
രാഷ്ട്രീയക്കാരില്ല, പ്രകടനപത്രികകളില്ല, ചൂടേറിയ ടെലിവിഷൻ ചർച്ചകളുമില്ല. പക്ഷേ, തെരഞ്ഞെടുപ്പിന്റെ ആവേശത്തിന് ഒട്ടും കുറവില്ല. സ്ഥാനാർഥികൾക്ക് നാല് കാലുകളുണ്ട്, വാലുണ്ട്, ഒപ്പം അൽപ്പം തടിയും! ബെംഗളൂരു നഗരം ഇപ്പോൾ കാത്തിരിക്കുന്നത് ഒരു അപൂർവ തെരഞ്ഞെടുപ്പിന്റെ ഫലത്തിനാണ്. നഗരത്തിലെ ഏറ്റവും തടിയൻ നായയെ കണ്ടെത്താനുള്ള മത്സരം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. കിരീടം ചൂടാൻ ഇനി രണ്ട് പേരാണ് ശേഷിക്കുന്നത്.
‘ഫാറ്റ് ഡോഗ്സ് ഓഫ് ബിഎൽആർ’ എന്ന പേരിൽ ഒക്ടോബർ ഒന്നിന് ആരംഭിച്ച മത്സരത്തിൽ 64 നായകളാണ് പങ്കെടുത്തത്. പല ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിലൂടെ മത്സരാർഥികളുടെ എണ്ണം രണ്ടായി ചുരുങ്ങി. നോക്കൗട്ട് രീതിയിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിലും ആരാധകർക്ക് തങ്ങളുടെ ഇഷ്ടനായയ്ക്ക് വോട്ട് ചെയ്യാം. പ്രചാരണ പോസ്റ്ററുകളും പിന്തുണക്കാരുടെ ആവേശവും വോട്ടഭ്യർഥനകളുമെല്ലാം മത്സരത്തിന് തെരഞ്ഞെടുപ്പിന്റെ പ്രതീതി നൽകുന്നു. എന്നാൽ, തങ്ങൾക്കുവേണ്ടി ഇത്ര വലിയ പ്രചാരണം നടക്കുന്ന കാര്യം മത്സരാർഥികളായ നായകൾ അറിയാൻ സാധ്യതയില്ലെന്നുമാത്രം!
ഇന്ത്യയിൽ ഇത്തരമൊരു കൗതുകകരമായ നായമത്സരം നടക്കുന്നത് ഇതാദ്യമല്ല. നേരത്തെ, ദില്ലിയിലും സമാനമായ ‘ഫാറ്റ് ഡോഗ്സ് ഓഫ് ദില്ലി’ മത്സരം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ദേശീയ തലസ്ഥാന മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 64 നായകളാണ് അന്നും മത്സരത്തിൽ പങ്കെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ ഇഷ്ടനായകൾക്കായി പ്രചാരണം നടത്തിയ നാട്ടുകാർ, സമീപപ്രദേശങ്ങളിൽ അറിയപ്പെട്ടിരുന്ന നായകളെ സമൂഹ മാധ്യമങ്ങളിലെ താരങ്ങളാക്കി മാറ്റി. ദില്ലിയിലെ മത്സരാർഥികളിൽ ശ്രദ്ധേയനായിരുന്നു സാകേത് സ്വദേശിയായ ഗൂഗൂ (Googoo). 46 കിലോഗ്രാം ഭാരമുള്ള ഈ സങ്കരയിനം നായ ശരീരഭാരം കുറയ്ക്കാനുള്ള പരിശീലനത്തിലുമായിരുന്നു. യൂസഫ് സരായിൽ നിന്നുള്ള രാംബാബു എന്ന ചോങ്കിയും മത്സരത്തിൽ ശ്രദ്ധ നേടി.
അലാസ്കയിൽ വർഷംതോറും സംഘടിപ്പിക്കുന്ന ‘ഫാറ്റ് ബിയർ വീക്ക്’ മത്സരത്തിൽനിന്നാണ് ദില്ലിയിലെ നായമത്സരത്തിന് പ്രചോദനം ലഭിച്ചത്. ബെംഗളൂരുവിലെ മത്സരത്തിന് മൃഗസംരക്ഷണ സംഘടനയായ ചാർലീസ് ആനിമൽ റെസ്ക്യൂ സെന്റർ (C.A.R.E.), യുപിഐ പേയ്മെന്റ് ആപ്പായ ഫേവ് (Fave), നിർമിതബുദ്ധിയുടെ സഹായത്തോടെ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുന്ന എമർജന്റ് (Emergent) എന്നിവരാണ് കൈകോർത്തിരിക്കുന്നത്. മത്സരത്തിനായുള്ള വെബ്സൈറ്റ് തയ്യാറാക്കാൻ എമർജന്റിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. നായകളോടുള്ള സ്നേഹത്തിലൂടെ ജനങ്ങളെ ഒരുമിപ്പിക്കുകയും സമൂഹത്തിൽ കൂട്ടായ്മ വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറയുന്നു.