Latest Videos

അടതാപ്പും മരച്ചീനിയും ചെറുകിഴങ്ങും; ഇവര്‍ കിഴങ്ങുവര്‍ഗത്തിലെ കേമന്‍മാര്‍ തന്നെ

By Web TeamFirst Published Dec 23, 2019, 5:21 PM IST
Highlights

കിഴങ്ങുവര്‍ഗത്തിലെ ചില കേമന്‍മാരെ പരിചയപ്പെടാം.

പുളിയും ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് അരച്ച ചമ്മന്തിയോടൊപ്പം പണ്ടുകാലത്ത് മലയാളികള്‍ കഴിച്ചിരുന്ന കിഴങ്ങുവര്‍ഗങ്ങളില്‍ പലതും ഇന്ന് വീട്ടുപറമ്പില്‍ കാണാറില്ല. മരച്ചീനി തന്നെയാണ് ഇന്നും പലരുടെയും ഇഷ്ടഭക്ഷണം.കപ്പയും മീനും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരുതരം ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലേക്ക് നാം ഓടിപ്പോകും. കിഴങ്ങുവര്‍ഗത്തിലെ ചില കേമന്‍മാരെ പരിചയപ്പെടാം.

അടതാപ്പ് അഥവാ ഇറച്ചിക്കിഴങ്ങ്

കാച്ചില്‍ വര്‍ഗത്തില്‍പ്പെട്ട വള്ളിച്ചെടിയായ അടതാപ്പ് പണ്ടുകാലത്ത് വീടുകളില്‍ ധാരാളമുണ്ടായിരുന്നു. ഇപ്പോഴും പല മട്ടുപ്പാവ് കര്‍ഷകരും ഈ ചെടി വളര്‍ത്തുന്നുണ്ട്. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഉരുളക്കിഴങ്ങിന്റെ പകരക്കാരനായി കറികളില്‍ സ്ഥാനം പിടിച്ച അടതാപ്പിന് ഇന്നും ആവശ്യക്കാരുണ്ട്. അടതാപ്പിന്റെ വള്ളികള്‍ക്ക് പ്രത്യേകതയുണ്ട്. ഇത് ഇടത്തോട്ട് മാത്രമേ ചുറ്റുകയുള്ളു. വള്ളികളുടെ മുകളിലാണ് കായകള്‍ ഉണ്ടാകുന്നത്. 100 ഗ്രാം മുതല്‍ ഒന്നര കിലോഗ്രാം വരെ തൂക്കമുണ്ടാകാറുണ്ട്.

അടതാപ്പിന്റെ വള്ളിയിലെ കിഴങ്ങുകളാണ് നടുന്നത്. കിഴങ്ങുകളില്‍ മുള വന്നശേഷമാണ് നടുന്നത്. സാധാരണയായി നവംബര്‍,ഡിസംബര്‍ മാസങ്ങളിലാണ് വിളവെടുക്കുന്നത്. ഒരു വള്ളിയില്‍ നിന്ന് ഇരുപത് കിലോയോളം കിഴങ്ങുകള്‍ കിട്ടും. അന്നജം, പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് അടതാപ്പ്.

കാച്ചില്‍ രണ്ടുതരം

ഡയസ്‌കൊറിയ അലാറ്റ എന്നാണ് കാച്ചിലിന്റെ ശാസ്ത്രീയ നാമം. രണ്ടുതരത്തിലുള്ള കാച്ചിലുകളുണ്ട്. നാടനും ആഫ്രിക്കനും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ സാധാരണയായി കൃഷി ചെയ്യുന്നത്. നല്ല നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണ്ണാണ് കൃഷിക്ക് വേണ്ടത്. 250 മുതല്‍ 300 ഗ്രാം വരെ തൂക്കമുള്ള മുറിച്ച കിഴങ്ങുകളാണ് നടാനായി തിരഞ്ഞെടുക്കുന്നത്.

15 മുതല്‍ 20 സെന്റീമീറ്റര്‍ താഴ്ചയില്‍ കൃഷി ചെയ്യാനുപയോഗിക്കുന്ന ഭാഗം നന്നായി കിളയ്ക്കണം. 45 സെ.മീ നീളവും വീതിയും താഴ്ചയുമുള്ള കുഴികളാണ് വേണ്ടത്.

ഏകദേശം മുക്കാല്‍ഭാഗത്തോളം മേല്‍മണ്ണും കാലവളവും ചേര്‍ക്കണം. കാച്ചിലിന്റെ കഷണങ്ങള്‍ മുറിച്ചെടുത്തത് കൂനകളില്‍ 90 x 90 സെ.മീറ്റര്‍ അകലത്തില്‍ നടണം.

കാച്ചില്‍ ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് നടുമ്പോള്‍ 3000 മുതല്‍ 3700 കി.ഗ്രാം വിത്ത് ആവശ്യമാണ്.

ഇടവിളയായി കാച്ചില്‍ കൃഷി ചെയ്യാം

കവുങ്ങ്, വാഴ, റബ്ബര്‍,കാപ്പി എന്നീ വിളകള്‍ക്കൊപ്പം ഇടവിളയായി കാച്ചില്‍ കൃഷി ചെയ്യാം. ശ്രീകല, ശ്രീകീര്‍ത്തി,ശ്രീപ്രിയ എന്നിവയാണ് സാധാരണ കൃഷി ചെയ്യുന്ന കാച്ചിലിന്റെ ഇനങ്ങള്‍.

രണ്ടുവരിയിലുള്ള നേന്ത്രവാഴത്തോട്ടത്തില്‍ മൂന്ന് വരിയിലായി കാച്ചില്‍ നടാം. ഒരു ഹെക്ടര്‍ വാഴത്തോപ്പില്‍ ഏകദേശം 8000 വരെ കാച്ചില്‍ കൃഷി ചെയ്യാം. റബ്ബറിനിടയിലാണെങ്കില്‍ ആദ്യത്തെ മൂന്നോ നാലോ വര്‍ഷം വരെ കാച്ചില്‍ ഇനങ്ങള്‍ ഇടവിളയായി കൃഷി ചെയ്യാം.  കാച്ചില്‍ വിളവെടുക്കാന്‍ ഏകദേശം എട്ടോ ഒന്‍പതോ മാസമെടുക്കും.

ചെറുകിഴങ്ങും കാച്ചിലിന് സമാനം

കാച്ചിലിന്റെ വര്‍ഗത്തില്‍പ്പെട്ട ഇനമാണ് ചെറുകിഴങ്ങ്. നടീല്‍രീതിയും വളപ്രയോഗവും കാച്ചിലിന് സമാനമാണ്.

75x75 സെ.മീറ്റര്‍ അകലത്തില്‍ തയ്യാറാക്കിയ കൂനകളില്‍ ചെറുകിഴങ്ങ് നടാവുന്നതാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 1800 മുതല്‍ 2700 കി.ഗ്രാം വരെ ചെറുകിഴങ്ങ് ആവശ്യമാണ്. ചെറുകിഴങ്ങ് നട്ടതിനുശേഷം പുതയിടണം.

പൊതുവേ കാച്ചില്‍ വര്‍ഗത്തില്‍പ്പെട്ട കിഴങ്ങുകളെ ശല്യപ്പെടുത്തുന്നത് ശര്‍ക്കരപ്രാണികളാണ്. ഏഴു മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മൂന്ന് മി.ല്ലി സോപ്പ് ലായനി ചേര്‍ത്ത് നടുന്നതിന് മുമ്പായി 10 മിനിറ്റ് വെള്ളത്തില്‍ മുക്കിവെച്ചാല്‍ ശര്‍ക്കരപ്രാണികളെ ഒരു പരിധിവരെ പ്രതിരോധിക്കാം.

മരച്ചീനിയിലെ വിവിധ ഇനങ്ങള്‍

മരച്ചീനി നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നന്നായി വളരും. മണ്ണ് കൂനകൂട്ടിയാണ് മരച്ചീനിയുടെ തണ്ടുകള്‍ നടുന്നത്. ഒമ്പതോ പത്തോ മാസമാകുമ്പോള്‍ മരച്ചീനി വിളവെടുക്കാം.

തിരുവനന്തപുരത്തുള്ള കേന്ദ്രകിഴങ്ങു ഗവേഷണ കേന്ദം നിരവധി മരച്ചീനിയിനങ്ങളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എച്ച്-97, എച്ച്-165 എന്നിവ മരച്ചീനിയിലെ പ്രധാനയിനങ്ങളാണ്. എച്ച്-226 മറ്റൊരു ഇനമാണ്. ഇതില്‍ നിന്ന് ഒരു ഹെക്ടറില്‍ നിന്ന് 35 ടണ്‍ വിളവ് ലഭിക്കും.

ശ്രീവിശാഖം എന്ന ഇനത്തില്‍ വിറ്റാമിന്‍ എ കൂടുതലുണ്ട്. വിളവുണ്ടാകാനുള്ള കാലദൈര്‍ഘ്യം പത്ത് മാസമാണ്. മൊസേക്ക് രോഗത്തിനെ പ്രതിരോധിക്കുന്ന ഇനമാണ് ശ്രീസഹ്യ. ഒരു ഹെക്ടറില്‍ നിന്ന് 40 ടണ്‍ വിളവ് കിട്ടും.

ശ്രീപകാശ് എന്നയിനം മരച്ചീനി വരള്‍ച്ചയ്ക്കെതിരെ നല്ല പ്രതിരോധശേഷിയുള്ളയിനമാണ്.ഇലപ്പുള്ളി രോഗത്തിനെയും പ്രതിരോധിക്കാന്‍ കഴിവുണ്ട്. ശ്രീജയ,ശ്രീവിജയ, ശ്രീരേഖ,കല്പക എന്നിവയും മരച്ചീനിയിലെ വിവിധ ഇനങ്ങളാണ്.

മരച്ചീനിയുടെ കൃഷിരീതി

തണ്ടുകള്‍ മുറിച്ച് നട്ടാണ് മരച്ചീനി കൃഷി ചെയ്യുന്നത്. തണ്ടിന്റെ ചുവട്ടില്‍ നിന്ന് 15 സെ.മീ ഉയരത്തിലും മുകള്‍ഭാഗത്ത് നിന്ന് 30 സെ.മീ താഴ്ത്തിയുമാണ് കൊമ്പ് മുറിച്ചെടുക്കേണ്ടത്. ഇതിനിടയിലുള്ള കൊമ്പിന്റെ ഭാഗമാണ് ഏകദേശം 20 സെ.മീ നീളത്തില്‍ മുറിച്ചെടുത്ത് കഷണങ്ങളാക്കുന്നത്.

കമ്പ് നടുന്നതിന് മുമ്പായി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനി തളിക്കാം. അടിവളമായി ചാണകപ്പൊടി ചേര്‍ക്കുമ്പോള്‍ 100 ഗ്രാം വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കാം. സാധാരണയായി ഏപ്രില്‍-മെയ് മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് കപ്പ കൃഷി ചെയ്യുന്നത്. വരികള്‍ തമ്മിലും കമ്പുകള്‍ തമ്മിലും കുറഞ്ഞത് 90 സെ.മീ വരെ അകലം ആവശ്യമാണ്. കമ്പുകള്‍ നട്ടാല്‍ 10 മുതല്‍ 12 ദിവസം കൊണ്ട് കിളിര്‍ത്ത് വരും.

മരച്ചീനിക്ക് ഇടവിളയായി നടുന്നത് പയറും ഉഴുന്നും തുവരയുമാണ്. കുറ്റപ്പയര്‍ നടുന്നതാണ് നല്ലത്. പയര്‍വര്‍ഗവിളകള്‍ നടുമ്പോള്‍ മണ്ണില്‍ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാനും കഴിയും. മരച്ചീനി സാധാരണ പൂര്‍ണവളര്‍ച്ചയെത്താന്‍ 9 മുതല്‍ 10 മാസ വരെ ആവശ്യമാണ്. ചിലയിനങ്ങള്‍ ഏഴോ എട്ടോ മാസങ്ങള്‍ കൊണ്ട് വിളവെടുക്കാം.

click me!