സിമൃദ്ധി എന്ന യുവതിയാണ് തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ മെസ്സേജിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തത്. കൊൽക്കത്ത സ്വദേശിയായ പ്രകാശ് എന്ന പിതാവാണ് സിമൃദ്ധിക്ക് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചത്.
എത്രയൊക്കെ വളർന്നാലും അച്ഛനമ്മമാർക്ക് നമ്മൾ കുഞ്ഞുങ്ങളാണെന്ന് പറയാറുണ്ട്. അത് തെളിയിക്കുന്നൊരു മെസ്സേജിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായി ബെംഗളൂരുവിലേക്ക് പോകുന്ന തന്റെ മകൾക്കായി ഒരു വാടകമുറി കണ്ടെത്താൻ സഹായിക്കണമെന്നും പറഞ്ഞ് ഒരു അച്ഛൻ അയച്ച മെസ്സേജാണിത്. മകളോടുള്ള അച്ഛന്റെ കരുതലിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
സിമൃദ്ധി എന്ന യുവതിയാണ് തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ മെസ്സേജിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തത്. കൊൽക്കത്ത സ്വദേശിയായ പ്രകാശ് എന്ന പിതാവാണ് സിമൃദ്ധിക്ക് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചത്. 'ഹലോ, ഞാൻ കൊൽക്കത്തയിൽ നിന്നുള്ള പ്രകാശാണ്. എന്റെ മകൾ ആദ്യമായി ബെംഗളൂരുവിലേക്ക് വരികയാണ്. അവൾക്ക് വാടകയ്ക്ക് ഒരു സിംഗിൾ റൂം നോക്കുകയാണ്. നിങ്ങൾക്ക് സഹായിക്കാൻ സാധിക്കുമോ?' എന്നായിരുന്നു മെസ്സേജ്.
സിമൃദ്ധി വാടകയ്ക്ക് വീടൊന്നും കൊടുക്കുന്നില്ലെങ്കിൽ പോലും, ബെംഗളൂരുവിൽ താമസിക്കുന്ന ഒരാളെന്ന നിലയിൽ മകൾക്കൊരു സുരക്ഷിത സ്ഥാനം കണ്ടെത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആ അച്ഛൻ മെസ്സേജ് അയച്ചത്. സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് സിമൃദ്ധി കുറിച്ചത് ഇങ്ങനെയാണ്; 'നിങ്ങൾ എത്ര വേണമെങ്കിലും പട്രിയാർക്കിക്ക് എതിരെ സംസാരിച്ചോളൂ, എന്നാൽ ഒരു അച്ഛൻ തന്റെ മകളെ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്. ബെംഗളൂരുവിൽ മകൾക്കൊരു മുറി കണ്ടെത്താനായി സാധ്യമായ എല്ലാ വഴികളും നോക്കുന്ന ഒരച്ഛൻ'.
മക്കൾ പുതിയ നഗരത്തിലേക്ക് മാറുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന ആശങ്കയും കരുതലും വ്യക്തമാക്കുന്നതാണ് ഈ മെസ്സേജ് എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ, അതേസമയം തന്നെ പാട്രിയാർക്കിയെ കുറിച്ച് ക്യാപ്ഷനിൽ പറഞ്ഞതും ചർച്ചയായി. ഇവിടെ എവിടെയാണ് പാട്രിയാർക്കി വരുന്നത്, പാട്രിയാർക്കിയെ കുറിച്ച് എന്തിനാണ് പരാമർശിക്കുന്നത്, ഒരച്ഛന് മകളോടുള്ള കരുതലായി മാത്രം ഇതിനെ കണ്ടാൽപ്പോരേ എന്നും ആളുകൾ ചോദിക്കുന്നു.
