​ഗിറ്റാറിനെ യാത്രക്കാരനായി തെറ്റിദ്ധരിച്ച് എഐ ക്യാമറ, യുവാവിന് പിഴ ചുമത്തി

Published : Sep 27, 2026, 04:14 PM IST
Viral post

Synopsis

പുറത്ത് കിടന്ന ഗിറ്റാറിന്റെ രൂപം ക്യാമറയ്ക്ക് മുന്നിൽ രണ്ടാമതൊരു യാത്രക്കാരനായി മാറിയതാകാമെന്നാണ് സൗവികിന്റെ അനുമാനം.

ബൈക്കിലുണ്ടായിരുന്ന ഗിറ്റാറിനെ ഹെൽമെറ്റില്ലാത്ത മനുഷ്യനായി തെറ്റിദ്ധരിച്ച് പിഴ ചുമത്തിയതായി യുവാവ്. ബെംഗളൂരു സ്വദേശിയായ സൗവിക് ദത്ത എന്ന യുവാവാണ് എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്റെ പിഴവിനെതിരെ എക്സി (ട്വിറ്റർ) ൽ പോസ്റ്റിട്ടിരിക്കുന്നത്. ഭാര്യയുടെ പേരിലുള്ളതാണ് സൗവിക് ദത്ത ഓടിച്ചിരുന്ന വാഹനം. ബൈക്ക് ഓടിക്കുമ്പോൾ സൗവികിന്റെ പുറകിൽ ഒരു ഗിറ്റാറുമുണ്ടായിരുന്നു. അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. എന്നാൽ, ഹെൽമെറ്റ് ധരിക്കാത്ത സഹയാത്രികനൊപ്പം യാത്ര ചെയ്തു എന്നാരോപിച്ച് സൗവിക്കിന്റെ ഭാര്യയുടെ ഫോണിലേക്ക് ട്രാഫിക് ചലാൻ (നോട്ടീസ് നമ്പർ: 86202541) എത്തുകയായിരുന്നു.

പുറത്ത് കിടന്ന ഗിറ്റാറിന്റെ രൂപം ക്യാമറയ്ക്ക് മുന്നിൽ രണ്ടാമതൊരു യാത്രക്കാരനായി മാറിയതാകാമെന്നാണ് സൗവികിന്റെ അനുമാനം. എഐ ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളുടെ കൃത്യതയില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് സൗവിക് പിഴ റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനുമുമ്പും സമാനമായ രീതിയിൽ ട്രാഫിക് ക്യാമറകൾ അബദ്ധങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തു. തെറ്റായ നമ്പറുകൾ രേഖപ്പെടുത്തുന്നതും മറ്റൊരു പ്രധാന പ്രശ്നമാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. എന്നാൽ, തെളിവായി നൽകിയ ചിത്രത്തിൽ വ്യക്തതയില്ലെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനങ്ങളിലെ പോരായ്മകളും ഇത്തരം പിഴവുകൾ ചോദ്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകളുമാണ് പലരും പോസ്റ്റിന് താഴെ ചർച്ച ചെയ്യുന്നത്.

PREV
Read more Articles on
click me!

Recommended Stories

‘ബിട്ടുവിനെ ഒറ്റയ്ക്ക് വിടില്ല’; തടാകങ്ങൾ വൃത്തിയാക്കി വൈറലായ ബിട്ടുവിന് ബെംഗളൂരു സംരംഭകന്‍റെ വമ്പൻ പിന്തുണ, ധനസഹായം
'മെട്രോ നഗരങ്ങളിലെ വീടിന്‍റെ വില കേട്ടാൽ കിളിപോകും'; 1.8 ലക്ഷം ശമ്പളമുള്ള 25 -കാരന്‍റെ കുറിപ്പ് വൈറൽ