
ബാർബി ഡോളിനെ പോലെയാവാൻ 27 സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയയായ ഇൻഫ്ലുവൻസറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഇപ്പോൾ വാർത്തയാവുന്നത്. ബ്രസീലിൽ നിന്നുള്ള ബാർബറ ജാൻകാവ്സ്കിനെന്ന 31 -കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജാൻകാവ്സ്കി ഇൻസ്റ്റാഗ്രാമിൽ ബോണിക്ക ഡെസുമാന എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റയിൽ അവർക്ക് 55,000 -ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഞായറാഴ്ച സാവോ പോളോയിലെ ലാപ ജില്ലയിലെ ഒരു ടൗൺഹൗസിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണം എന്നാണ് പൊലീസും ഇവരുടെ മരണത്തെ കുറിച്ച് പറയുന്നത്. അന്വേഷണത്തിനായി വിശദമായ പോസ്റ്റുമോർട്ടം ഫലത്തിനായി കാത്തിരിക്കുകയാണ്. മരണസമയത്ത് ഇൻഫ്ലുവൻസറുടെ ശരീരത്തിന് പിന്നിൽ പാടുകളും കണ്ണിൽ ഒരു പരിക്കും ഉണ്ടായിരുന്നുവെന്ന് സൺഡേ വേൾഡിലെ ഒരു റിപ്പോർട്ട് പറയുന്നു. 51 -കാരനായ ഒരു അഭിഭാഷകന്റെ വീട്ടിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശാരീരികബന്ധത്തിനായിട്ടാണ് യുവതിയെ കൊണ്ടുവന്നത് എന്നും ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. ഇരുവരും അടുത്താണ് കിടന്നിരുന്നത്. എന്നാൽ, ഉറങ്ങുന്നതിന് പകരം അവൾ ചുമയ്ക്കാൻ തുടങ്ങി. വൈകുന്നേരം നോക്കിയപ്പോൾ അവൾ എഴുന്നേൽക്കുന്നില്ലായിരുന്നു എന്നും അഭിഭാഷകൻ പറഞ്ഞു.
രാത്രി 9 മണിയോടെയാണ് എമജൻസി സർവീസിൽ വിളിച്ചത്. എന്നാൽ, പാരാമെഡിക്കുകൾ എത്തുമ്പോഴേക്കും ജാൻകാവ്സ്കി മരിച്ചിരുന്നു. അന്ന് രാവിലെ അഭിഭാഷകനോടും അവളോടുമൊപ്പം ആ വീട്ടിലുണ്ടായിരുന്ന അഭിഭാഷകന്റെ സുഹൃത്തുക്കളായ സ്ത്രീകൾ പറയുന്നത്, ജാൻകാവ്സ്കി അബദ്ധത്തിൽ വീണുപോയിരുന്നു എന്നും അങ്ങനെയാണ് കണ്ണിന് പരിക്ക് പറ്റിയത് എന്നുമാണ്. 48 ലക്ഷം രൂപ മുടക്കിയാണ് ജാൻകാവ്സ്കി ബാർബിയെ പോലെയാവാൻ ശസ്ത്രക്രിയകൾ ചെയ്തിരുന്നത്. എന്തായാലും, നിലവിൽ യുവതിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.