
തന്നെ കൂടുതൽ ഇന്ത്യക്കാരനാക്കി മാറ്റിയത് തന്റെ അമേരിക്കക്കാരിയായ ഭാര്യയാണ് എന്ന് യുവാവ്. അമേരിക്കയിൽ വളർന്ന, അവിടെ തന്നെ ജീവിക്കുന്ന സുകേതു പട്ടേൽ എന്ന യുവാവാണ് തന്റെ സംസ്കാരത്തെ കൂടുതൽ അറിയാനും സ്നേഹിക്കാനും തന്നെ പ്രോത്സാഹിപ്പിച്ചത് തന്റെ അമേരിക്കക്കാരിയായ ഭാര്യയാണ് എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഭാര്യ ഹാലിയുമായി ചേർന്ന് തുടങ്ങിയ ‘Half Past Chai’ എന്ന അക്കൗണ്ടിലാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ സുകേതു പറയുന്നത്, സ്വയം അംഗീകരിക്കാൻ തന്നെ സഹായിച്ചത് വിദേശിയായ ഭാര്യയാണ് എന്നാണ്. അമേരിക്കക്കാരിയായ എന്റെ ഭാര്യയുമായി ബന്ധം ആരംഭിച്ച ശേഷമാണ് ഞാൻ കൂടുതൽ ഇന്ത്യക്കാരനായി മാറിയത്. അമേരിക്കയിൽ കഴിയുന്ന ഒരുപാട് ഇന്ത്യൻ അമേരിക്കൻ ആൾക്കാരിൽ സ്വത്വപ്രതിസന്ധി ഉണ്ടായേക്കും എന്ന് ഞാൻ കരുതുന്നു. അവർക്ക് ചുറ്റുമുള്ള എല്ലാവരും വെളുത്ത വർഗക്കാരാണ് (white). അതിനാൽ നമ്മളും അവരെപ്പോലെയാവാനാണ് ശ്രമിക്കുക. ഞാനും അത് തന്നെയാണ് ചെയ്തത്, അത് പറയുന്നതിൽ എനിക്ക് ഒട്ടും അഭിമാനമില്ല.
പക്ഷേ, പിന്നീടാണ് ഞാൻ ഈ പെൺകുട്ടിയെ പരിചയപ്പെടുന്നത്. അവളുടെ പേര് ഹാലി എന്നാണ്. ഇങ്ങനെ പറഞ്ഞാലെന്താണ്, അങ്ങനെ പറഞ്ഞാലെന്താണ്, ഞാനും നിങ്ങളുടെ വിശേഷങ്ങളിൽ പങ്കെടുക്കാൻ വരട്ടെ എന്നെല്ലാം പറഞ്ഞുകൊണ്ട് അവളാണ് ആദ്യമായി എന്റെ സംസ്കാരത്തെ കുറിച്ച് സംസാരിക്കുന്നത്.
അപ്പോഴാണ്, ഞാൻ ചിന്തിക്കാൻ തുടങ്ങിയത്. ഞാനാരാണോ ആ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്. എന്റെ സംസ്കാരത്തെ സ്നേഹിക്കാൻ തുടങ്ങിയത്. ഞാൻ ഞാനല്ലാത്ത ഒരാളാവാൻ വേണ്ടി ശ്രമിച്ചുകൊണ്ട് ഒരുപാട് നഷ്ടപ്പെടുത്തി. നിങ്ങൾ നല്ല ആളുകൾക്കൊപ്പമായിരിക്കുക എന്നത് പ്രധാനമാണ്. ഹാലിയെ കണ്ടെത്താൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷം ഉള്ളവനാണ്. എന്റെ സ്വന്തം ചർമ്മത്തിൽ കംഫർട്ടബിളായിരിക്കാൻ അവളെന്നെ സഹായിച്ചു. ഹാലി കൂടെയുള്ളതുകൊണ്ടാണ് ഞാൻ കൂടുതലും ഇന്ത്യക്കാരനായി മാറിയത്. അവളെന്നെ ചോദ്യം ചെയ്തു, അവളെന്നെ വെല്ലുവിളിച്ചു, അവൾ ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് പഠിക്കാൻ ഇഷ്ടപ്പെട്ടു. എന്നെ ഞാനായിരിക്കാൻ സഹായിച്ചു എന്നും സുകേത് പറയുന്നു.
ഒരുപാടുപേരാണ് സുകേതിന്റെ പോസ്റ്റിന് കമന്റ് നൽകിയത്. ഹാലിയെപ്പോലൊരാളെ കിട്ടാൻ ഭാഗ്യം വേണം എന്നാണ് പലരും പറഞ്ഞത്.