ഹോട്ടലാണെന്ന് കരുതി ശവസംസ്കാര ചടങ്ങിലെത്തിയ യുവാവ്, 'എന്തുണ്ട് കഴിക്കാൻ', പിന്നെ നടന്നത്...

Published : Apr 11, 2026, 02:19 PM IST
Banquet

Synopsis

ചൈനയിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് അമേരിക്കൻ യൂട്യൂബർമാർ വഴിതെറ്റി ഒരു ഗ്രാമത്തിലെത്തി. ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് അവർ ഒരു 'ഹാപ്പി ഫ്യൂണറൽ' ചടങ്ങിലേക്ക് കടന്നുചെന്നു. എന്നാല്‍, പിന്നെ സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ്. 

ചൈനയിലെ ഗ്രാമീണ മേഖലയിൽ വെച്ച് രണ്ട് അമേരിക്കൻ സഞ്ചാരികൾക്ക് അപ്രതീക്ഷിതമായി ഉണ്ടായ ഒരു അനുഭവമാണിത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒരു റെസ്റ്റോറന്റാണെന്ന് തെറ്റിദ്ധരിച്ച് ഇവർ അബദ്ധത്തിൽ ഒരു പരമ്പരാഗത 'ഹാപ്പി ഫ്യൂണറൽ' (സന്തോഷകരമായ ശവസംസ്കാര ചടങ്ങ്) വിരുന്നിലേക്ക് കടന്നുചെല്ലുകയായിരുന്നു. എന്നാൽ, ആ ഗ്രാമീണർ അവരെ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും അവർക്ക് അതൊരു അവിസ്മരണീയമായ അനുഭവമായി മാറുകയും ചെയ്തു.

6.8 മില്ല്യണിലധികം ഫോളോവേഴ്‌സുള്ള പ്രശസ്ത അമേരിക്കൻ യൂട്യൂബർ ലുഡ്‌വിഗ് ആൻഡേഴ്‌സ് അഹ്‌ഗ്രൻ തന്റെ സുഹൃത്തിനൊപ്പം മോട്ടോർസൈക്കിളിൽ ചൈനയിലൂടെയുള്ള ഒരു യാത്രയിലായിരുന്നു. തെക്കൻ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിൽ നിന്ന് ആരംഭിച്ച് വടക്ക് ഇന്നർ മംഗോളിയ വരെ നീളുന്നതായിരുന്നു അവരുടെ യാത്ര. യാത്രയുടെ അഞ്ചാം ദിവസം, ഹുനാൻ പ്രവിശ്യയിലെ ഷാവോയാങ് മേഖലയിലൂടെ സഞ്ചരിക്കവെ വഴിതെറ്റിയ ഇവർ ഒരു ഗ്രാമത്തിലെത്തുകയായിരുന്നു.

അവിടെ വെച്ചാണ്, 90 വയസ്സിന് മുകളിൽ പ്രായമുള്ളവർ മരിക്കുമ്പോൾ, ദുഃഖത്തിന് പകരം ആഘോഷമായി നടത്തുന്ന 'സിസാങ്' (xisang) അഥവാ 'ഹാപ്പി ഫ്യൂണറൽ' എന്ന പരമ്പരാഗത ചൈനീസ് ചടങ്ങ് ഇവർ കണ്ടത്. സാധാരണ ശവസംസ്കാര ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, ദീർഘവും സഫലവുമായ ഒരു ജീവിതത്തെ ആദരിക്കുന്ന ചടങ്ങാണിത്. ചുവന്ന വിളക്കുകളും വലിയ ആൾക്കൂട്ടവും കണ്ട്, ഇതൊരു ആധുനിക റെസ്റ്റോറന്റാണെന്ന് തെറ്റിദ്ധരിച്ച വിശന്നുതളർന്ന സഞ്ചാരികൾ, തങ്ങൾക്ക് അറിയാവുന്ന കുറച്ച് ചൈനീസ് വാക്കുകൾ ഉപയോഗിച്ച്, 'ഞങ്ങൾക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ കഴിയുമോ' എന്ന് ചോദിക്കുകയായിരുന്നു.

എന്നാൽ അവിടെ നടന്നത് 104 വയസ്സുകാരന്റെ ശവസംസ്കാര ചടങ്ങാണെന്ന് ലിയെന്ന് പേരുള്ള 45 വയസ്സുകാരനായ ഒരു നാട്ടുകാരൻ അവരോട് വിശദീകരിച്ചു. ഭാഷാപരമായ അറിവില്ലായ്മ കാരണം, 104 വയസ്സുള്ള ആ വ്യക്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് സഞ്ചാരികൾ ആദ്യം കരുതിയത്. സമയം ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞിരുന്നതിനാൽ പരിസരത്തെ ഹോട്ടലുകളെല്ലാം അടച്ചു കഴിഞ്ഞിരുന്നു. അതിനാൽ, ലി അവരെ തന്റെ വീട്ടിലേക്ക് ഭക്ഷണത്തിനായി ക്ഷണിച്ചു. മുൻപ് ഷെഫ് ആയി ജോലി ചെയ്തിരുന്ന ലിയുടെ പിതാവ്, ബ്രൈസ്ഡ് പോർക്ക് , ഫ്രൈഡ് എഗ്ഗ്, റോസ്റ്റ് ചെയ്ത കാരറ്റ് തുടങ്ങി വളരെ രുചികരമായ നാടൻ വിഭവങ്ങൾ അവർക്കായി ഒരുക്കി. ആ സ്നേഹവിരുന്ന് അവർ വളരെ ആസ്വദിച്ചു കഴിച്ചു. ഗ്രാമത്തിൽ നിന്ന് മടങ്ങുന്നതിന് മുൻപ്, മൂവരും പരസ്പരം ഇനിയും ബന്ധപ്പെടാനുള്ള വിവരങ്ങൾ മറ്റും കൈമാറാനും മറന്നില്ല.

 

PREV
Read more Articles on
click me!

Recommended Stories

ശമ്പളം സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് തീര്‍ത്തു, അവസാനം അച്ഛനോട് ചെലവിന് കാശ് ചോദിക്കേണ്ടി വന്നു; പോസ്റ്റ്
'ഇനി ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്ന് തോന്നുന്നില്ല'; യുവാവിന്‍റെ ഹൃദയം തൊട്ട അമേരിക്കന്‍ മാനേജരുടെ മറുപടി