
എഐ മനുഷ്യരുടെ ജീവിതം കൂടുതൽ എളുപ്പമാക്കാറുണ്ട് ചിലപ്പോഴൊക്കെ. അതുപോലെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതവും മൂന്ന് കുട്ടികളുടെ അമ്മയെന്ന ഉത്തരവാദിത്തവും ഒരുപോലെ കൊണ്ടുപോകാൻ എഐ തന്നെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി ന്യൂയോർക്ക് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക സ്ഥാപനമായ ആൻഡേലയുടെ സി.ഇ.ഒ കരോൾ ചാങ്. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിലാണ് ദിവസേനെയുള്ള കുടുംബകാര്യങ്ങൾ നോക്കാൻ താൻ എഐ ഏജന്റുകളെ ഉപയോഗിക്കുന്നതായി അവർ വ്യക്തമാക്കിയത്.
രണ്ടാമത്തെ കുട്ടി പിറന്നതിനുശേഷമുള്ള ജീവിതം വലിയ വെല്ലുവിളിയായിരുന്നുവെന്ന് കരോൾ പറയുന്നു. 'രണ്ടാമത്തെ കുട്ടിയുടെ ആദ്യ വർഷം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ, പിന്നീട് ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടം കൂടിയായി അത്. അതെന്നെ ഏതാണ്ട് തകർത്തു കളഞ്ഞു. കുട്ടികളുടെ സ്കൂൾ ഷെഡ്യൂളുകൾ, അടിയന്തര സാഹചര്യങ്ങൾ, കുടുംബത്തിന്റെ യാത്രകൾ എന്നിവയെല്ലാം ഒരേസമയം കൈകാര്യം ചെയ്യുന്നത് വലിയ മാനസിക സമ്മർദ്ദത്തിന് കാരണമായി'.
എഐയുടെ തന്നെ സഹായത്തോടെയാണ് കരോൾ ഈ ഏജന്റുകളെ നിർമ്മിച്ചെടുത്തത്. നിലവിൽ ഒരു എഐ ഏജന്റ് കുട്ടികളുടെ സ്പോർട്സ് ഷെഡ്യൂളുകളാണ് കൈകാര്യം ചെയ്യുന്നത്. ന്യൂയോർക്ക് നഗരത്തിലെ യാത്രാസമയങ്ങൾ കൃത്യമായി കണക്കാക്കി അത് സ്വയമേവ കലണ്ടറിൽ അപൊയിന്റ്മെന്റുകൾ ചേർക്കുന്നു.
മറ്റൊരു ഏജന്റ് സ്കൂളിൽ നിന്നുള്ള ഇമെയിലുകൾ നിരീക്ഷിക്കുകയും പ്രധാനപ്പെട്ട അറിയിപ്പുകൾ തിരിച്ചറിഞ്ഞ് ഫാമിലി കലണ്ടർ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. അധ്യാപകരുടെ നേരിട്ടുള്ള സന്ദേശങ്ങൾ വേഗത്തിൽ കണ്ടെത്താനും ഇത് സഹായിക്കുന്നു.
കരോളും ഭർത്താവും ഭക്ഷണകാര്യങ്ങളിലെ അലർജികളും മറ്റ് പ്രത്യേകതകളും കണക്കിലെടുത്ത് ഏകദേശം 15 തരം ഭക്ഷണങ്ങളുടെ ഒരുക്കങ്ങളായിരുന്നു മുൻപ് ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ എഐ ഏജന്റ് ഈ നിയന്ത്രണങ്ങൾക്കനുസരിച്ച് പുതിയ ഭക്ഷണരീതികൾ നിർദ്ദേശിക്കുകയും ഷോപ്പിംഗ് ലിസ്റ്റുകൾ തയ്യാറാക്കി നൽകുകയും ചെയ്യുന്നു. ഇതോടെ നിരന്തരം ആലോചിച്ചു സമയം കളയേണ്ട ആവശ്യം വരുന്നില്ല.
എങ്കിലും എഐ പൂർണ്ണമായും കുറ്റമറ്റതല്ലെന്നും, തെറ്റുകൾ വരാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ അവ പരിശോധിക്കേണ്ടതുണ്ടെന്നും കരോൾ ഓർമ്മിപ്പിക്കുന്നു. ഏജന്റുകളുടെ ജോലികൾ പരിശോധിക്കുന്ന സമയം ഉൾപ്പടെ, ആഴ്ചയിലെ വീട്ടുജോലികളുടെ സമയം അഞ്ച് മുതൽ എട്ട് മണിക്കൂറിൽ നിന്ന് വെറും രണ്ട് മണിക്കൂറായി കുറയ്ക്കാൻ കഴിഞ്ഞതായാണ് അവരുടെ വിലയിരുത്തൽ.
ഇതിലൂടെ തനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം കൂടുതൽ നല്ല ഉറക്കവും കുറഞ്ഞ മാനസിക സമ്മർദ്ദവുമാണെന്നും, കുട്ടികളുമൊത്ത് കൂടുതൽ സന്തോഷത്തോടെ സമയം ചെലവഴിക്കാൻ കഴിയുന്നുണ്ടെന്നും കരോൾ കൂട്ടിച്ചേർത്തു.