ഗുജറാത്തിലെ ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമ മാസം സമ്പാദിക്കുന്ന തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീ‍ഡിയയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ പോലും ഞെട്ടിക്കുന്നത്. ചിലവുകള്‍ കഴിഞ്ഞ് പ്രതിമാസം ശരാശരി 2 ലക്ഷം രൂപയ്ക്ക് മുകളിൽ ഇദ്ദേഹം സമ്പാദിക്കുന്നതായാണ് പോസ്റ്റ്.

സാധാരണ ഒരു വൈറ്റ് കോളർ ജോലിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വരുമാനം ഇന്ന് അല്ലാത്ത ജോലികളിൽ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തിൽ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകൾ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കിൽ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങൾ എങ്കിൽ ദിവസവും ഇസ്തിരിയിടുന്നുണ്ട്.

ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികൾ, സ്യൂട്ടുകൾ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങൾക്ക് 350 രൂപ വീതമാണ് കിട്ടുന്നത്. ആകെ വരുമാനം പ്രതിദിനം ശരാശരി 10,500 രൂപ. മാസത്തിൽ 3 ദിവസം മാത്രം അവധി എടുത്താൽ ഏകദേശം 2,83,500 രൂപ പ്രതിമാസം വരുമാനമായി കിട്ടും.

ഇനി ചിലവൊക്കെ കഴിച്ച് ലാഭമെത്ര എന്നല്ലേ? കട സ്വന്തം കെട്ടിടത്തിലായതിനാൽ വാടക നൽകേണ്ടതില്ല. വൈദ്യുതി ബില്ലിന് ഏകദേശം 6,000 രൂപ വരും. രണ്ട് സഹായികൾക്ക് ശമ്പളമായി 40,000 രൂപയും മാറ്റി വെച്ചാൽ, എല്ലാ ചിലവുകളും കഴിഞ്ഞ് ഉടമയ്ക്ക് ലഭിക്കുന്നത് ഏകദേശം 2,37,500 രൂപയാണ്. കഴിഞ്ഞ മാസത്തെ മാത്രം കണക്കല്ല ഇതെന്നും, ശരാശരി 2 ലക്ഷത്തിന് മുകളിൽ എല്ലാ മാസവും വരുമാനം ലഭിക്കാറുണ്ടെന്നും ഉടമ പറഞ്ഞതായി നളിനി തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നു.

Scroll to load tweet…

നിരവധിപ്പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി വന്നിരിക്കുന്നതും. 'ഞങ്ങൾ പുലർച്ചെ 2 മണി വരെ കോഡിംഗിലെ ബ​ഗ്‍സ് തീർക്കുമ്പോൾ, ഇവിടെ ചേട്ടൻ വെറും രണ്ട് മിനിറ്റ് കൊണ്ട് വസ്ത്രത്തിലെ ചുളിവുകൾ തീർത്ത് അതേ ശമ്പളം വാങ്ങുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന് പകരം സ്റ്റീം എഞ്ചിനീയറിംഗ് പഠിച്ചാൽ മതിയായിരുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'വിദ്യാഭ്യാസത്തിന് അനുസരിച്ചല്ല, മറിച്ച് നിങ്ങൾ നൽകുന്ന സേവനത്തിന് വിപണിയിലുള്ള മൂല്യത്തിന് അനുസരിച്ചാണ് വരുമാനം ലഭിക്കുന്നത് എന്നതിന് ഉദാഹരണമാണിത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

വൈറ്റ് കോളർ ജോലിയിൽ നിന്നും മാത്രമല്ല, അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ഏത് ജോലിയിൽ നിന്നും മികച്ച വരുമാനമുണ്ടാക്കാം എന്നതിന് ഉദാഹരണമാണ് ഈ പോസ്റ്റ്.