
2007 ജനുവരിയിലോ അതിനുശേഷമോ ജനിച്ച വ്യക്തികളെ എല്ലാത്തരം പുകയിലയും വാങ്ങുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന, ജനറേഷണൽ പുകവലി നിരോധനം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരിക്കുകയാണ് മാലിദ്വീപ്. 'പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പുകയിലരഹിതമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടിയുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ ചരിത്രപരമായ നാഴികക്കല്ല്' എന്നാണ് മാലിദ്വീപ് ആരോഗ്യ മന്ത്രാലയം ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
പ്രസിഡന്റ് മുഹമ്മദ് മുയിസു അംഗീകരിച്ച പുകയില നിയന്ത്രണ നിയമത്തിലെ രണ്ടാം ഭേദഗതിയിലൂടെയാണ് ഈ നിരോധനം നടപ്പിലാക്കിയത്. മാലിദ്വീപിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെയും വേപ്പിംഗ് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി, വിൽപ്പന, വിതരണം, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയ്ക്ക് സമഗ്രമായ നിരോധനം മുൻപു തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്, ഇത് പ്രായം കണക്കിലെടുക്കാതെ എല്ലാ വ്യക്തികൾക്കും ബാധകമാണ്.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, പുകവലി ലോകമെമ്പാടും ഓരോ വർഷവും ഏഴ് ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം, 2024 -ൽ, 15 നും 69 നും ഇടയിൽ പ്രായമുള്ള മാലിദ്വീപ് ജനസംഖ്യയുടെ ഏകദേശം 25.5 ശതമാനവും പുകയില ഉപയോഗിക്കുന്നവരായിരുന്നു. പുരുഷന്മാരിൽ ഇത് 41.7 ശതമാനവും സ്ത്രീകളിൽ 9.3 ശതമാനവുമായിരുന്നു.
2021 മുതലുള്ള ഡാറ്റ വിലയിരുത്തിയ സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, 13 നും 15 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ പുകയില ഉപയോഗ നിരക്ക് ഏകദേശം ഇരട്ടിയായിരുന്നു. വരുംതലമുറയെ ആരോഗ്യപൂർവ്വം കാത്തുസംരക്ഷിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു നിരോധനം നടപ്പിലാക്കിയത് എന്നാണ് മാലി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്.
പല രാജ്യങ്ങളിലും ഇതിനുമുമ്പും സമാനമായ രീതിയിലുള്ള നിരോധനം നടപ്പിലാക്കിയിരുന്നെങ്കിലും ഒന്നും പ്രാബല്യത്തിൽ വന്നിരുന്നില്ല. 2009 ജനുവരി 1 ന് ശേഷം ജനിച്ച ആർക്കും പുകയില വിൽക്കുന്നത് നിരോധിച്ചുകൊണ്ട് 2002 ലെ ന്യൂസിലാൻഡ് നിയമനിർമ്മാണമാണ് ഏറ്റവും പ്രശസ്തമായ ഒന്ന്. 2024 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കരുതിയിരുന്നെങ്കിലും ഒരു വർഷം മുമ്പ് ഇത് പിൻവലിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിലും ഇത്തരം നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിരുന്നു, പക്ഷേ പാസായില്ല.