ജനിതക മാറ്റം വരുത്തിയ വിളകള്‍ കര്‍ഷകര്‍ക്ക് ലാഭമോ നഷ്ടമോ?

By Web TeamFirst Published Jan 7, 2020, 8:26 PM IST
Highlights

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അനുയോജ്യമായ മാറ്റങ്ങള്‍ ജനിതകഘടനയില്‍ വരുത്താന്‍ കഴിയും.

കാര്‍ഷിക രംഗത്തെ ചില അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ക്ക് കഴിയുമെന്ന് ശാസ്ത്രലോകം കരുതുന്നു. അതുകൊണ്ട് ഇത്തരം സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ശാസ്ത്രീയവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പരിശോധന കാര്‍ഷിക മേഖലയില്‍ ആവശ്യമാണ്. ഭക്ഷ്യവിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അത്യാവശ്യമാണ്. ജനിതകപരമായി മാറ്റം വരുത്തിയ വിളകള്‍ അഥവാ ട്രാന്‍സ്ജെനിക് വിളകളാണ് ഭക്ഷ്യവിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പോംവഴി. റീകോമ്പിനന്റ് ഡി.എന്‍.എ ടെക്നോളജി എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അനുയോജ്യമായ മാറ്റങ്ങള്‍ ജനിതകഘടനയില്‍ വരുത്താന്‍ കഴിയും.

ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധ ശേഷിയുള്ള പുകയില ആയിരുന്നു ലോകത്തില്‍ ആദ്യമായി വികസിപ്പിച്ച ജനിതക മാറ്റം വരുത്തിയ ചെടി. 1983 ലായിരുന്നു ഇത്.

1994ല്‍ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ തക്കാളി യു.എസില്‍ വിപണനത്തിനായി അംഗീകാരം നല്‍കി. ഫ്ളേവര്‍ സേവര്‍ എന്നായിരുന്നു തക്കാളിയുടെ പേര്. അതിനുശേഷം നിരവധി ജനിതകമാറ്റം വരുത്തിയ വിളകള്‍ വികസിപ്പിക്കുകയുണ്ടായി.

ഗ്ളൈഫോസേറ്റ് എന്ന കളനാശിനി പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും തന്നെ വലിയ ദോഷം ചെയ്യുന്നതാണ്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന സോയാബീന്‍ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചിട്ടുണ്ട്.

അതുപോലെ ജനിതകമാറ്റം വരുത്തിയ കീടങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള പരുത്തിച്ചെടിയും ചോളവും വികസിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം പല രാജ്യങ്ങളിലും വിപണിയില്‍ ലഭ്യമാക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

ഓരോ വര്‍ഷം കഴിയുന്തോറും ജനിതക മാറ്റം വരുത്തിയ വിളകളുടെ ഉത്പാദനം കൂടി വരികയാണ്. 2014 ആയപ്പോഴേക്കും 181.5 മില്യണ്‍ ഹെക്ടര്‍ സ്ഥലത്ത് ജനിതക മാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്ന രീതിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.

28 രാജ്യങ്ങളില്‍ നിന്നായി 18 മില്യണ്‍ കര്‍ഷകര്‍ ഇത്തരം വിളകളുടെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ 2002 ലാണ് ബി.ടി കോട്ടണ്‍ പ്രചാരത്തില്‍ വരുന്നത്. പരുത്തിച്ചെടിയെ ദോഷകരമായി ബാധിക്കുന്ന ബോള്‍വേം എന്ന പുഴുവിനെ തുരത്താന്‍ ശേഷിയുള്ള ബാക്റ്റീരിയയാണ് ബാസിലസ് തുരിന്‍ജിനെസിസ്. ഈ പുഴുക്കള്‍ ബി.ടി കോട്ടണ്‍ ചെടിയുടെ ഇല ഭക്ഷണമാക്കുമ്പോള്‍ പ്രോടോക്സിന്‍ ആയ ബാസിലസ് തുരിന്‍ജെനിസിസ് പുഴുവിന്റെ കുടലിലെ എപ്പിത്തീലിയല്‍ സെല്ലില്‍ പ്രവേശിച്ച് ദ്വാരങ്ങളുണ്ടാക്കുന്നു. എന്നിട്ട് പുഴുക്കളെ കൊല്ലുന്നു.

ബി.ടി കോട്ടണ്‍ ഉപയോഗിച്ചതോടെ രാസകീടനാശിനിയുടെ ഉപയോഗം കുറഞ്ഞുവന്നു. അതുവഴി പരിസ്ഥിതിയില്‍ കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ കാരണമുണ്ടാകുന്ന പ്രത്യാഘാതവും ഇല്ലാതായി. കര്‍ഷകര്‍ക്ക് കീടനാശിനി വാങ്ങാന്‍ ഉപയോഗിക്കുന്ന പണവും നഷ്ടമാകാതായി.

12 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പരുത്തിച്ചെടി ഉത്പാദിപ്പിക്കുന്ന 90 ശതമാനം കൃഷിഭൂമിയിലും ഈ ജനിതകമാറ്റം വരുത്തിയ വിള കൃഷി ചെയ്ത് തുടങ്ങി.  2002 ന് മുമ്പ് ഇന്ത്യയില്‍ പരുത്തി ഇറക്കുമതി ചെയ്യുന്ന അവസ്ഥയായിരുന്നെങ്കില്‍ ബി.ടി കോട്ടണ്‍ കൃഷി ചെയ്യാന്‍ തുടങ്ങിയ ശേഷം ഇന്ത്യ പരുത്തി കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി.

വഴുതിന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളിലൊന്നാണ്. വഴുതിനയുടെ കായയെ ആക്രമിക്കുന്ന ലൂസിനോഡെഡ് ഒര്‍ബോണാലിസ് എന്ന പ്രാണിയുടെ ലാര്‍വ കാരണം ഭക്ഷ്യയോഗ്യമായ കായകള്‍ കൃഷിക്കാര്‍ക്ക് കിട്ടാത്ത അവസ്ഥയായിരുന്നു. ഒരു ചെറിയ ലാര്‍വ തന്നെ നാലോ ആറോ വഴുതിനയെ ആക്രമിച്ച് നശിപ്പിക്കുമായിരുന്നു. അങ്ങനെ മൊത്തം കൃഷിയും നശിച്ചുപോകുന്ന അവസ്ഥ കര്‍ഷകര്‍ക്ക് മുന്നിലുണ്ടായിരുന്നു.

വഴുതിനയുടെ കീടങ്ങളെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ വന്‍തോതില്‍ കീടനാശിനികള്‍ ഉപയോഗിക്കുകയും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയുെം ചെയ്തു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള മഹീകോ എന്ന കമ്പനിയാണ് ബി.ടി വഴുതിന വികസിപ്പിച്ചത്. 2009 ലാണ് ഇന്ത്യയില്‍ ബി.ടി വഴുതിന വിപണിയില്‍ വിറ്റഴിക്കാനുള്ള അനുമതി ലഭിച്ചത്. നിരവധി പ്രതിഷേധങ്ങള്‍ ബി.ടി വഴുതിനയ്ക്കെതിരെ കര്‍ഷകരില്‍ നിന്നും ശാസ്ത്രജ്ഞരില്‍ നിന്നും ഉയര്‍ന്നു വന്നു. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബംഗ്ളാദേശില്‍ ബി.ടി വഴുതന വ്യാപകമായി കൃഷി ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബി.ടി കോട്ടണ്‍ കര്‍ഷകര്‍ക്ക് ലാഭമോ നഷ്ടമോ?

ജനിതക മാറ്റം വരുത്തിയ വിളകള്‍ കര്‍ഷകര്‍ക്ക് ലാഭമോ നഷ്ടമോ ഉണ്ടാക്കുന്നതെന്നതിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബി.ടി കോട്ടണ്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയ ജോനാസ് കാത്തേജും മാറ്റിന്‍ ക്വെയ്മും കണ്ടെത്തിയത് കര്‍ഷകര്‍ക്ക് 50 ശതമാനത്തോളം ലാഭമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ്.

533 ചെറുകിട കര്‍ഷകരിലാണ് ഇവര്‍ പഠനം നടത്തിയത്. മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും ആന്ധ്രലെയും തമിഴ്നാട്ടിലെയും പരുത്തിക്കൃഷി ചെയ്യുന്ന മൂന്നോ നാലോ ഏക്കര്‍ ഭൂമിയുള്ള കര്‍ഷകരാണ് ഇവര്‍. അവരുടെ ഉത്പാദനം 24 ശതമാനം കൂടുകയാണുണ്ടായത്.

ബി.ടി കോട്ടണ്‍ വിത്തുകള്‍ക്ക് വില കൂടുതലാണെങ്കിലും അത് ഉപയോഗിച്ച് കൃഷി ചെയ്താല്‍ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

 

click me!