ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലില്ലായ്മ കൂട്ടില്ലേ? ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്കിന്റെ മുന്നറിയിപ്പ്

Published : Mar 19, 2026, 06:14 PM IST
Gen Z

Synopsis

ബിരുദ സർട്ടിഫിക്കറ്റുമായി സ്വപ്നങ്ങളുടെ വലിയ ലോകത്തേക്ക് പടിയിറങ്ങുന്ന ലക്ഷക്കണക്കിന് യുവാക്കളെ കാത്തിരിക്കുന്നത് ശുഭകരമായ വാർത്തകളല്ല. ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് റോക്കിന്റെ സിഇഒ ലാറി ഫിങ്ക് നൽകുന്ന പുതിയ മുന്നറിയിപ്പ് ജെൻ സി തലമുറയെ കടുത്ത ആശങ്കയിലാഴ്ത്തുന്നതാണ്. 

ആധുനിക ലോകം ആവേശത്തോടെ സ്വീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരാനിരിക്കുന്ന തലമുറയുടെ തൊഴിൽ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുമോ? ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കിന്റെ സിഇഒ ലാറി ഫിങ്ക് നൽകുന്ന മുന്നറിയിപ്പ് അത്തരമൊരു ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2026-ൽ നടന്ന ബ്ലാക്ക് റോക്കിന്റെ ഇൻഫ്രാസ്ട്രക്ചർ സമ്മിറ്റിലാണ്, ഈ വർഷം കോളേജ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ജെൻ സി ബിരുദധാരികൾക്ക് എഐ മൂലം വലിയ തൊഴിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

എൻട്രി ലെവൽ ജോലികൾ അപ്രത്യക്ഷമാകുന്നു

പരമ്പരാഗതമായി ഒരു ബിരുദധാരി കോർപ്പറേറ്റ് ലോകത്തേക്ക് പ്രവേശിക്കുന്നത് 'എൻട്രി ലെവൽ' ജോലികളിലൂടെയാണ്. എന്നാൽ ഇത്തരം തുടക്കക്കാരുടെ ജോലികൾ എഐ ടൂളുകൾ ഏറ്റെടുക്കുന്നതോടെ, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തുമെന്ന് ലാറി ഫിങ്ക് നിരീക്ഷിക്കുന്നു. 'ഈ വർഷം ബിരുദം കഴിഞ്ഞിറങ്ങുന്നവർ നേരിടാൻ പോകുന്നത് കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായിരിക്കും. ഒരു സാമ്പത്തിക മാന്ദ്യം ഇല്ലെങ്കിൽ പോലും ഈ അവസ്ഥ വരാം,' ഫിങ്ക് പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വൈറ്റ് കോളർ ജോലികളിലേക്കുള്ള പ്രധാന വഴി നാല് വർഷത്തെ കോളേജ് വിദ്യാഭ്യാസമായിരുന്നു. എന്നാൽ എഐ ഈ പാതയെ പൂർണ്ണമായും തകിടം മറിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യ മാറുന്ന വേഗതയ്‌ക്കൊപ്പം മാറാൻ നമ്മുടെ സമൂഹത്തിന് സാധിക്കുന്നില്ല എന്നത് ഒരു വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ വിപണിയിലെ മാറ്റങ്ങൾ

കോളേജ് വിദ്യാഭ്യാസം എന്നത് വിജയത്തിലേക്കുള്ള പല വഴികളിൽ ഒന്ന് മാത്രമായി മാറിക്കഴിഞ്ഞു എന്നാണ് ലാറി ഫിങ്കിന്റെ പക്ഷം. എല്ലാവർക്കും നാല് വർഷത്തെ ബിരുദം എന്നത് ഇനി പ്രായോഗികമായ പാതയാകില്ല. പകരം, ഓരോരുത്തരും തങ്ങളുടെ താല്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ചുള്ള നൈപുണ്യങ്ങൾ വികസിപ്പിക്കണം. എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അവ ഏറ്റെടുക്കാൻ ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇന്ന് വിപണിയിലില്ല. ഇതൊരു വലിയ സാമൂഹിക പ്രതിസന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈറ്റ് കോളർ ജോലികൾക്ക് ഭീഷണി

ലാറി ഫിങ്ക് മാത്രമല്ല ഈ ആശങ്ക പങ്കുവെക്കുന്നത്. പ്രമുഖ എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ സിഇഒ ഡാരിയോ അമോഡേയ് കഴിഞ്ഞ വർഷം നടത്തിയ പ്രസ്താവനയും ഇതിനോട് ചേർത്തു പറയേണ്ടതാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പകുതിയോളം എൻട്രി ലെവൽ വൈറ്റ് കോളർ ജോലികളും എഐ ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. പ്രത്യേകിച്ച് നിയമ സ്ഥാപനങ്ങൾ, കൺസൾട്ടിംഗ്, അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നി മേഖലകളിലെ ആവർത്തന സ്വഭാവമുള്ള ജോലികൾ എഐ വളരെ വേഗത്തിൽ ഏറ്റെടുക്കും. ഉദാഹരണത്തിന്, ലോ ഫേമുകളിലെ ജൂനിയർ അസോസിയേറ്റ്സ് ചെയ്യുന്ന ഡോക്യുമെന്റ് റിവ്യൂ പോലുള്ള ജോലികൾ എഐയ്ക്ക് വളരെ കൃത്യമായി ചെയ്യാൻ സാധിക്കും. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും മനുഷ്യർക്ക് പകരം എഐയെ ആശ്രയിക്കാൻ തുടങ്ങുന്നത് വരും വർഷങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

'എഐയുടെ പിതാവ്' പറയുന്നത്

'എഐയുടെ ഗോഡ്ഫാദർ' എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എഐയുടെ വളർച്ച കമ്പനികളുടെ ലാഭം വർദ്ധിപ്പിക്കുമെങ്കിലും, അത് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാൻ കാരണമാകുമെന്നും തൊഴിലില്ലായ്മ ഭയാനകമായ തലത്തിലേക്ക് ഉയരാമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

നൈപുണ്യമുള്ള ജോലികൾക്കായി എഐ വഴി തുറക്കുന്നുണ്ടെങ്കിലും, കോളേജ് പഠനം മാത്രം ലക്ഷ്യം വെച്ചിറങ്ങുന്ന ജെൻ സി ബിരുദധാരികൾക്ക് മുന്നിൽ കോർപ്പറേറ്റ് ലോകത്തെ വാതിലുകൾ പകുതിയോളം അടഞ്ഞേക്കാം. സാങ്കേതിക വിദ്യയ്‌ക്കൊപ്പം വേഗത്തിൽ സ്വയം നവീകരിക്കുക എന്നത് മാത്രമാണ് ഈ 'എഐ പ്രതിസന്ധി' മറികടക്കാൻ ഉദ്യോഗാർത്ഥികൾക്ക് മുന്നിലുള്ള ഏക വഴി.

PREV
Read more Articles on
click me!

Recommended Stories

വെടിവയ്പ്പ്, തീവയ്പ്പ്, പിടിച്ചുപറി; കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ള രണ്ട് ഇന്ത്യക്കാരെ കാനഡ നാടുകടത്തി
ഏപ്രിൽ 1 മുതൽ മുട്ടകളിലും 'എക്സ്പിയറി ഡേറ്റ്' രേഖപ്പെടുത്തണം; യുപിയിൽ പുതിയ ഭക്ഷ്യസുരക്ഷാ നിയമം