അച്ഛൻ ജയിലിൽ, അമ്മ ഒളിവിൽ, എന്നിട്ടും എംഎൽഎ ആയി ജയിച്ചു കയറി മകൾ അംബാ പ്രസാദ്

By Web TeamFirst Published Dec 24, 2019, 1:06 PM IST
Highlights

ഈ കേസിൽ വിചാരണ തുടങ്ങിയപ്പോഴേക്കും, അറസ്റ്റൊഴിവാക്കാൻ വേണ്ടി നിർമല ദേവിക്ക് ഒളിവിൽ പോകേണ്ടി വന്നു. അതോടെ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ പറ്റാത്ത അവസ്ഥവന്നു. അവർ ബാറ്റൺ മകൾ അംബാ ദേവിക്ക് കൈമാറി. 

ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. ആകെയുള്ളത് 81 സീറ്റുകൾ. ഫലം വന്നപ്പോൾ കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച, രാഷ്ട്രീയ ജനതാദൾ എന്നിവയുടെ മഹാസഖ്യം മന്ത്രിസഭയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹേമന്ത് സോറൻ ആയിരിക്കും പുതിയ മുഖ്യമന്ത്രി. ഈ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിച്ച ഒരു സീറ്റാണ്, ബഡ്‌കാഗാവ്. അവിടത്തെ മുഖ്യ സ്ഥാനാർഥി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംബാ പ്രസാദ് ആയിരുന്നു. മുപ്പതിനായിരത്തിലധികം വോട്ടുകൾക്കാണ് അവർ AJSU പാർട്ടിയുടെ റോഷൻലാലിനെ തോൽപ്പിച്ചത്. ബിജെപി ഈ മണ്ഡലത്തിൽ മൂന്നാമതായിട്ടാണ് ഫിനിഷ് ചെയ്തത്. 

2014 -ലെ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത് അംബാ പ്രസാദിന്റെ അമ്മ നിർമല ദേവി ആയിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ തന്നെയായിരുന്നു അവരും മതസാരിക്കാത്തത്. അതിനും മുമ്പ് 2009 -ൽ നടന്ന തെരഞ്ഞെടുപ്പിൽ അംബയുടെ അച്ഛൻ യോഗേന്ദ്ര സാവ്‌ ആണ് കോൺഗ്രസിന്റെ തന്നെ ടിക്കറ്റിൽ ജയം നേടിയത്. ഇത് അവരുടെ കുടുംബത്തിന്റെ ഹാട്രിക് വിജയമാണ്. ആദ്യ ഊഴത്തിൽ ജയിച്ച് എംഎൽഎ ആയ അച്ഛൻ യോഗേന്ദ്ര സാവിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉയർന്നു. അന്വേഷണങ്ങൾ നടന്നു. ഒടുവിൽ 2014 -ൽ അടുത്ത തെരഞ്ഞെടുപ്പ്  നടക്കുമ്പോൾ അദ്ദേഹം ജയിലിനുള്ളിൽ ആയിപ്പോയി. എന്നാൽ, സീറ്റ് മറ്റാർക്കും വിട്ടുനൽകാതെ അദ്ദേഹം ഭാര്യയെക്കൊണ്ട് മത്സരിപ്പിച്ച് സീറ്റ് നിലനിർത്തി. 

യോഗേന്ദ്ര സാവിനെതിരെയുള്ള കേസുകൾ 

ആകെ 24 കേസുകളാണ് സാവിനെതിരെ ചുമത്തപ്പെട്ടത്. അതിൽ രാംഗഡ് സ്പോഞ്ച് അയൺ ഫാക്ടറിയുടെ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഹൈക്കോടതി അദ്ദേഹത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു.  

2016 ഒക്ടോബർ ഒന്നാം തീയതി ഝാർഖണ്ഡിൽ മൃതദേഹസമരം നടന്നു. ഇതിൽ ഗ്രാമീണരോടൊപ്പം യോഗേന്ദ്ര സാവ്‌, നിർമലാ ദേവി എന്നിവരും രംഗത്തെത്തി. NTPC മൈനിങ്ങിനു വേണ്ടി പ്രദേശത്തു നടത്തിക്കൊണ്ടിരുന്ന സ്ഥലമെടുപ്പ് പ്രക്രിയയിൽ നൽകുന്ന നഷ്ടപരിഹാരം ഏറെ കുറഞ്ഞുപോയി എന്നാക്ഷേപിച്ചായിരുന്നു സമരം. ഈ സമരത്തിനിടെ പൊലീസും ഗ്രാമീണരും തമ്മിൽ സംഘട്ടനം നടന്നു. പൊലീസിന്റെ വെടിവെപ്പിൽ നാലു  ഗ്രാമീണർ കൊല്ലപ്പെട്ടു. ഇത് ഝാർഖണ്ഡിൽ ബഡ്‌കാഗാവ് വെടിവെപ്പ് എന്നപേരിലാണ് അറിയപ്പെടുന്നത്. എന്തായാലും, ഈ വെടിവെപ്പും മരണവും ഒക്കെ കഴിഞ്ഞതോടെ ഏക്കറിന് 4.25 ലക്ഷം വെച്ച് ഗ്രാമീണർക്ക് കിട്ടുമായിരുന്നത് ഒറ്റയടിക്ക് ഇരുപത് ലക്ഷമായി വർധിച്ചു. അത് ഈ പ്രദേശത്ത് യോഗേന്ദ്രയുടെയും കുടുംബത്തിന്റെയും സ്വാധീനമേറ്റി. 

എന്നാൽ, ഈ സമരത്തിനിടെ പലരെയും അറസ്റ്റു ചെയ്ത കൂട്ടത്തിൽ നിർമലാ ദേവിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്ന് പക്ഷേ, ഗ്രാമീണർ സംഘടിച്ചെത്തി അവരെ മോചിപ്പിച്ചു. ഈ കേസിൽ വിചാരണ തുടങ്ങിയപ്പോഴേക്കും, അറസ്റ്റൊഴിവാക്കാൻ വേണ്ടി നിർമല ദേവിക്ക് ഒളിവിൽ പോകേണ്ടി വന്നു. അതോടെ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ പറ്റാത്ത അവസ്ഥവന്നു. അവർ ബാറ്റൺ മകൾ അംബാ ദേവിക്ക് കൈമാറി. അച്ഛനും അമ്മയ്ക്കും വേണ്ടി ഇത്തവണ കളത്തിലിറങ്ങിയത് ചെറുപ്പക്കാരിയായ മകളായിരുന്നു. 

വിദ്യാസമ്പന്നയാണ് ഈ എംഎൽഎ

ബിബിഎയ്ക്ക് ശേഷം ഹ്യൂമൻ റിസോഴ്സസിൽ  എംബിഎ, തുടർന്ന് എൽഎൽബി. നിയമപഠനം പൂർത്തിയാക്കിയ ശേഷം, 2014 മുതൽ  ദില്ലിയിൽ താമസിച്ചുകൊണ്ട് സിവിൽ സർവീസിന് തയ്യാറെടുക്കുകയായിരുന്നു അംബ. ആയിടെയാണ് അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായി എന്നറിഞ്ഞ് അവർക്ക് തിരികെ വരേണ്ടി വരുന്നത്. അന്ന്  ബഡ്‌കാഗാവിലേക്ക് തിരികെ വന്ന അംബാ പ്രസാദ് പിന്നെ തിരികെ ദില്ലിക്ക് പോയിട്ടില്ല. രാഹുൽ ഗാന്ധി സംബന്ധിച്ച തെരഞ്ഞെടുപ്പ് റാലിയോടെയാണ് അംബയുടെ പേര് മാധ്യമശ്രദ്ധയിലേക്ക് വരുന്നത്. 

click me!