
മരണത്തിന്റെ വക്കിൽ നിന്നും ഭാര്യയെ തിരികെ കൊണ്ടുവരാൻ ഒരു ഭർത്താവ് ചെയ്ത ചില കാര്യങ്ങളാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നത്. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിൽ നിന്നുള്ള യുവാവിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ്.
30 വയസ്സുള്ള ഡെങ് യൂകായിയുടെ ഭാര്യയ്ക്ക് കാൻസർ ആയിരുന്നു. അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തന്നെത്തന്നെ സമർപ്പിക്കുകയായിരുന്നു ഡെങ്. ഡോക്ടർമാർ ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പറയുമ്പോഴും ഭാര്യയുടെ ചികിത്സക്കായി രണ്ട് ദശലക്ഷം യുവാൻ (2,38,88,563.27) ആണ് ഡെങ് ചെലവഴിച്ചത്. ഒരിക്കലും അവളെ വിട്ടുപോകാതെ അവൾക്കൊപ്പം തന്നെ അയാൾ നിന്നു.
2016 -ൽ ഒരു സുഹൃത്തിന്റെ വിവാഹത്തിനിടെയാണ് ഡെങ്ങും ഭാര്യ മെയ്ദിയും കണ്ടുമുട്ടുന്നത്. അവൾക്ക് കാൻസറാണ് എന്ന് അറിഞ്ഞിട്ടും അയാൾ അവൾക്കൊപ്പം തന്നെ ജീവിക്കാനാഗ്രഹിക്കുകയായിരുന്നു. 2019 -ൽ ഇരുവരും വിവാഹിതരായി. കഴിയുംപോലെ എല്ലാം നിന്നെ ചികിത്സിക്കുമെന്നും ഒപ്പം നിൽക്കുമെന്നും ഡെങ് മെയ്ദിക്ക് വാക്ക് കൊടുത്തു. 2021 -ൽ ഇവർക്ക് ഹന്ന എന്ന മകളും പിറന്നു.
എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോൾ അവളുടെ ആരോഗ്യസ്ഥിതി വളരെ അധികം മോശമാവുകയായിരുന്നു. പിന്നീട്, അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഘട്ടത്തിൽ സാമ്പത്തികബാധ്യതയെ കുറിച്ചോർത്ത് ഇനിയും തന്നെ ചികിത്സിക്കുന്നത് പാഴാണ് എന്ന് പറഞ്ഞ് മെയ്ദി തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറയുകയായിരുന്നു.
അങ്ങനെ മെയ്ദി വീട്ടിലെത്തി. മകൾ അവൾക്ക് അവസാനത്തെ യാത്രയയപ്പ് പോലും നൽകി. അവിടെ നിന്നുള്ള വീഡിയോ ഡെങ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഇത് കാര്യങ്ങളെല്ലാം മാറ്റിമറിച്ചു. നൂറുകണക്കിനാളുകൾ ഇവരെ സഹായിക്കാനായി എത്തി. അങ്ങനെ മെയ്ദിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു.
ഡെങ് ജോലിക്ക് പോലും പോകാതെ ദിവസേന ഭാര്യയ്ക്ക് വേണ്ടി പാടുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്ത് അവളെ പൊസിറ്റീവായി നിലനിർത്താൻ നോക്കും. അത്ഭുതകരമെന്ന് പറയട്ടെ, കോമയിലായിരുന്ന മെയ്ദി ഇന്ന് ജീവിതത്തിലേക്ക് തിരികെവന്നു. ഇന്ന് അവൾക്ക് സഹായം കൂടാതെ നടക്കാനാവും, ഒരു ചെറിയ കടയും അവൾ നടത്തുന്നുണ്ട്. ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഡെങ്ങിന്റെയും മെയ്ദിയുടെയും പ്രണയം.
(ചിത്രം പ്രതീകാത്മകം)