
'അമേരിക്കയിലെ ഏറ്റവും നല്ല ജഡ്ജി' എന്ന് സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്ന ആളാണ് ഫ്രാങ്ക് കാപ്രിയോ. ഒടുവിൽ, തന്റെ 88 -ാമത്തെ വയസിൽ കാൻസറുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ അദ്ദേഹം ജീവിതത്തോട് വിടവാങ്ങിയിരിക്കുകയാണ്. വലിയ വേദനയോടെയാണ് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട ജഡ്ജിയുടെ വിയോഗവാർത്തയോട് പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനുള്ള നൂറുകണക്കിന് ആദരാഞ്ജലികളാണ് വന്നത്. ജീവിതത്തിന്റെ സമസ്തമേഖലയിലുമുള്ള ആളുകൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. റോഡ് ഐലൻഡിലെ ജഡ്ജായിരുന്ന കാപ്രിയോയുടെ ആളുകളുമായുള്ള ഹൃദയസ്പർശിയായ ഇടപെടലുകളുടെ വീഡിയോകളും പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
'കരുണാമയനായ ജഡ്ജി താങ്കൾക്ക് വിട. നിങ്ങളുടെ ആത്മാവിന് ശാന്തിയും സമാധാനവും നേരുന്നു' എന്നാണ് ഒരാൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരാൾ കുറിച്ചത്, '88 -ാം വയസ്സിൽ ജഡ്ജി ഫ്രാങ്ക് കാപ്രിയോ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ആ വിയോഗവാർത്ത അതിയായ ദുഃഖമുണ്ടാക്കുന്നു. നീതിക്ക് എത്രമാത്രം അനുകമ്പയുള്ളതായിരിക്കാൻ സാധിക്കുമെന്നും കോടതിമുറിയിൽ ദയയ്ക്കും ഒരു സ്ഥാനമുണ്ട് എന്നും ലോകത്തിന് കാണിച്ചുകൊടുത്ത മനുഷ്യൻ. അദ്ദേഹം പിന്തുടർന്ന ആ പാരമ്പര്യം നിലനിൽക്കട്ടെ' എന്നാണ്.
'കോടതിമുറിക്കുള്ളിൽ ഏറ്റവും കരുണയോടെ ഇടപെടാൻ കഴിഞ്ഞിരുന്ന, ഏറ്റവും ദയാപൂർവം വിധി പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്ന ഒരു ജഡ്ജിയാണ് അദ്ദേഹം' എന്ന് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ഫ്രാങ്ക് കാപ്രിയോയ്ക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന സോഷ്യൽ മീഡിയാ പേജിലും അദ്ദേഹത്തിന്റെ മരണവാർത്ത പങ്കുവച്ചിട്ടുണ്ട്. കാൻസറിനോടുള്ള പോരാട്ടത്തിനൊടുവിലാണ് 88 -ാം വയസിൽ അദ്ദേഹം വിട പറഞ്ഞിരിക്കുന്നത് എന്ന് അതിൽ കുറിച്ചിരിക്കുന്നു. ഞാൻ ഈ ദുഷ്‌കരമായ പോരാട്ടം തുടരുന്ന സമയത്ത് നിങ്ങളുടെ പ്രാർത്ഥനകൾ എനിക്ക് പകരുന്ന ഊർജ്ജം വളരെ വലുതാണ്' എന്നാണ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാപ്രിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.