സുനാമിയില്‍ മക്കളെ നഷ്ടപ്പെട്ടു, ഇന്ന് 45 അനാഥക്കുട്ടികള്‍ക്ക് രക്ഷിതാക്കളായി ഈ ദമ്പതികള്‍

By Web TeamFirst Published Dec 24, 2019, 5:57 PM IST
Highlights

മക്കളില്ലാത്ത ഈ ലോകത്ത് ജീവിക്കാൻ അവർക്ക് തോന്നിയില്ല. ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ നഷ്ടപ്പെട്ട അവർ ആത്മഹത്യ ചെയ്യാൻ ഉറച്ചു. അപ്പോഴാണ് ഒരു വെളിപാട് പോലെ അവർ അത് തിരിച്ചറിഞ്ഞത്.

നിസ്സാരകാര്യങ്ങളെക്കുറിച്ച് പരാതിപ്പെടാനും ചെറിയ ബുദ്ധിമുട്ടുകളെ വലുതാക്കി കാണിച്ച് പ്രശ്നമുണ്ടാക്കാനും നമ്മളിൽ പലരും ശ്രമിക്കാറുണ്ട്. എന്നാൽ നമ്മളെക്കാൾ ദുരിതമനുഭവിക്കുന്നവരുണ്ട് നമ്മുക്ക് ചുറ്റും എന്നത് നാം പലപ്പോഴും മറന്നു പോകുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളിൽ മനം മടുക്കാതെ ധീരമായി അവയെ തരണം ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയവർ. വേദനയിലും പുഞ്ചിരിക്കാൻ പഠിച്ചവർ. അത്തരക്കാരുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമായി മാറാറുമുണ്ട്. പരമേശ്വരനും,  ഭാര്യ പി. ചൂഢാമണിക്കും അത്തരമൊരു അധിജീവത്തിന്‍റെ കഥയാണ് പറയാനുള്ളത്.

2004 ഡിസംബർ 26,  പരമേശ്വരന്‍റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. അന്നേദിവസം ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു ആ ദുരന്തം അദ്ദേഹത്തെ തേടിവന്നത്. ഡിസംബറിൽ ദക്ഷിണേന്ത്യയെ തകർത്തെറിഞ്ഞ സുനാമിയിൽ ആ അച്ഛനും അമ്മക്കും നഷ്ടമായത് അവർ പൊന്നുപോലെ നോക്കി വളർത്തിയ അവരുടെ മൂന്ന്  മക്കളെയാണ്.  

മക്കളെ നഷ്ടപ്പെട്ടത് അവർക്ക് താങ്ങാവാത്ത ആഘാതമായി. മക്കളില്ലാത്ത ഈ ലോകത്ത് ജീവിക്കാൻ അവർക്ക് തോന്നിയില്ല. ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ നഷ്ടപ്പെട്ട അവർ ആത്മഹത്യ ചെയ്യാൻ ഉറച്ചു. അപ്പോഴാണ് ഒരു വെളിപാട് പോലെ അവർ അത് തിരിച്ചറിഞ്ഞത്. തങ്ങൾക്ക് മക്കളെ നഷ്ടമായ പോലെ, അനവധി കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെയും നഷ്ടമായിരിക്കാം എന്ന ചിന്ത അവരുടെ മനസ്സിൽ മിന്നിമാഞ്ഞു. ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്നവർ തിരിച്ചറിഞ്ഞു.  

ജീവിതത്തിൽ പുതിയ ലക്ഷ്യവും പ്രതീക്ഷയും കൈവന്ന അവർ ഇനിയുള്ള അവരുടെ ജീവിതം അനാഥരായ കുഞ്ഞുങ്ങൾക്കായി നീക്കി വാക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹവും ഭാര്യയും കുട്ടികളെ ദത്തെടുക്കാൻ തുടങ്ങി.

“ധാരാളം കുട്ടികൾ തെരുവിൽ, വീടോ, ആഹാരമോ ഇല്ലാതെ നിൽക്കുന്നത് ഞങ്ങൾ കണ്ടു,” ചൂഢാമണി പറഞ്ഞു. എന്തുകൊണ്ട് ഈ കുട്ടികളെ എടുത്ത് വളർത്തിക്കൂടാ എന്ന് ഞങ്ങൾ ചിന്തിച്ചെന്നും അവർ കൂട്ടിച്ചേർത്തു. തുടക്കത്തിൽ ആ ദമ്പതികൾ നാല് അനാഥ കുട്ടികളെയാണ് എടുത്തവളർത്തിയത്. എന്നാൽ പതുക്കെ കുട്ടികളുടെ എണ്ണം മുപ്പത്താറായി വർദ്ധിച്ചു. പിന്നീട് അവരുടെ വീട് തന്നെ ഒരു അനാഥാലയമാക്കി മാറ്റി അവർ. തമിഴിൽ പ്രതീക്ഷ എന്നർത്ഥം വരുന്ന "നമ്പിക്കൈ" എന്ന പേരും ഇട്ടു.

എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ പരമേശ്വരനും ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ ബ്രാഞ്ച് മേധാവിയായ ചൂഢാമണിയും ഇപ്പോൾ 45 പേരുടെ മാതാപിതാക്കളാണ്.  അവർ പ്രധാനമായും സ്വന്തം ഫണ്ടുകൾ ഉപയോഗിച്ചാണ് അനാഥാലയം നടത്തുന്നതെങ്കിലും സുഹൃത്തുക്കളും സഹായത്തിനായി മുന്നോട്ടുവരുന്നുണ്ട്.  ഇപ്പോൾ, മുതിർന്ന കുട്ടികളിൽ പലരും ഉന്നതപഠനത്തിനും മറ്റുമായി മാറിത്താമസിക്കുന്നു. മറ്റുചിലർ മൾട്ടിനാഷണൽ കമ്പനികളിൽ ചേർന്നു നല്ലൊരു ജീവിതം നയിക്കുന്നു.

സുനാമി ഏല്‍പ്പിച്ച ആ ദുരിതത്തിൽനിന്ന് കരകയറിയ കുട്ടികൾ ആ മാതാപിതാക്കളുടെ തണലിൽ പുതിയ ജീവിതം സ്വപ്നം കാണുകയാണ്.  ഒരുപാട് പേർക്ക് പ്രതീക്ഷയായി "നമ്പികയ്" എന്ന ആ അനാഥമന്ദിരം ഇന്നും നിലകൊള്ളുന്നു.

click me!