിച്ചതല്ല. അവര്‍ തന്നില്‍ നിന്നും അകറ്റപ്പെടുകയായിരുന്നു എന്ന് പെയ്ന്‍ പറയുന്നു. 

തന്‍റെ അമ്മയെ അന്ന് അവസാനമായി കാണുമ്പോള്‍ ബാരറ്റിന് വെറും ആറ് വയസായിരുന്നു. അച്ഛനും മുത്തച്ഛനും ചേര്‍ന്നാണ് ബാരറ്റിനെയും സഹോദരനെയും വളര്‍ത്തിയത്. അവരൊരിക്കലും അവരുടെ അമ്മ പെയ്‍ന്‍ -നെ കുറിച്ച് കുട്ടികളോട് ഒന്നും സംസാരിച്ചില്ല. 

1984 -ല്‍ ബാരറ്റിന്‍റെ പിതാവ് മരിച്ചു. അന്നവന് 27 വയസായിരുന്നു. അതിനുശേഷമാണ് അവന്‍ തന്‍റെ അമ്മയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നത്. അമ്മയെ താനൊരുപാട് മിസ് ചെയ്തിരുന്നു. അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് ബാരറ്റ് പറയുന്നു. ഏപ്രിലിലാണ് ബാരറ്റിന്‍റെ മകള്‍ അദ്ദേഹത്തോട് ആ വാര്‍ത്ത പറയുന്നത്, അദ്ദേഹത്തിന്‍റെ അമ്മയെ താന്‍ കണ്ടെത്തിയിരിക്കുന്നു. ബാരറ്റിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. താന്‍ കരയുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

അമ്മയും മകനും ആദ്യമായി ഫേസ്ബുക്കില്‍ മെസേജ് അയക്കുകയായിരുന്നു. പിന്നീട് ഓരോദിവസവും ഫോണിലൂടെ സംസാരിച്ചു. ഒടുവില്‍ ഈ മാസം ആദ്യം ഇരുവരും ഹീത്രൂ വിമാനത്താവളത്തില്‍ കണ്ടുമുട്ടി. ബാരറ്റ് അമ്മയ്ക്കരികിലേക്ക് ഓടിച്ചെന്നു. അവരുടെ കരങ്ങള്‍ കവര്‍ന്നു, അവരെ കെട്ടിപ്പിടിച്ചു. ഒരു കുഞ്ഞിനെപ്പോലെ നിലവിളിച്ചു. 

തന്‍റെ അനന്തരവന്‍ യുഎസ്സിലുള്ള തന്‍റെ കൊച്ചുമകള്‍ തന്നെ അന്വേഷിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് പെയ്‍ന്‍ പറയുന്നു. തനിക്ക് ആഹ്ളാദം അടക്കാനായില്ല. ഹൃദയം കുതിച്ച് ചാടുകയായിരുന്നുവെന്നും പെയ്‍ന്‍ പറയുന്നു. 

തിരികെ പോകുമ്പോള്‍ ഇരുവര്‍ക്കും വേദന സഹിക്കാനായില്ല. 58 വര്‍ഷത്തിനൊടുവില്‍ ഒരു ക്രിസ്മസ് ഒരുമിച്ച് ആഘോഷിക്കാനുള്ള പ്രയത്നത്തിലാണ് ഇരുവരും. താനും മകനും ഒരുമിച്ച് ക്രിസ്മസ് ട്രീയുണ്ടാക്കും, ക്രിസ്മസ് ആഘോഷിക്കും എന്ന് പെയ്‍ന്‍ പറയുന്നു. ഒപ്പം എന്തുമാത്രം ആഴത്തില്‍ താന്‍ തന്‍റെ മകനെ സ്നേഹിക്കുന്നുവെന്നും. ഇരുവരുമിപ്പോള്‍ ക്രിസ്മസിന് കണ്ടുമുട്ടാനുള്ള കാത്തിരിപ്പിലാണ്.  

click me!