സിനിമ തോല്‍ക്കും ട്വിസ്റ്റ്; 12 വയസുള്ള പെൺകുട്ടിയെ ദത്തെടുക്കാനിരുന്നു, അത് 37 വയസുള്ള തട്ടിപ്പുകാരി!

Published : Jun 09, 2026, 11:21 AM IST
Amanda Maria Souza de Oliveira

Synopsis

12 വയസുള്ള ഓട്ടിസ്റ്റിക്കായ പെൺകുട്ടിയെ ദത്തെടുക്കാനൊരുങ്ങി കുടുംബം. എന്നാല്‍, 37 -കാരിയായ ഒരു സ്ത്രീയാണ് തങ്ങള്‍ക്കൊപ്പം 14 മാസമായി ഒരു കുഞ്ഞിനെപ്പോലെ അഭിനയിച്ച് ജീവിക്കുന്നതെന്നറിഞ്ഞ് ഞെട്ടി!

ആരെയും ഭയപ്പെടുത്തുന്ന ഹൊറർ സിനിമയാണ് 'ഓർഫൻ'. നമ്മിൽ മിക്കവരും ഈ സിനിമ കണ്ടിട്ടുണ്ടാകും. താനൊരു 9 വയസ്സുകാരിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വീട്ടിൽ ദത്തുപുത്രിയായി കയറിക്കൂടി പലതരം ക്രൂരതകളും കാണിക്കുന്ന ഒരു യുവതിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. എന്തായാലും, അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ ബ്രസീലിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബ്രസീലിലെ ഒരു കുടുംബം ഒരു പെൺകുട്ടിയെ ദത്തെടുക്കാനിരിക്കുകയായിരുന്നു. 14 മാസമായി തങ്ങള്‍ക്കൊപ്പം കഴിയുന്ന അനാഥയായ, 12 വയസുള്ള ഓട്ടിസ്റ്റിക്കായിട്ടുള്ള ഒരു പെൺകുട്ടിയെയാണ് ഇവർ ദത്തെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, ദത്തെടുക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആ ഞെട്ടിക്കുന്ന സത്യം അവർ തിരിച്ചറിഞ്ഞത്. അതൊരു കൊച്ചുപെൺകുട്ടിയല്ല! 37 വയസുള്ള അമാൻഡ മരിയ സൂസ ഡി ഒലിവേര എന്ന സ്ത്രീയായിരുന്നു അത്.

കുടുംബം അമാൻഡയുടെ 12 -ാം പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കെയാണ് ഈ നടുക്കുന്ന സത്യം അവർ തിരിച്ചറിഞ്ഞത്. പ്രത്യേകം പരിചരണം വേണ്ടുന്ന, കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു ചെറിയ പെൺകുട്ടിയാണ് താൻ എന്ന വ്യാജേനയാണ് അമാൻഡ ഈ കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്തത്. ഈ കുടുംബത്തെ പോലെ പലരേയും അവൾ ഇരകളാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇരകളെ കണ്ടെത്താനായി അമാൻഡ പ്രധാനമായും ലക്ഷ്യമിട്ടത് ചർച്ച് ഗ്രൂപ്പുകളെയും വോളന്റിയർ നെറ്റ്‌വർക്കുകളെയുമായിരുന്നു. ആളുകളുടെ വിശ്വാസവും സഹതാപവും പിടിച്ചുപറ്റാൻ ഇതാണ് ഏറ്റവും എളുപ്പമെന്ന് അവൾ കരുതി. പിന്നാലെ, ഇവരുടെ സ്നേഹം നേടാനും താനൊരു കുട്ടിയാണ് എന്ന് വിശ്വസിപ്പിക്കാനുമായി കുട്ടിയെ പോലെ പെരുമാറുകയും ചെയ്തു.

അത് മാത്രമല്ല, ജീവിതത്തിൽ താൻ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന അവകാശവാദവും അമാൻഡ ഉയർത്തിയിരുന്നു. ശരീരമാസകലമുള്ള ഉപദ്രവിക്കപ്പെട്ട പാടുകളും ഇവർ കുടുംബത്തിന് കാണിച്ചുകൊടുത്തു. എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ ഇവയെല്ലാം വിശ്വാസം നേടിയെടുക്കാനായി അമാൻഡ തന്നെ ശരീരത്തിൽ വരുത്തിയ പാടുകളാണ് എന്ന് തെളിഞ്ഞു.

ദത്തെടുക്കാൻ തയ്യാറായിരുന്ന കുടുംബത്തിന്റെ ഒരു ബന്ധു സമാനമായ മറ്റ് കേസുകളെക്കുറിച്ച് ഓൺലൈനിൽ തിരഞ്ഞതോടെയാണ് അമാൻഡ ആരാണെന്ന ഞെട്ടിക്കുന്ന സത്യം കുടുംബം തിരിച്ചറിയുന്നത്. അമാൻഡ ഒരു കൊടും തട്ടിപ്പുകാരിയാണ് എന്ന് പിന്നാലെ കണ്ടെത്തുകയായിരുന്നു. അവൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം തന്നെ അവളുടെ മാനസികാരോ​ഗ്യം പരിശോധിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ലൈക്കിന് വേണ്ടി ചെയ്തതാണ്, എട്ടിന്‍റെ പണിയായി; സ്വർണവും വെള്ളിയും പ്രദര്‍ശിപ്പിച്ച് ഹോം ടൂർ, സകലതും കള്ളന്മാർ കൊണ്ടുപോയി
​അത് ഇന്ത്യയല്ല, ബം​ഗ്ലാദേശ്; ​ഗർഭിണിയായി വേഷം മാറിയ കൊറിയൻ യുവാവിന് നേരെ അതിക്രമം, വീഡിയോയ്‍ക്ക് പിന്നിലെ സത്യം!