നെല്ലിക്ക കൃഷി ചെയ്‍ത് ഈ കര്‍ഷകന്‍ നേടിയത് ലക്ഷങ്ങള്‍; ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് നല്‍കിയത് ഉപജീവന മാര്‍ഗം

By Web TeamFirst Published Dec 17, 2019, 3:45 PM IST
Highlights

ഭരത്പൂരിനടുത്തുള്ള മുരബ്ബ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയ ഇദ്ദേഹം മുരബ്ബ തയ്യാറാക്കുന്നതിനെക്കുറിച്ച് പഠിച്ചു.  അവിടുത്തെ ജോലിക്കാരില്‍ നിന്നും മുതലാളിയില്‍ നിന്നും വ്യാപാരികളില്‍ നിന്നും ഇതിന്റെ വിപണന സാധ്യതകള്‍ ചോദിച്ചു മനസിലാക്കി.


നെല്ലിക്ക കൃഷി ചെയ്‍ത് മികച്ച വരുമാനം നേടി മറ്റുള്ളവര്‍ക്ക് മാതൃകയായ രാജസ്ഥാനില്‍ നിന്നുള്ള ഒരു കര്‍ഷകനെ പരിചയപ്പെടാം. 60 വയസുള്ള ഇദ്ദേഹത്തിന്റെ കഠിനാധ്വാനവും കൃഷി ചെയ്യാനുള്ള അര്‍പ്പണമനോഭാവവും രാജസ്ഥാനിലെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗവും കൂടി കണ്ടെത്തിക്കൊടുത്ത കഥയാണ് ഇത്.

അമര്‍ സിങ്ങ് എന്നാണ് ഈ കര്‍ഷകന്റെ പേര്. ഒരിക്കല്‍ രാജസ്ഥാനില്‍ ഗ്രാമത്തില്‍ നടന്ന കാര്‍ഷിക എക്‌സിബിഷനില്‍ നെല്ലിക്കക്കൃഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ വായിച്ചറിഞ്ഞ ഇദ്ദേഹത്തിന് കൃഷിയിലേക്കിറങ്ങിയാല്‍ കൊള്ളാമെന്ന് തോന്നി. നെല്ലിക്ക കഴിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചായിരുന്നു അതില്‍ പ്രതിപാദിച്ചത്. അങ്ങനെ 1997 -ല്‍ 60 തൈകള്‍ 1200 രൂപ കൊടുത്ത് വാങ്ങിച്ചു. ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് തൈകള്‍ വാങ്ങിയത്. 2.2 ഏക്കര്‍ സ്ഥലത്ത് ഈ തൈകള്‍ നട്ടുവളര്‍ത്തി.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 70 തൈകള്‍ വീണ്ടും വാങ്ങി. നല്ല വളക്കൂറുള്ള മണ്ണില്‍ നട്ടുവളര്‍ത്തിയ ഈ തൈകള്‍ ഏകദേശം 5 വര്‍ഷങ്ങള്‍ ആകുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങി. ചില മരത്തില്‍ നിന്ന് 5 കി.ഗ്രാം കായകള്‍ ലഭിച്ചു. ചിലതില്‍ നിന്ന് 10 കിഗ്രാം കിട്ടി. അങ്ങനെ ആ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന് 7 ലക്ഷം വരുമാനം നേടിയെടുക്കാന്‍ കഴിഞ്ഞു.

ഇവയ്ക്ക് ഇടവിളയായി തക്കാളി, വഴുതന, പച്ചക്കറികള്‍ എന്നിവയെല്ലാം നട്ടുവളര്‍ത്തി കൂടുതല്‍ ആദായം നേടി. അതിനുശേഷം സ്വന്തമായി ഒരു സ്ഥാപനവും തുടങ്ങി. 'മുരബ്ബ' തയ്യാറാക്കുന്ന യൂണിറ്റ്. പഴങ്ങളും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ഔഷധഗുണമുള്ളതും വളരെക്കാലം സൂക്ഷിച്ചുവെക്കാന്‍ കഴിവുള്ളതുമായ ഭക്ഷണപദാര്‍ഥമാണ് ഇത്.

ഒരു സീസണില്‍ ഇദ്ദേഹത്തിന്റെ വിറ്റുവരവ് 26 ലക്ഷമായിരുന്നു. ഇദ്ദേഹം തന്റെ കൃഷിയെക്കുറിച്ചും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്ന കാര്യത്തിലുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഇത്തരം മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുമായി ഇടപഴകാന്‍ കിട്ടുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തിയിരുന്നില്ല. അത്രത്തോളം ജാഗരൂകനായി ബിസിനസ് വളര്‍ത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

മികച്ച ഗുണമുള്ള നെല്ലിക്ക ഇദ്ദേഹം കി.ഗ്രാമിന് വെറും രണ്ടു രൂപയ്ക്കും മൂന്ന് രൂപയ്ക്കും വില്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് നെല്ലിക്ക കൊണ്ടുള്ള മുരബ്ബയ്ക്കാണ് കൂടുതല്‍ മെച്ചപ്പെട്ട വില ലഭിക്കുന്നതെന്ന് ഇദ്ദേഹം മനസിലാക്കിയത്.

ഭരത്പൂരിനടുത്തുള്ള മുരബ്ബ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയ ഇദ്ദേഹം മുരബ്ബ തയ്യാറാക്കുന്നതിനെക്കുറിച്ച് പഠിച്ചു.  അവിടുത്തെ ജോലിക്കാരില്‍ നിന്നും മുതലാളിയില്‍ നിന്നും വ്യാപാരികളില്‍ നിന്നും ഇതിന്റെ വിപണന സാധ്യതകള്‍ ചോദിച്ചു മനസിലാക്കി.

ഒടുവില്‍ ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലെ 25 തൊഴിലാളികളുമായി പ്രൊസസ്സിങ്ങ് പ്ലാന്റ് തുടങ്ങി. തുടക്കത്തില്‍ കമ്പോളവുമായി ബന്ധമില്ലാത്തതുകാരണം ഗ്രാമങ്ങള്‍ തോറും സ്വയം സഞ്ചരിച്ച് തന്റെ ഉത്പന്നം വിറ്റഴിക്കുന്ന അവസ്ഥയായിരുന്നു.

ക്രമേണ ഭരത്പൂര്‍ ജില്ലയിലെ വലിയ വ്യാപാരികളുമായി ബന്ധമുണ്ടാക്കിയ ഇദ്ദേഹം വലിയ അളവില്‍ മുരബ്ബ അവര്‍ക്ക് വിറ്റഴിച്ചു. തനിക്ക് കിട്ടുന്ന ലാഭത്തിന്റെ 40 ശതമാനം ഫാം നന്നാക്കാനാണ് ചെലവഴിച്ചത്. സോളാര്‍ യൂണിറ്റ്, കമ്പോസറ്റ് കുഴി, ഗോബര്‍ഗ്യാസ് യൂണിറ്റ് എന്നിവയെല്ലാം ഫാമില്‍ സ്ഥാപിച്ചു. രണ്ട് പാല്‍ തരുന്ന എരുമകളും കറവയില്ലാത്ത രണ്ട് എരുമകളും രണ്ട് കിടാങ്ങളും ഇദ്ദേഹത്തിന്റെ ഫാമില്‍ ഉണ്ട്. പാല്‍ വീട്ടാവശ്യത്തിനും ചാണകം ഗോബര്‍ ഗ്യാസ് പ്ലാന്റിനും ഉപയോഗപ്പെടുത്തുന്നു.

തന്റെ ഉത്പന്നത്തിന്റെ മാര്‍ക്കറ്റിങ്ങിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ നേരില്‍പ്പോയി കണ്ടു.വലിയ നെല്ലിക്കയ്ക്ക് കിലോഗ്രാമിന് 10 രൂപയും ചെറിയ നെല്ലിക്ക 5 മുതല്‍ 8 വരെ രൂപയ്ക്കുമാണ് വിറ്റഴിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. തുടക്കത്തില്‍ നല്ല പൈസ കിട്ടിയിരുന്നെങ്കിലും മൊത്തവ്യാപാരം നടത്തുന്ന കുറഞ്ഞ വിലയ്ക്ക് വ്യാപാരികള്‍ക്ക് നെല്ലിക്ക വില്‍ക്കേണ്ടി വരികയായിരുന്നു പിന്നീട്.

മുരബ്ബ എങ്ങനെ സ്വയം ഉണ്ടാക്കാമെന്നതിനെക്കുറിച്ച് ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ നിന്ന് പരിശീലനം നേടിയ അദ്ദേഹം 5 ലക്ഷം മുടക്കി സ്വന്തമായി ഒരു ഫാക്ടറി 2005 ല്‍ ആരംഭിച്ചു. ആദ്യത്തെ വര്‍ഷം 7000 മുരബ്ബ ഉണ്ടാക്കാന്‍ ശ്രമിച്ചു. കുറേ സ്ത്രീത്തൊഴിലാളികളെ നിയമിച്ചു. അമൃത എന്ന ബ്രാന്‍ഡ്‌നെയിമില്‍ മുരബ്ബ വില്‍പ്പനയ്‌ക്കെത്തിച്ചു.

മധുര, ഭുസവാള്‍, മഹാരാഷ്ട്ര, ഭരത്പൂര്‍ എന്നിവിടങ്ങളില്‍ സിങ്ങ് സഞ്ചരിച്ചു. ബിസിനസ് വ്യാപിപ്പിച്ചു. 2015 -ല്‍ 4000 ക്വിന്റല്‍ മുരബ്ബ ഉത്പാദിപ്പിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സും സ്വന്തമാക്കി. അമര്‍ മെഗാ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി സ്ഥാപനത്തിന്റെ പേര് മാറ്റി.

26 ലക്ഷത്തോളം വിറ്റുവരവ് വര്‍ഷം തോറും നേടാന്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ വിജയരഹസ്യം തുടക്കം മുതല്‍ ശ്രദ്ധയോടെ തന്റെ സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളില്‍ ജോലിക്കാര്‍ക്കൊപ്പം സഹകരിക്കുന്നത് തന്നെയാണ്. ഇപ്പോള്‍ 10 ബെരാരി ആടുകളെയും പരിപാലിക്കുന്നുണ്ട്. തന്റെ മകന്റെ സ്മാര്‍ട്ട് ഫോണില്‍ നിന്ന് ആകസ്മികമായി ആടുവളര്‍ത്തലിലൂടെ ലാഭം നേടാമെന്ന വീഡിയോ കണ്ട ശേഷമാണ് ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിയത്.

നെല്ലിക്ക കൃഷി കേരളത്തില്‍

ഒട്ടുതൈകള്‍ മുളപ്പിച്ച് നെല്ലിക്ക കൃഷി ചെയ്യുന്നവര്‍ ഉണ്ട്. വിത്തുപാകിയും നെല്ലിക്ക കൃഷി ചെയ്യാം. നെല്ലിക്കയുടെ വിത്ത് നന്നായി വെയില്‍ കൊള്ളിച്ച് ഉണക്കിയിട്ടാണ് കൃഷി ചെയ്യേണ്ടത്. ഏകദേശം മൂന്നോ നാലോ ദിവസം വെയില്‍ കൊള്ളിക്കണം.

നെല്ലിക്കയുടെ വിത്തിന്റെ പുറന്തോടിന് പൊതുവേ കട്ടി കൂടുതലാണ്. അത് പൊട്ടി പുറത്തെടുക്കുന്ന വിത്തുകള്‍ ശേഖരിച്ചാണ് കൃഷി ചെയ്യേണ്ടത്.

തൈകള്‍ നടാന്‍ ഉപയോഗിക്കുമ്പോള്‍ ഏകദേശം ഒരു വര്‍ഷം പ്രായമായ തൈകള്‍ ഉപയോഗിക്കണം. പത്ത് കിലോ ചാണകപ്പൊടി, എല്ലുപൊടി, മേല്‍മണ്ണ് എന്നിവ ചേര്‍ത്ത് പരുവപ്പെടുത്തണം. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലുമുള്ള അകലം 8 മീറ്റര്‍ ആയിരിക്കണം.

ഒട്ടുതൈകള്‍ ഉപയോഗിക്കുമ്പോഴും ഇതേ മണ്ണും കൃഷിരീതികളും തന്നെ തുടരാം. എന്നാല്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന ഭാഗം മണ്ണിന്റെ അടിയില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

നെല്ലിമരത്തില്‍ നിന്ന് ഫലം ലഭിക്കാന്‍ ഏകദേശം 10 വര്‍ഷം കാത്തിരിക്കണം. പുതുതായി ചില്ലകള്‍ ഉണ്ടായിത്തുടങ്ങുമ്പോള്‍ പൂവിടാന്‍ ആരംഭിക്കും. ജനുവരി-ഫെബ്രുവരി മാസമാകുമ്പോള്‍ കായകള്‍ മൂത്ത് പാകമാകും.

നമ്മുടെ കേരളത്തില്‍ വളരെ നന്നായി വളരുന്ന മരമാണ് ഇത്. നനയ്‌ക്കേണ്ടതും ആവശ്യം തന്നെ. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തടയാന്‍ ചെടിയുടെ ചുവട്ടില്‍ പുതയിടാം. നട്ടുനനച്ചു വളര്‍ത്തുമ്പോള്‍ കാറ്റത്ത് ആടി വളഞ്ഞുപോകുന്നത് തടയാന്‍ താങ്ങ് നല്‍കണം. 

click me!