Alibaba : മദ്യം കുടിപ്പിച്ച് മാനേജര്‍ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കി

Web Desk   | Asianet News
Published : Dec 13, 2021, 12:49 PM IST
Alibaba : മദ്യം കുടിപ്പിച്ച് മാനേജര്‍ ബലാല്‍സംഗം ചെയ്തുവെന്ന്  പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കി

Synopsis

രാവിലെ ഉണര്‍ന്നപ്പോള്‍ നഗ്‌നയായി മുറിയില്‍ കിടക്കുകയായിരുന്നു. ലൈംഗിക പീഡനം നടന്നതായി മനസ്സിലാക്കിയ ജീവനക്കാരി തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന മാനേജര്‍ പുലര്‍ച്ചെ പലവട്ടം മുറിയില്‍ വന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു

ലൈംഗിക പീഡനമോ (Sexual assault) പീഡനപരാതിയോ, ഏതാണ് വലിയ കുറ്റം?  പീഡനത്തെക്കുറിച്ച് പരാതിപ്പെടുന്നതാണ് കുറ്റമെന്നാണ് ചൈനയിലെ (China) പുതിയ കോര്‍പ്പറേറ്റ് കീഴ്‌വഴക്കം. ചൈനയിലെ ഈ കൊമേഴ്‌സ് ഭീമനായ അലിബാബയാണ് (Alibab( ഈ നിലപാട് സ്വീകരിച്ചത്. 

സഹപ്രവര്‍ത്തകനും ക്ലയന്റും ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ച ജീവനക്കാരിയെയാണ്  ചൈനീസ് കമ്പനി പുറത്താക്കിയത്. ലൈംഗിക പീഡന പരാതി നല്‍കിയ അലിബാബയിലെ ജീവനക്കാരിയെകഴിഞ്ഞ മാസമാണ്, കമ്പനിയുടെ മാനം കെടുത്തി എന്നാരോപിച്ച് പുറത്താക്കിയത്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  

ഒരു ക്ലയന്റിനെ കാണാനുള്ള ബിസിനസ് ടൂറിനിടെ, മുതിര്‍ന്ന പദവിയിലുള്ള മാനേജര്‍ തന്നെ  നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് ഹോട്ടല്‍മുറിയില്‍ ബലാല്‍സംഗം ചെയ്തു എന്നാണ് യുവതി പരാതിപ്പെട്ടത്. ക്ലയന്റും ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന്, കമ്പനി ഈ പരാതിയില്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ച്് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പരാതി പോസ്റ്റ് ചെയ്തു. 

ചൈനീസ് സോഷ്യല്‍ മീഡിയാ സൈറ്റായ വെയിബോയില്‍ ഇത് വലിയ കോളിളക്കം ഉണ്ടാക്കി. അലിബാബ കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ആരോപണവിധേയനായ ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു. അതിനിടെ, യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസ് കോടതിയിലെത്തി.  കേസില്‍,  നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുള്ള അപമര്യാദയായ പെരുമാറ്റം (forcible indecency) കുറ്റമല്ലെന്ന് കോടതി തീര്‍പ്പ് കല്‍പിച്ചു.  കേസില്‍നിന്നും ഇയാളെ കോടതി വെറുതെ വിടുകയും ചെയ്തു. ക്ലയന്റിനെതിരായ കേസില്‍ അന്വേഷണം ഇതുവരെ പുരോഗമിച്ചിട്ടില്ല. അതിനിടെയാണ്, പരാതിക്കാരിയെ കമ്പനി ജോലിയില്‍നിന്നും പുറത്താക്കിയത്. തന്റെ പരാതിയില്‍ കമ്പനി നടപടി എടുത്തില്ലെന്ന് പരസ്യമായി പറയുകയും കമ്പനിയുടെ യശസ്സിന് കേടുവരുത്തുകയും ചെയ്തു എന്നാരോപിച്ചാണ് നടപടി എന്നാണ് പിരിച്ചുവിടല്‍ നോട്ടീസില്‍ പറയുന്നത്. 


കിഴക്കന്‍ ചൈനയിലെ ജിനാന്‍ നഗരത്തിലേക്കുള്ള ഒരു ബിസിനസ് യാത്രയ്ക്കിടെ വനിതാ ജീവനക്കാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ആരോപണം ഉണ്ടായത്. ക്ലയന്റുമായുള്ള ചര്‍ച്ചയ്ക്കിടെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു. പിന്നീട്, ക്ലയന്റ് ലൈംഗികമായി സമീപിച്ചു. അത് നിരസിച്ച് ഹോട്ടല്‍ മുറിയില്‍ ചെന്നു കിടന്നു. രാവിലെ ഉണര്‍ന്നപ്പോള്‍ നഗ്‌നയായി മുറിയില്‍ കിടക്കുകയായിരുന്നു. ലൈംഗിക പീഡനം നടന്നതായി മനസ്സിലാക്കിയ ജീവനക്കാരി തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന മാനേജര്‍ പുലര്‍ച്ചെ പലവട്ടം മുറിയില്‍ വന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ പരാതിയാണ് ജീവനക്കാരി കമ്പനിയുടെ എച്ച് ആര്‍ വകുപ്പിന് നല്‍കിയത്. എന്നാല്‍, ഇതില്‍ നടപടി ഒന്നുമുണ്ടായില്ല. തുടര്‍ന്നാണ്, മാനേജറും, ക്ലയന്റും, തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് ആ വനിതാ ജീവനക്കാരി ആലിബാബയുടെ ഇന്‍ട്രാനെറ്റില്‍ 11 പേജുള്ള പരാതി പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പട്ടു. അതിനു പിന്നാലെയാണ് അലിബാബയുടെ ഷാങ്ഹായ് സിറ്റി റീടെയ്ല്‍ യൂണിറ്റിലെ മാനേജരായിരുന്ന വാങ് എന്ന കുടുംബപ്പേരുള്ള ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തതും കേസ് കോടതിയില്‍ എത്തിയതും.  

കേസിന്റെ തുടക്കം മുതല്‍ സംഭവം മൂടിവെക്കാനായിരുന്നു അലിബാബയുടെ ശ്രമം. ജീവനക്കാരിയുടെ പരാതിയില്‍ നടപടി എടുക്കാതെ മാസങ്ങള്‍ പിടിച്ചുവെച്ചു. പരാതി പുറത്തുവന്നതിനെ തുടര്‍ന്ന് ജീവനക്കാരനെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടത്തി. ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള യാത്രയില്‍ ക്ലയന്റുകള്‍ക്കും മുതിര്‍ന്ന മാനേജര്‍ക്കുമൊപ്പം മദ്യം കഴിക്കണമെന്നാണ് കമ്പനിയുടെ നയം. ഇതും വിമര്‍ശിക്കപ്പെട്ടപ്പോള്‍ ലൈംഗിക അതിക്രമങ്ങള്‍ ഒട്ടും തന്നെ വച്ച് പൊറുപ്പിക്കില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞ് ആലിബാബ കൈകഴുകി. നിര്‍ബന്ധിത മദ്യപാന സംസ്‌കാരം തങ്ങള്‍ക്കില്ലെന്നും അവര്‍ പ്രസ്താവിച്ചു. എന്നാല്‍, അതിനിടെ, വനിതാ സഹപ്രവര്‍ത്തകയുടെ ലൈംഗിക പീഡന ആരോപണങ്ങളെ കുറിച്ചുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചതിന് 10 ജീവനക്കാരെ ആലിബാബ പിരിച്ചുവിട്ടു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്
10 -ാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ മകന് 'മഹീന്ദ്ര താർ റോക്സ്' സമ്മാനം; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം