
കണ്ടതും കേട്ടതുമെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പോയാൽ ചിലപ്പോൾ നല്ല പണി കിട്ടിയേക്കും. സ്വകാര്യമായി സൂക്ഷിക്കേണ്ടത് സ്വകാര്യമായി തന്നെ സൂക്ഷിക്കണം. അത് തെളിയിക്കുന്നൊരു സംഭവമാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും പുറത്ത് വരുന്നത്. തന്റെ സ്വർണം, വെള്ളി ആഭരണത്തെ കുറിച്ചും പണത്തെ കുറിച്ചുമെല്ലാം കാണിച്ചുകൊണ്ട് ഹോം ടൂർ നടത്തിയ യുവതിയുടെ വീട്ടിൽ മോഷണം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെയാണ് മോഹാനി ഗ്രാമത്തിലെ യൂട്യൂബറായ രചന ഗുർജാറിന്റെ വീട്ടിൽ അജ്ഞാതരായ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയത്.
രചനയേയും കുടുംബത്തെയും ഒരു മുറിയിൽ പൂട്ടിയിട്ട്, സ്വർണ്ണം, വെള്ളി ആഭരണങ്ങളും പണവും, എനർജി ഡ്രിങ്ക് അടങ്ങിയ പെട്ടിയുമടക്കം കവരുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം 8 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുലർച്ചെ രണ്ട് മണിയോടെ കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്. 'അവർ ഞങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മോഷണം നടത്തി. ഏകദേശം 8 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, പണം, ഒരു പെട്ടി എനർജി ഡ്രിങ്ക് എന്നിവ അവർ കൊണ്ടുപോയി. അവരുടെ മുഖം പെടാതിരിക്കാൻ സിസിടിവി ക്യാമറകളുടെ ആംഗിളുകളും അവർ ഒരു വടിയുപയോഗിച്ച് മാറ്റി' എന്നാണ് രചന പറയുന്നത്. നർവാർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.
സംഭവത്തിൽ സോഷ്യൽ മീഡിയയുടെ പങ്കും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രചന അടുത്തിടെ തന്റെ വീട്, ആഭരണങ്ങൾ, പണം ഒക്കെ കാണിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഒരു വീഡിയോയിൽ, മുറികളുടെ വാതിൽ മുതൽ വീടിന്റെ വിവിധ ഭാഗങ്ങൾ വരെയും കാണിക്കുന്നുണ്ട്. മറ്റൊന്നിൽ, ആഭരണങ്ങളും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഒരു മേശപ്പുറത്ത് വച്ചിട്ട് അവയും കാണിക്കുന്നതായി കാണാം.
പുലർച്ചെ നാല് മണിയെങ്കിലും ആയിട്ടാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. അപ്പോഴേക്കും അവരെ പുറത്ത് നിന്നും പൂട്ടിയിരുന്നതായി മനസിലായി. ബന്ധുക്കളെ വിളിച്ച് അവരെത്തിയാണ് വാതിൽ തുറന്നത്. ശിവപുരി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജീവ് മുലെ കവർച്ച സ്ഥിരീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിക്കുകയും ചെയ്തിട്ടുണ്ട്.