നൂറുകണക്കിന് കുഞ്ഞനാളുകൾ ആക്രമിക്കാൻ വരുന്നു, ഭയന്ന് വിറച്ച് വയോധികൻ, 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം'

By Web TeamFirst Published Aug 4, 2021, 2:46 PM IST
Highlights

ഈ ന്യൂറോളജിക്കല്‍ കണ്ടീഷനാണ് 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം' എന്ന് അറിയപ്പെടുന്നത്. ഈ അറുപത്തിമൂന്നുകാരന് ദിവസത്തില്‍ രണ്ടു മുതല്‍ മൂന്നുതവണയെങ്കിലും ഇത്തരത്തിലുള്ള തോന്നലുകള്‍ ഉണ്ടാകുന്നു.

'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം' എന്ന് കേട്ടിട്ടുണ്ടോ. പൂനെയിലെ ഒരു അറുപത്തിമൂന്നുകാരന് ആ അവസ്ഥയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്. ആറുമാസം മുമ്പാണ് അദ്ദേഹത്തിന് നൂറുകണക്കിനാളുകള്‍ തന്നെ ആക്രമിക്കാന്‍ വരുന്നതായി മതിഭ്രമം ഉണ്ടായിത്തുടങ്ങുന്നത്. അതും സാധാരണ ആളുകളല്ല. അദ്ദേഹത്തിന്‍റെ വിരലുകളുടെ വലിപ്പം മാത്രമുള്ള ആളുകള്‍.

ആദ്യമൊന്നും അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. എന്നാല്‍, തുടരെത്തുടരെ ഇങ്ങനെ ഉണ്ടായിത്തുടങ്ങിയതോടെ വീട്ടുകാര്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ എത്തിച്ചു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ലില്ലിപുടിയന്‍ ഹാലൂസിനേഷനാണ് എന്ന് അറിയിച്ചു. അതുപ്രകാരം ആളുകള്‍ തങ്ങളേക്കാള്‍ വളരെ വളരെ വലിപ്പം കുറഞ്ഞ ആളുകളെയോ വസ്തുക്കളെയോ ഉള്ളതായി കാണുകയാണ് ചെയ്യുന്നത്. എന്നാല്‍, ഈ ന്യൂറോളജിക്കല്‍ കണ്ടീഷന്‍ കാരണം അത് യഥാര്‍ത്ഥത്തിലുള്ളതാണ് എന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. 

ഈ ന്യൂറോളജിക്കല്‍ കണ്ടീഷനാണ് 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം' എന്ന് അറിയപ്പെടുന്നത്. ഈ അറുപത്തിമൂന്നുകാരന് ദിവസത്തില്‍ രണ്ടു മുതല്‍ മൂന്നുതവണയെങ്കിലും ഇത്തരത്തിലുള്ള തോന്നലുകള്‍ ഉണ്ടാകുന്നു. 'ഏകദേശം ഇരുന്നൂറ് പേരെങ്കിലും എന്നെ ആക്രമിക്കാന്‍ വരുമായിരുന്നു. അവര്‍ വളരെ കുഞ്ഞായിരുന്നു. ഞാനുച്ചത്തില്‍ അവര്‍ക്കുനേരെ ആക്രോശിക്കുമായിരുന്നു. ഞാന്‍ വിരമിച്ച ഒരാളാണ്. വീട്ടില്‍‌ തന്നെയാണ് അതുകൊണ്ട് എപ്പോഴും ഉണ്ടാവുക. ഈ കുഞ്ഞനാളുകളെന്നെ ആക്രമിക്കുന്നതായി ദിവസത്തില്‍ രണ്ടുതവണയെങ്കിലും എനിക്ക് തോന്നലുണ്ടാവും. എന്നാല്‍, ഇപ്പോഴെനിക്ക് സമാധാനത്തോടെ ഉറങ്ങാനാവുന്നുണ്ട്' എന്നാണ് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. 

ഇത് പത്തുലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന അവസ്ഥയാണ് എന്നും സാധാരണയായി കഞ്ചാവോ മറ്റ് ലഹരിമരുന്നുകളോ ഉപയോഗിക്കുന്നവരിലിത് കാണാം. അതുപോലെ ഡിമെന്‍ഷ്യ, സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥയുള്ളവരിലും ഇത് കാണാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതുപോലെ പ്രായക്കൂടുതലാലുണ്ടാകുന്നു ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, പോസ്റ്റ് ട്രമാറ്റിക് സ്ട്രെസ് ഇവയാലെല്ലാം ഈ അവസ്ഥയുണ്ടാകാം. ചികിത്സ തേടിയാല്‍ കൗണ്‍സിലിംഗും ആന്‍റിസൈക്കോട്ടിക് മരുന്നും നല്‍കുന്നു. ആളുകളുടെ അവസ്ഥ നോക്കിയാണ് ചികിത്സ. ഏതായാലും ഈ 63 -കാരന്‍ ഇപ്പോള്‍ മൂന്നുമാസമായി ചികിത്സയിലാണ്. 

click me!