
സത്യസന്ധതയും കാരുണ്യവുമെല്ലാം നാൾക്കുനാൾ കുറഞ്ഞുവരുന്നൊരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ, അതങ്ങനെയല്ല. സ്നേഹവും കരുണയും സത്യസന്ധതയുമെല്ലാം ഇപ്പോഴും ബാക്കിയുണ്ട് എന്ന് തെളിയിക്കുന്ന സംഭവങ്ങളും നമുക്ക് മുന്നിലേക്ക് വരാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.
@Electronic-While998 എന്ന യൂസർനെയിമിലുള്ള യൂസറാണ് റെഡ്ഡിറ്റിൽ തന്റെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. ഓട്ടോ ഡ്രൈവർക്ക് അബദ്ധത്തിൽ അധികം കാശ് നൽകിയതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. ജുഹു ബീച്ചിൽ നിന്ന് വൈൽ പാർലെ സ്റ്റേഷനിലേക്കായിരുന്നു യുവാവ് ഓട്ടോ പിടിച്ചത്. ഈ ചെറിയ യാത്രയ്ക്കിടെ 55 രുപ നൽകുന്നതിന് പകരം 553 രൂപയാണ് ഇയാൾ നൽകിയത്.
മുംബൈയിലേക്ക് താമസം മാറിയതേ ഉള്ളൂവായിരുന്നു യുവാവ്. അതിനിടയിൽ ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ഒരു അനുഭവമുണ്ടായത് ഇയാളെ നിരാശനാക്കി. റെയിൽവേ സ്റ്റേഷനിലേക്കാണ് യുവാവ് ഓട്ടം പിടിച്ചത്. ട്രെയിൻ ടിക്കറ്റെടുക്കാൻ ഫോൺ നോക്കുന്നത് വരെ, താൻ അധികമായി 500 രൂപ നൽകി എന്നത് യുവാവ് തിരിച്ചറിഞ്ഞിരുന്നില്ല. അപ്പോഴേക്കും ഓട്ടോ ഡ്രൈവർ അവിടെ നിന്നും പോവുകയും ചെയ്തിരുന്നു. അതിനാൽ തന്നെ യുവാവ് പ്രയാസപ്പെട്ടുപോയി.
യുവാവ് അടുത്ത ഓട്ടോ സ്റ്റാൻഡിൽ അന്വേഷിച്ചെങ്കിലും ഡ്രൈവറെ ആർക്കും മനസിലായില്ല. ഒടുവിൽ ഓൺലൈൻ പേയ്‍മെന്റ് ചെയ്ത നമ്പറിലേക്ക് യുവാവ് വിളിച്ചു. ആദ്യം ഒരു സ്ത്രീയാണ് എടുത്തത്. പിന്നാലെ ഓട്ടോ ഡ്രൈവറായ അനിൽ ഫോൺ എടുത്തു. കാര്യം പറഞ്ഞപ്പോൾ ഒരു ടെൻഷനും വേണ്ട എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ പ്രതികരണം.
അത് മാത്രമല്ല, 500 രൂപ അക്കൗണ്ടിലേക്ക് വന്നതായി സമ്മതിക്കുകയും അപ്പോൾ തന്നെ ആ തുക തിരികെയിട്ടുകൊടുക്കുകയും ചെയ്തു. രണ്ട് രൂപ അപ്പോഴും അനിലിന് നഷ്ടമായിരുന്നു. എന്നിട്ടും 500 രൂപ അങ്ങനെത്തന്നെ അയാൾ തിരികെ നൽകി. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് പ്രതികരിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ പലരും അഭിനന്ദിച്ചു.