അന്യ​ഗ്രഹജീവിയെപ്പോലെ ഒന്ന്, ഒടുവിൽ കണ്ടെത്തി, തീരത്തടിഞ്ഞത് കിലോയ്ക്ക് 28,000 രൂപ വരുന്ന കടൽജീവി

By Web TeamFirst Published Jun 27, 2022, 10:23 AM IST
Highlights

പോർച്ചുഗലിലും സ്പെയിനിലും ഇതിന്റെ ചിലയിനങ്ങളെ വില കൂടിയ വിഭവമാക്കി വിളമ്പാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കിലോയ്ക്ക് 28,000 രൂപ വരെയാണ് ഇതിന്റെ കയറ്റുമതി വില.

ദിവസവും ബീച്ചിൽ നടക്കാനിറങ്ങിയാൽ പലതരത്തിലുള്ള വസ്തുക്കൾ കാണും. അതിൽ ചിലത് വെറും മാലിന്യമാണ് എങ്കിൽ ചിലതെല്ലാം രസകരവുമായിരിക്കും. എന്നാൽ, ആളുകളെ പലപ്പോഴും അമ്പരപ്പിക്കുന്നത് ആഴക്കടലിൽ നിന്നും വന്ന് തീരത്തടിയുന്ന ജീവികളുടെ ജഡങ്ങളാണ്. ഡിഫ്രിൻ അർഡുഡ്‌വിക്ക് സമീപമുള്ള വെയിൽസിലെ ബന്നാർ ബീച്ചിൽ (Bennar beach) അടുത്തിടെ അത്തരത്തിൽ ഒരു ജീവിയുടെ ജഡം കണ്ടെത്തി. 

ഷെൽ ലോങ്‌മോർ (Shell Longmore) എന്ന സ്ത്രീയാണ് ബന്നാർ ബീച്ചിൽ ഒഴുകിയെത്തിയ ജീവിയെ കണ്ടത്. അത് എന്താണ് എന്ന് തിരിച്ചറിയാൻ കഴിയാതെ വന്നതോടെ അതിന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ അവൾ ആ ജീവിയുടെ ഫോട്ടോ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. എന്നാൽ നെറ്റിസൺമാരും അവളെപ്പോലെ തന്നെ അമ്പരക്കുകയാണുണ്ടായത്. ആർക്കും ഇത് എന്താണ് എന്ന് മനസിലാക്കാനായിരുന്നില്ല. 

'ഇതിനെ കണ്ടെത്തുന്നതു വരെ താൻ കരുതിയിരുന്നത് പ്രാദേശികമായിട്ടുള്ള എല്ലാ വന്യജീവികളെയും എനിക്ക് അറിയാമായിരുന്നു എന്നാണ്. എന്നാൽ, ഈ ജീവിയുടെ രൂപം വിചിത്രമായിരുന്നു, എന്നാൽ മനോഹരവുമായിരുന്നു' എന്നാണ് ലോങ്മോർ പറഞ്ഞത്. പലരും ഇതിനെ കുറിച്ച് ഓൺലൈനിൽ പല അഭിപ്രായങ്ങളും പറഞ്ഞു. എന്നാൽ, ആർക്കും ഇത് ശരിക്കും എന്ത് ജീവിയാണ് എന്ന് തിരിച്ചറിയാനായിരുന്നില്ല. 

ഫോട്ടോ വൈറലായതോടെ വിദഗ്ധരുടെ ശ്രദ്ധയിലും അത് പെട്ടു. ഈ ജീവി ഗൂസെനെക്ക് ബാർനാക്കിൾസ് (Gooseneck barnacles) ആണെന്ന് തിരിച്ചറിഞ്ഞത് അവരാണ്. ഇവ കടലിന്റെ വളരെ അടിത്തട്ടിൽ പാറക്കൂട്ടങ്ങൾ പോലെയുള്ളയിടങ്ങളിലാണ് കാണപ്പെടുന്നത്. മാത്രമല്ല, വലിയ വിലയേറിയ സമുദ്രവിഭവം കൂടിയാണ് ഇത്. 

പോർച്ചുഗലിലും സ്പെയിനിലും ഇതിന്റെ ചിലയിനങ്ങളെ വില കൂടിയ വിഭവമാക്കി വിളമ്പാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കിലോയ്ക്ക് 28,000 രൂപ വരെയാണ് ഇതിന്റെ കയറ്റുമതി വില. അവ പരമ്പരാഗതമായി സ്പെയിനിലെ കോസ്റ്റ ഡാ മോർട്ടിലെ വെള്ളത്തിനടിയിലുള്ള പാറകളിൽ നിന്നും വിള്ളലുകളിൽ നിന്നുമാണ് ശേഖരിക്കുന്നത്.

ഇവയെ പിടിക്കുക എന്നത് തന്നെ വളരെ അപകടകരമായ ജോലിയാണ്. അത്രയും വിദ​ഗ്ദ്ധരായ മത്സ്യത്തൊഴിലാളികളാണ് അവയെ പിടിക്കാനായി പോകുന്നത്. ഈ അപകടസാധ്യതയും ഇതിന്റെ വില വർധിക്കുന്നതിന് ഒരു കാരണമാണ്. 

click me!