
മനുഷ്യനെ ഏറ്റവും അധികം ആക്രമിക്കുന്ന അപകടകാരികളായ ജീവികളിൽ ഒന്നാണ് മുതല. മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റവരും ജീവൻ നഷ്ടപ്പെട്ടവരുമായവർ നിരവധിയാണ്. കഴിഞ്ഞദിവസം ഫ്ലോറിഡയിൽ മുതലയുടെ ആക്രമണത്തിന് ഇരയായ വ്യക്തിയുടെ കാലിന്റെ തുടഭാഗം മുഴുവൻ മുതല കടിച്ചെടുത്തു.
ഫ്ലോറിഡയിലാണ് സംഭവം. 1100 ബ്ലോക്കിലെ താമസക്കാരൻ ആയ വ്യക്തിക്കാണ് മുതലയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ഏകദേശം 9. 30 ആയപ്പോഴാണ് തൻറെ വീടിൻറെ മുൻവശത്തെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം അദ്ദേഹം കേട്ടത്. ആ സമയം വീട്ടിൽ ഉണ്ടായിരുന്ന മകനെ അന്വേഷിച്ച് ആരെങ്കിലും എത്തിയതായിരിക്കും എന്ന് കരുതിയാണ് അദ്ദേഹം വാതിൽ തുറന്നത്.
എന്നാൽ, വാതിൽ തുറന്നതും മുന്നിൽ കണ്ടത് ഭീമാകാരനായ ഒരു മുതലയെയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം അദ്ദേഹം ഭയപ്പെട്ടു നിന്നു. എന്നാൽ, ഞൊടിയിടയിൽ മുതല അദ്ദേഹത്തിന് നേരെ കുതിച്ചു ചാടുകയും നിലത്ത് വീഴ്ത്തുകയും ചെയ്തു. തുടർന്നാണ് അദ്ദേഹത്തിൻറെ തുടയുടെ ഭാഗത്തെ മാംസം മുഴുവനായും കടിച്ചെടുത്തത്. ഇതിനിടയിൽ മുതലയുടെ കടി വിടുവിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിൻറെ വീടിൻറെ മുൻഭാഗത്ത് കണ്ടെത്തിയ മുതലയെ പിടികൂടി. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ (എഫ്‌ഡബ്ല്യുസി) ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി മുതലയെ പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തത്.
ഫ്ലോറിഡയിൽ വളർത്തു നായയോടൊപ്പം നടക്കാൻ ഇറങ്ങിയ 85 -കാരിയായ സ്ത്രീയെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയത് ഏതാനും ദിവസങ്ങൾ മുൻപാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകൾക്ക് ഇതിനോടകം മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.