തനിയെ മുടി കഴുകി ഉണക്കി സെറ്റ് ചെയ്യാൻ രണ്ട് മണിക്കൂറോളം വേണ്ടിവരും. എന്നാൽ, സലൂണിൽ ഇത് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം കൊണ്ട് തീരും.

സമയമാണ് മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് എന്ന് പറയാറുണ്ട്. നേരത്തെ മണിക്കൂറുകളോളം അടുക്കളകളിൽ ഹോമിച്ചിരുന്നവർ പലരും ഇന്ന് കാശുണ്ടെങ്കിൽ ജോലിക്ക് ആളെ വയ്ക്കുകയും ആ സമയം അവരവർക്ക് വേണ്ടി ഉപയോ​ഗിക്കുകയും ചെയ്യാറുണ്ട്. അതുപോലെ, ലോസ് ഏഞ്ചൽസിലെ അറ്റോർണിയും ബിസിനസ് എക്സിക്യൂട്ടീവുമായ 30 -കാരി മാഡി ജോൺസൺ തന്റെ തിരക്കുപിടിച്ച ജീവിതത്തിൽ സമയം ലാഭിക്കാൻ വേണ്ടി ഒരു പുതിയ വഴി കണ്ടെത്തിയിരിക്കയാണ്. ആഴ്ചയിൽ മണിക്കൂറുകൾ ലാഭിക്കാൻ വേണ്ടി സലൂണിൽ പോയി മുടി സ്റ്റൈൽ ചെയ്യിക്കാൻ (ബ്ലോഔട്ട്) ഇവർ മാസം 300 ഡോളറിലധികമാണ് (ഏകദേശം 28,000 രൂപയോളം) ചെലവഴിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ ജന്മദിനത്തോടനുബന്ധിച്ച് ചെയ്ത ഒരു ഹെയർ സ്റ്റൈലിംഗിൽ നിന്നാണ് ഈ ശീലത്തിന്റെ തുടക്കം. ജോലിയിലെ പ്രൊമോഷനെ തുടർന്ന് ജോലിഭാരം കൂടിയതും, ഇതിനിടയിൽ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ, ഫിറ്റ്നസ്, വീട്ടുജോലികൾ എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയപ്പോഴാണ് മാഡി ഈ തീരുമാനം എടുത്തത്.

തനിയെ മുടി കഴുകി ഉണക്കി സെറ്റ് ചെയ്യാൻ രണ്ട് മണിക്കൂറോളം വേണ്ടിവരും. എന്നാൽ, സലൂണിൽ ഇത് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം കൊണ്ട് തീരും. ഓരോ അഞ്ച് ദിവസത്തിലും ഒരിക്കൽ മാഡി സലൂണിൽ പോവും. ഈ സമയത്ത് ഇമെയിലുകൾക്ക് റിപ്ലൈ നൽകാനും വിഡിയോകൾ എഡിറ്റ് ചെയ്യാനും ജോലികൾ പ്ലാൻ ചെയ്യാനും അവർ സമയം കണ്ടെത്തും.

ആദ്യകാലത്ത് 99 ഡോളറായിരുന്നു പ്രതിമാസം ചെലവെങ്കിൽ, ഇപ്പോൾ സലൂൺ സന്ദർശിക്കുന്നത് കൂടിയതോടെ പാക്കേജ് മാറ്റി മാസത്തിൽ 565 ഡോളർ നൽകി 12 ബ്ലോഔട്ടുകൾ അടങ്ങുന്ന പാക്കേജാണ് ഇവർ ഉപയോഗിക്കുന്നത്. ഷവർ ക്യാപ് ധരിച്ചും ഡ്രൈ ഷാംപൂവും ഒക്കെ ഉപയോഗിച്ച് സ്റ്റൈൽ ചെയ്ത മുടി ഇവർ അങ്ങനെ തന്നെ നിർത്തുന്നു. ജോലിക്കിടയിൽ ആത്മവിശ്വാസവും ഉന്മേഷവും നൽകാനും സമയം ലാഭിക്കാനും ഇത്തിരി കാശ് ചെലവാക്കിയാലും കുഴപ്പമില്ല എന്നാണ് മാഡി ജോൺസൺ പറയുന്നത്.