
പല കാലങ്ങളിലായി പല പ്രവചനങ്ങളും നമ്മുടെ ലോകത്തുണ്ടായിട്ടുണ്ട്. അതിൽ തന്നെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളാണ് ഏറ്റവും പ്രശസ്തം. എങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരൊക്കെയോ പ്രവചനങ്ങൾ നടത്തുകയും അതിൽ പലരേയും ജനങ്ങളിൽ പലരും വിശ്വസിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ജപ്പാനിൽ റയോ തത്സുകിയുടെ പ്രവചനം വലിയ ചർച്ചയായി മാറിയത്. ജൂലൈ അഞ്ചിന് പുലർച്ചെ ജപ്പാനിൽ സുനാമി ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറത്തുള്ള നാശനഷ്ടങ്ങളായിരിക്കും അതുണ്ടാക്കുന്നത് എന്നുമായിരുന്നു റയോ തത്സുകിയുടെ പ്രവചനം. അത് ലോകമെമ്പാടും ചർച്ചയാവുകയും വാർത്തയാവുകയും ചെയ്തു. എന്നാൽ, ജൂലൈ അഞ്ചിന് ഒന്നും സംഭവിച്ചില്ല.
അതുപോലെ പ്രവചനം നടത്തിയിരുന്ന മറ്റൊരാളാണ് ബാബ വാംഗ. ബൾഗേറിയയിൽ നിന്നുള്ള അന്ധയായ ഇവർക്ക് ഭാവി പ്രവചിക്കാനുള്ള കഴിവുണ്ട് എന്ന് പലരും വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ അവർ നടത്തിയ പല പ്രവചനങ്ങളും നടക്കും എന്നാണ് പലരും വിശ്വസിച്ചത്. ഇപ്പോഴിതാ അതിൽ ഒരു പ്രവചനമാണ് ചർച്ചയാവുന്നത്.
അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ബാബ വാംഗയുടെ പ്രവചനമാണ് ഇപ്പോൾ ചർച്ചയായി തീരുന്നത്. 2025 -മായി ബന്ധപ്പെട്ട് അനേകം പ്രവചനങ്ങൾ ബാബ വാംഗ നടത്തിയിരുന്നു. അതിലൊന്നാണ് ഈ പ്രവചനവും. സൗരയൂഥത്തിലെത്തിയ 3ഐ/അറ്റ്‌ലസ് (3I/ATLAS) എന്ന അജ്ഞാത ബഹിരാകാശ വസ്തുവിനോട് ബന്ധപ്പെടുത്തിയാണ് പലരും ബാബാ വാംഗയുടെ ഈ പ്രവചനത്തെ കുറിച്ച് ചർച്ച ചെയ്യുന്നത്.
മനുഷ്യവർഗം അന്യഗ്രഹ ജീവികളുമായി സമ്പർക്കം പുലർത്തുമെന്നും അത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയിലേക്കോ മഹാദുരന്തത്തിലേക്കോ നയിച്ചേക്കാം എന്നുമായിരുന്നു ബാബാ വാംഗയുടെ പ്രവചനം.
ഇതോടെ, ആളുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ തരത്തിലാണ് ബാബാ വാംഗയുടെ പ്രവചനത്തെ കുറിച്ച് ചർച്ച ചെയ്യുന്നത്. അതേസമയം, ഇത്തരം പ്രവചനങ്ങൾക്ക് യാതൊരു തരത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ല.