'കൈലാസ'യിൽ ചെന്ന് സുഖമായി ജീവിക്കാമോ? അറിയാം കുറ്റവാളികൾ ചെന്നൊളിച്ചിരിക്കുന്ന മറ്റു പാതാളങ്ങളെപ്പറ്റി

By Web TeamFirst Published Dec 17, 2019, 3:10 PM IST
Highlights

ലോകമെമ്പാടും ഹിന്ദുമതാരാധനകൾ നടത്താൻ അവകാശം നിഷേധിക്കപ്പെട്ട്, നാടുവിട്ടോടേണ്ടി വരുന്ന ഹിന്ദുക്കളെ തുറന്ന മനസ്സോടെ കൈലാസ സ്വീകരിക്കും എന്നാണ്. അവിടെ ആധികാരികമായ രീതിയിൽ ഹൈന്ദവ വിശ്വാസാരാധനകൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതായിരിക്കുമെന്നും വാഗ്ദാനമുണ്ട്. 

പത്തൊമ്പതാം നൂറ്റാണ്ടു മുതൽക്കിങ്ങോട്ട് 1990 വരെ ലോകത്ത് പുതിയ രാജ്യങ്ങളിങ്ങനെ രൂപീകരിക്കപ്പെട്ടുകൊണ്ടിരുന്നു. സാംബിയ, സിംബാബ്‌വെ, നമീബിയ, എറിത്രിയ, സൗത്ത് സുഡാൻ, ടിമോർ, കൊസോവോ തുടങ്ങിയ പല രാജ്യങ്ങളും അങ്ങനെ ഉണ്ടായി വന്നതാണ്. അക്കൂട്ടത്തിൽ ഇന്ത്യക്കാരന്‍ നിത്യാനന്ദയുടെ സംഭാവനയാണ് കൈലാസ എന്ന രാജ്യം. അത് ഇക്വഡോറിന്റെ തീരത്തോട് ചേർന്നുള്ള ഒരു ദ്വീപാണ്. നിത്യാനന്ദയുടെ പേരിലുള്ള വെബ്‌സൈറ്റ് പറയും പ്രകാരം, ലോകമെമ്പാടും ഹിന്ദുമതാരാധനകൾ നടത്താൻ അവകാശം നിഷേധിക്കപ്പെട്ട്, നാടുവിട്ടോടേണ്ടി വരുന്ന ഹിന്ദുക്കളെ തുറന്ന മനസ്സോടെ കൈലാസ സ്വീകരിക്കും എന്നാണ്. അവിടെ ആധികാരികമായ രീതിയിൽ ഹൈന്ദവ വിശ്വാസാരാധനകൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതായിരിക്കുമെന്നും വാഗ്ദാനമുണ്ട്. എന്നാല്‍, പ്രസ്തുത ദ്വീപ് നിത്യാനന്ദ കൈക്കലാക്കിയിട്ടില്ലെന്നാണ് വിവരം.

ഏതായാലും, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക ചൂഷണം തുടങ്ങി പല കുറ്റകൃത്യങ്ങൾക്കും ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വന്നപ്പോൾ ജയിൽവാസം ഒഴിവാക്കാൻ നാടുവിട്ടോടിയ നിത്യൻ ഒളിച്ചിരിക്കാൻ കണ്ടെത്തിയ പുതിയ താവളമാണ് കൈലാസമെന്ന പാതാളം. കുപ്രസിദ്ധനായ ഈ ആൾദൈവത്തിനും അനുയായികളായ അഞ്ചുപേർക്കുമെതിരെ ചുമത്തപ്പെട്ടിട്ടുള്ളത് ചില്ലറ വകുപ്പുകളൊന്നുമല്ല. ഐപിസി 376 (ബലാത്സംഗം), 377 (അസാധാരണ രതി), 420 (വഞ്ചന), 114 (ക്രിമിനൽ പ്രേരണ), 201 (തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ), 120B (ക്രിമിനൽ ഗൂഢാലോചന) അങ്ങനെ പലതുമുണ്ട് വകുപ്പുകൾ. ഇക്വഡോറിനും ഇന്ത്യക്കുമിടയിൽ കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള ഉടമ്പടിയില്ല എന്നതാണ് നിത്യനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തടസ്സം. ഇതാദ്യമല്ല ഈ ലാറ്റിനമേരിക്കൻ രാജ്യം വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത്. രാഷ്ട്രീയാഭയം ഇക്വഡോറിന് ഏറെ താത്പര്യമുള്ള വിഷയമാണ്. മുമ്പ്, ജൂലിയൻ അസാഞ്ജ് എന്ന അമേരിക്ക തെരഞ്ഞുകൊണ്ടിരുന്ന സൈബർ കുറ്റാരോപിതനെയും അഭയം കൊടുത്ത് പാർപ്പിച്ചത് ഇക്വഡോർ എംബസി ആയിരുന്നു. 

നിത്യനും ഇക്വഡോറിയൻ എംബസിക്കുമുന്നിൽ അവതരിപ്പിച്ചത് രാഷ്ട്രീയാഭയം എന്ന ആവശ്യമായിരുന്നിരിക്കും. വേണ്ടത്ര പണം കയ്യിലുണ്ടെങ്കിൽ, കൃത്യമായ അന്താരാഷ്ട്ര നിയമോപദേശം കിട്ടിയാൽ, ഇക്വഡോർ തീരത്ത് വേണ്ടത്ര ഭൂസ്വത്ത് കൈവശമുണ്ടെങ്കിൽ, ഇന്ത്യ വേണമെന്ന് വിചാരിച്ച് പിടിച്ചുകൊണ്ടു വരാൻ ഇറങ്ങിത്തിരിച്ചാലും, നിത്യന് വേണമെങ്കിൽ അതിൽ നിന്നൊക്കെ ഒഴിഞ്ഞ് പിടികൊടുക്കാതെ നിൽക്കാം. സാങ്കേതികമായി പറഞ്ഞാൽ കൈലാസ ഒരു പുതിയ രാജ്യമല്ല, മറിച്ച് ഒരു 'മൈക്രോ' രാജ്യം എന്നു പറയുന്നതാകും ശരി. ഇതുപോലെ ധനികരായ ക്രിമിനലുകൾ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു നില്ക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട 'മൈക്രോ' രാജ്യങ്ങൾ ഇനിയും ഏറെയുണ്ട്. 

എന്താണ് ഒരു മൈക്രോ രാജ്യം ?

തങ്ങൾ പൗരന്മാരാണ് എന്ന് പൗരന്മാരെന്നവകാശപ്പെടുന്നവർ പറയുന്നതും, എന്നാൽ പ്രമുഖ രാജ്യങ്ങളോ അന്താരാഷ്ട്ര സംഘടനകളോ ഒന്നും രാജ്യം എന്ന നിലയിൽ അംഗീകരിച്ചിട്ടില്ലാത്തതുമായ ഇടങ്ങളെയാണ് നമ്മൾ മൈക്രോ രാജ്യങ്ങൾ എന്ന് വിളിക്കുന്നത്. ഒരു ചതുരശ്ര അടി മുതൽ, ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയുള്ള മൈക്രോ രാജ്യങ്ങൾ നിലവിലുണ്ട് ഇന്ന്. ഇത്തരത്തിലുള്ള പല 'മൈക്രോ' രാജ്യങ്ങളും, ടൂറിസ്റ്റ് മാപ്പിലെ പ്രാദേശിക ആകർഷണങ്ങൾ കൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടു മുതൽക്കുതന്നെ ഇങ്ങനെ രാജ്യങ്ങളുണ്ടാക്കുന്ന പ്രവണത നിലവിലുണ്ടെങ്കിലും, ഇന്റർനെറ്റ് എന്ന സംവിധാനത്തിന്റെ വരവോടെയാണ് ലോകത്തിന്റെ നാനാഭാഗത്തും ഇങ്ങനെയുള്ള രാജ്യങ്ങൾ ഉണ്ടാകുന്നതും, അവയ്‌ക്കൊക്കെ സൈറ്റുകൾ വരുന്നതും ഒക്കെ ഏറിയത്. 

സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യം അസ്തമിച്ചു എന്ന തോന്നലുണ്ടാകുമ്പോൾ, അതിലെ ചില ധനിക പൗരന്മാർ ചേർന്ന് കടലിലൂടെ താമസിക്കാൻ പുറപ്പെട്ടു പോയി, ഒടുവിൽ കൊള്ളാവുന്ന ഒരു ദ്വീപ്‌ നോക്കി തപ്പിപ്പിടിച്ചെടുത്ത് അവിടെ തങ്ങളുടെ സങ്കല്പത്തിലുള്ള സ്വാതന്ത്ര്യം നടപ്പിലാക്കുന്നതാണ് സ്വതവേ ഇങ്ങനെ ഒരു മൈക്രോ രാജ്യമുണ്ടാക്കുന്നതിന്റെ കീഴ്വഴക്കം. റിപ്പബ്ലിക് ഓഫ് മിനെർവ, പ്രിൻസിപ്പാലിറ്റി ഓഫ് ഫ്രീഡോണിയ, റിപ്പബ്ലിക് ഓഫ് റോസ് ഐലൻഡ്, ഗ്ലോബൽ കൺട്രി ഫോർ വേൾഡ് പീസ്, ഫ്രീ റിപ്പബ്ലിക് ഓഫ് ലിബറാൻഡ്, ഹട്ട് റിവർ എന്നിവ അത്തരത്തിലുള്ള പരിശ്രമങ്ങൾക്ക് ഉദാഹരണമാണ്. 

കോപ്പൻ ഹേഗൻ പരിസരത്തുള്ള ക്രിസ്തിയാന എന്ന മൈക്രോ രാജ്യത്തിൽ ആയിരം പൗരന്മാരാണ് ഉള്ളത്. അവർക്ക് ഡാനിഷ് പാസ്പോർട്ടുകളാണുള്ളത്. അതുപോലെ 1878 മുതൽ നിലവിലുള്ള ഒരു മൈക്രോ രാജ്യമാണ് ഉറുഗ്വേയ്ക്കടുത്തുള്ള പാർവ ഡൊമസ്. ഉറുഗ്വെയുടെ അംഗീകാരം ഒരു പരിധിവരെ പാർവ ഡൊമസിന്  കിട്ടിയിട്ടുണ്ട്. 

ഇതുപോലെ പല ആവശ്യങ്ങളുടെയും പുറത്ത് തുടങ്ങിയ മൈക്രോരാജ്യങ്ങളാണ് സെലസ്റ്റിയ, അസ്ഗാർഡിയ, ലവ്ലി എന്നിവ. 'സ്വർഗ്ഗരാജ്യം' എന്നു സ്വയം വിശേഷിപ്പിക്കുന്നതാണ് സെലസ്റ്റിയ. ഈ വിശ്വത്തിൽ ഭൂമി ഒഴികെയുള്ളതെന്തും  ചേർന്നതാണ് സെലസ്റ്റിയ എന്നു സങ്കൽപം. 1949
-ൽ ആരംഭിച്ച ഈ മൈക്രോ രാജ്യത്ത് 19 ,000 പൗരന്മാരുണ്ടെന്ന് രാജ്യത്തിൻറെ അവകാശികൾ പറയുന്നു. സത്യം പറഞ്ഞാൽ ഒരു സാങ്കല്പിക രാജ്യമാണ് സെലസ്റ്റിയ. ബഹിരാകാശത്തെ കടന്നുകയറ്റത്തെ തടയുകയെന്നത് അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈയടുത്താണ് ഭൂമിയിൽ നടത്തിവരുന്ന അണുപരീക്ഷണങ്ങൾ തങ്ങളുടെ ആകാശങ്ങളെ പ്രദൂഷിതമാക്കി എന്നു പറഞ്ഞുകൊണ്ട് സെലസ്റ്റിയൻ പൗരന്മാർ പ്രതിഷേധത്തിനിറങ്ങിയത്. 

ബഹിരാകാശ വാഹനങ്ങൾ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്യപ്പെട്ടതാണ് അസ്ഗാർഡിയ എന്ന മൈക്രോരാജ്യം. ഒരു സ്വകാര്യ കൃത്രിമോപഗ്രഹവും അവർ സ്വന്തം പേരിൽ വിക്ഷേപിച്ചിട്ടുണ്ട്. ലവ്ലി എന്നത് ബ്രിട്ടീഷ് ടെലിവിഷനിലെ ഒരു റിയാലിറ്റി പരിപാടിയായ 'മേക്ക് യുവർ ഓൺ  നേഷൻ ' എന്നപരിപാടിയിൽ നടൻ ഡാനി വാലസ് ഉണ്ടാക്കിയ മൈക്രോ രാജ്യമാണ്. അതിനൊരു കൊടിയും, ചിഹ്നവുമൊക്കെയുണ്ട്. ഇംഗ്ലീഷ് തീരത്തുള്ള ഒരു മൈക്രോരാജ്യമാണ് സീലാൻഡ്. അത് രാജകുടുംബത്തിന്റെ വകയാണ്. സീലാൻഡ് ഡോളർ എന്നൊരു നാണയം അതിനുണ്ട്. ഡോളറുമായി വ്യവഹാരങ്ങൾക്ക് സാധ്യതയുള്ള ഒരു നാണയമാണ് സീലാൻഡ് ഡോളർ. 

'കൈലാസ' എന്നത് പാപികൾക്ക് ചെന്നൊളിക്കാനുള്ള ഒരു പാതാളം എന്ന അസ്തിത്വത്തിന് മുകളിലേക്ക് ഉയരുമോ എന്നത് തർക്കവിഷയമാണ്. എന്നാലും, അതിന് സംസ്കൃതവും, ഇംഗ്ലീഷും, തമിഴും ഔദ്യോഗിക ഭാഷകളാണ്. അധികം താമസിയാതെ ക്രിപ്റ്റോ കറൻസിയും കൈലാസത്തിൽ നടപ്പിൽ വരുത്തും എന്നാണ് നിത്യന്റെ അവകാശവാദം. പതിനൊന്ന് ഡയമൻഷൻസിൽ ഉള്ള പതിനാല് ലോകങ്ങളിലെയും ആരെയും കൈലാസത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് നിത്യൻ പറയുന്നത്. 56 വേദിക് രാജ്യങ്ങളിൽ നിന്നുള്ള 200 കോടി ഹിന്ദുക്കൾ ഇതിനകം തന്നെ കൈലാസയിൽ പൗരത്വമെടുത്തിട്ടുണ്ട് എന്ന് നിത്യാനന്ദ പറയുന്നു.

ഈ പറഞ്ഞതൊക്കെ ആർക്കെങ്കിലും  വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങളാണോ? ആകാം, അല്ലായിരിക്കാം. എന്തായാലും, നിത്യാനന്ദ എന്ന ആൾദൈവവേഷധാരിയായ സന്യാസിക്ക് അസാധാരണമായ ഭാവനയുണ്ട് എന്നകാര്യത്തിൽ തർക്കമേതുമില്ല..! 

click me!