
ഒരു ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഫോൺ നോക്കും? ഉണർന്നിരിക്കുകയാണെങ്കിൽ ഭൂരിഭാഗം നേരവും ഫോൺ കയ്യിൽ കാണും അല്ലേ? അതിനി ഭക്ഷണം കഴിക്കുമ്പോഴാണെങ്കിലും ടോയ്‍ലെറ്റിൽ പോകുമ്പോഴാണെങ്കിലും വാഹനങ്ങളിലാണെങ്കിലും ഒക്കെ. എന്നാൽ, ഒരു സ്ത്രീ തന്റെ വീട്ടുകാരുടെ ഫോൺ അഡിക്ഷൻ കുറക്കാൻ കണ്ടെത്തിയ ഒരു മാർഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.
ഫോൺ അഡിക്ഷൻ കുറക്കുന്നതിനായി ഇവർ വീട്ടുകാരെ കൊണ്ട് ഒരു കരാറിൽ ഒപ്പ് വയ്പ്പിക്കുകയാണ് ചെയ്തത്. ആ കരാറിന്റെ ചിത്രം അവരുടെ മരുമകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. മഞ്ജു ഗുപ്ത എന്ന സ്ത്രീയാണ് ഈ കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഈ കരാറിൽ മൂന്ന് നിയമങ്ങളാണ് മഞ്ജു പറയുന്നത്. ആ നിയമം ലംഘിച്ചാൽ ആ മാസം ഓൺലൈൻ ആപ്പ് വഴി സ്വിഗിയിൽ നിന്നോ സൊമാറ്റോയിൽ നിന്നോ ഭക്ഷണം ഓർഡർ ചെയ്യാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല എന്നും മഞ്ജു വ്യക്തമാക്കുന്നുണ്ട്.
വീട്ടിലെ എല്ലാവരെക്കൊണ്ടും ആന്റി ഈ കരാർ ഒപ്പുവയ്പ്പിച്ചു എന്നും പോസ്റ്റിൽ മഞ്ജുവിന്റെ മരുമകൾ വ്യക്തമാക്കുന്നുണ്ട്. ഇനി എന്താണ് മഞ്ജുവിന്റെ നിയമങ്ങൾ എന്നല്ലേ?
1. രാവിലെ ഉണർന്ന് എണീറ്റ ഉടനെ തന്നെ ഫോണിനെ ആരാധിക്കുന്നതിന് പകരം എല്ലാവരും സൂര്യനെ വേണം ആരാധിക്കാൻ.
2. ഡൈനിംഗ് ടേബിളിൽ ഒരുമിച്ചിരുന്നു വേണം എല്ലാവരും ഭക്ഷണം കഴിക്കാൻ. അങ്ങനെ കുടുംബമായി ഭക്ഷണം കഴിക്കുമ്പോൾ ഡൈനിംഗ് ടേബിളിൽ നിന്നും 20 അടി മാറിയായിരിക്കണം ഫോൺ വയ്ക്കേണ്ടത്.
3. ബാത്ത്‍റൂമിൽ പോകുമ്പോൾ ആരും ഫോണും കൊണ്ട് പോകരുത്. അങ്ങനെ റീലും കണ്ട് സമയം കളയുന്നത് ലാഭിക്കാം.
വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. വൻ കയ്യടിയാണ് മഞ്ജു ഗുപ്തയുടെ കരാറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. തികച്ചും ന്യായമായ ആവശ്യങ്ങളാണ് അവർ ഉയർത്തിയിരിക്കുന്നത് എന്നാണ് പലരുടേയും അഭിപ്രായം.
കുടുംബം ഒന്നിച്ചിരുന്ന് സംസാരിക്കേണ്ട, വിശേഷങ്ങൾ പങ്കുവയ്ക്കേണ്ട സമയത്തിൽ ഭൂരിഭാഗവും അപഹരിക്കുന്നത് സ്മാർട്ട്‍ഫോണുകളും സോഷ്യൽ മീഡിയകളും ആണല്ലേ? അങ്ങനെ നോക്കുമ്പോൾ ഈ ഐഡിയ കൊള്ളാം എന്ന് തോന്നുന്നുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം