വേദന അറിയാനാവാത്ത അമ്മൂമ്മ, ശാസ്ത്രലോകത്തിന് അത്ഭുതമാവുന്നു..

By Web TeamFirst Published Mar 28, 2019, 6:56 AM IST
Highlights

ഒരു ദിവസം അമ്മൂമ്മയ്ക്ക് പാചകം ചെയ്യുമ്പോൾ പൊള്ളലേറ്റുവത്രെ. അടുപ്പിലെ തീ തട്ടി കൈ പൊള്ളാൻ തുടങ്ങിയിട്ടൊന്നും അമ്മൂമ്മ തിരിച്ചറിഞ്ഞില്ല. ഒടുവിൽ സ്വന്തം മാംസം കരിഞ്ഞു മണക്കാൻ തുടങ്ങിയപ്പോഴാണ് അമ്മൂമ്മ കാര്യമറിയുന്നതും. കൈ തീപ്പുറത്തുനിന്നും മാറ്റുന്നതും.  

ഈ അമ്മൂമ്മയുടെ പേര്  ജോ കാമറോൺ എന്നാണ്. ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജ് എന്ന സ്ഥലത്താണ് അവർ താമസിക്കുന്നത്.  ഒരിക്കൽ അവർക്ക്  കലശലായ വേദനയുണ്ടാക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗം ബാധിച്ച് ഇടുപ്പ് പൂർണ്ണമായും ദ്രവിച്ചുപോയി, ഒടുവിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ടും പ്രത്യേകിച്ച് വേദനയൊന്നും തോന്നാഞ്ഞതുകൊണ്ട് വേദന സംഹാരികളൊന്നും കഴിക്കാൻ കൂട്ടാക്കാതിരുന്നപ്പോഴാണ് ഡോക്ടർമാർ ആദ്യമായി ഈ അമ്മൂമ്മയുടെ അപൂർവമായ ജനിതക ഭേദം തിരിച്ചറിയുന്നത്. കോടിക്കണക്കിന് പേരിൽ ഒരാൾക്കുമാത്രം വരുന്നതാണ്  'നോവറിയാനാവാത്ത' ഈ അപൂർവ രോഗം.

ഒരു ദിവസം അമ്മൂമ്മയ്ക്ക് പാചകം ചെയ്യുമ്പോൾ പൊള്ളലേറ്റുവത്രെ. അടുപ്പിലെ തീ തട്ടി കൈ പൊള്ളാൻ തുടങ്ങിയിട്ടൊന്നും അമ്മൂമ്മ തിരിച്ചറിഞ്ഞില്ല. ഒടുവിൽ സ്വന്തം മാംസം കരിഞ്ഞു മണക്കാൻ  തുടങ്ങിയപ്പോഴാണ് അമ്മൂമ്മ കാര്യമറിയുന്നതും. കൈ തീപ്പുറത്തുനിന്നും മാറ്റുന്നതും.  അവർക്ക് ഭയം, ഉത്കണ്ഠ, പരിഭ്രമം തുടങ്ങിയ വികാരങ്ങളും അറിയാനാവില്ല. ഇതിനൊക്കെപ്പുറമെ, ശരീരത്തിലേൽക്കുന്ന മുറിവുകൾ വളരെ പെട്ടെന്നുതന്നെ ഉണങ്ങുന്ന പ്രത്യേക ശരീരപ്രകൃതവും ഇവർക്കുണ്ടത്രെ. 

കാമറോണിന്റെ എട്ടാമത്തെ വയസ്സിൽ റോളർ സ്കേറ്റിൽ നിന്നും മറിഞ്ഞുവീണ്  കയ്യൊടിഞ്ഞിട്ടും അത് തിരിച്ചറിയാതെ പോയ അനുഭവവും അവർ പങ്കുവെച്ചു. മകളുടെ കൈ വളരെ അസാധാരണമായ വിധത്തിൽ തൂങ്ങിക്കിടക്കുന്നത് കണ്ട്  അവരുടെ  അമ്മയാണ് അവരുടെ കയ്യൊടിഞ്ഞവിവരം തിരിച്ചറിഞ്ഞത്. എന്നിട്ടും അല്പം പോലും വേദന അവർക്ക് തോന്നുകയുണ്ടായില്ല. അടുക്കളയിൽ പച്ചക്കറി നുറുക്കുന്നതിനിടെ പലപ്പോഴും കൈ മുറിഞ്ഞിട്ടുണ്ട് അമ്മൂമ്മയുടെ. കൈ മുറിഞ്ഞാലും ചോരയുടെ ചുവപ്പ് നിറം പടരുന്നത് കണ്ടാൽ മാത്രമേ കൈ മുറിഞ്ഞിട്ടുണ്ടെന്ന് അവർ തിരിച്ചറിയാറുള്ളൂ. 

'കാമറോണിന്റെ കയ്യിലെ തള്ളവിരൽ ഓപ്പറേഷന് ശേഷം മുറിവുകൾ പെട്ടെന്ന് ഭേദമായ നിലയിൽ..' 

അനസ്തേഷ്യ കൂടാതെ വെരിക്കോസ് വെയിൻ സർജറി നടത്തിയതിന്റെയും പല്ലെടുത്തതിന്റെയും പച്ചയിറച്ചിയിൽ തരിപ്പിക്കാതെ സ്റ്റിച്ചിട്ടതിന്റെയും  ഒക്കെ നിരവധി കഥകൾ അവർക്കു പറയാനുണ്ട്. എന്നാലും അവർ ജോലിയിൽ നിന്നൊക്കെ വിരമിച്ചശേഷം തന്റെ അറുപത്തിയാറാമത്തെ വയസ്സിലാണ് അവർ ഇതൊരു അപൂർവ ജനിതക ഭേദമാണെന്ന് തിരിച്ചറിയുന്നത്. ഈ വിവരം തിരിച്ചറിഞ്ഞത് അവർ ശസ്ത്രക്രിയ നടത്തിയ റൈഗ്മോർ ആശുപത്രിയിലെ അനസ്തേഷ്യാ വിദഗ്ധനായ ഡോ. ദേവ്ജിത് ശ്രീവാസ്തവയാണ്. സംഗതി തിരിച്ചറിഞ്ഞ ഉടനെ അദ്ദേഹം അവരുടെ കേസ് ഫയൽ  ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വേദനാ ജനിതകഗവേഷകർക്ക് കൈമാറി. ഈ ഗവേഷകരാണ് അമ്മൂമ്മയുടെ ഈ അപൂർവ ജനിതകാവാസ്ഥ സ്ഥിരീകരിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (UCL) - മെഡിക്കൽ സ്‌കൂളിലെ ഗവേഷകനായ ജെയിംസ് കോക്സ് ഈ വിഷയത്തിൽ തുടർ പഠനങ്ങൾക്ക് നേതൃത്വം നൽകി  പരമ്പരാഗതമായി കൈമാറി വന്ന ജീനുകൾ ഈ അമ്മൂമ്മയുടെ ശരീരത്തിലെത്തിയപ്പോഴേക്കും ഒരു ജനിതക മ്യൂട്ടേഷൻ സംഭവിച്ചതാണ്, ഒരു മൈക്രോ ഡിലീഷൻ നടന്നതാണ് ഈ അവസ്ഥയുണ്ടാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും ഈ അമ്മൂമ്മയെ ആസ്പദമാക്കി നടത്തുന്ന ഭാവി പഠനങ്ങൾ കാൻസർ പോലെ അസഹ്യമായ വേദനയുളവാക്കുന്ന മാരകരോഗങ്ങളുടെ ചികിത്സയ്ക്കും, കൂടുതൽ ഫലപ്രദമായ വേദനാസംഹാരികളുടെ കണ്ടുപിടുത്തത്തിലേക്കും വൈദ്യശാസ്ത്രത്തെ നയിച്ചേക്കാം എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

വേദനകൾ പലവിധം മനുഷ്യനെ വന്നലട്ടിക്കൊണ്ടേയിരിക്കുന്ന ഇക്കാലത്ത് ഇങ്ങനെ മനോഹരമായ ഒരസുഖമുണ്ടാവാൻ ആർക്കാണ് കൊതി തോന്നാത്തത്..? 

 

'ജോ കാമറോൺ കുടുംബത്തോടൊപ്പം '

പ്രസവം പോലും ഏറെക്കുറെ അസാധാരണമായ ഒരനുഭവം  എന്നു മാത്രമേ അവർക്ക് തോന്നിയിട്ടുള്ളൂ. അല്ലാതെ ആ കണക്കിൽ ഇത്തിരിപ്പോലും വേദനിക്കേണ്ടി വന്നിട്ടില്ല.  അവർ ഇതേപ്പറ്റി ഇടയ്ക്കൊക്കെ അത്ഭുതപ്പെടാറുണ്ടായിരുന്നെങ്കിലും അന്നൊന്നും ഇതേപ്പറ്റി ആരോടും പറയാൻ ശ്രമിച്ചിട്ടില്ലെന്ന് കാമറോൺ പറഞ്ഞു. പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന സംശയം തന്നെ കാരണം. എന്തായാലും തന്നെക്കൊണ്ട് വേദന അനുഭവിക്കുന്ന ആയിരക്കണക്കായ രോഗികൾക്ക് എന്തെങ്കിലും ഗുണമുണ്ടായാൽ അത് തനിക്ക് ഏറെ സന്തോഷം പകരുമെന്നും അവർ കൂട്ടിച്ചേർത്തു. 

ഈ ഒരു അപൂർവമായ കണ്ടുപിടുത്തം നടന്നതോടെ, ഡോക്ടർമാർ സമാനമായ അനുഭവമുള്ള മറ്റു വ്യക്തികളോടും റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വ്യക്തികളിന്മേൽ നടത്തപ്പെടുന്ന പഠനം ഒരു പക്ഷേ, വളരെ വലിയ വല്ല അറിവിലേയ്ക്കും നയിച്ചേക്കാം. ചരിത്രാതീത കാലം മുതൽക്കേ മനുഷ്യനെ അലട്ടുന്ന പല  വേദനകൾക്കും ആകുലതകൾക്കും പരിഹാരമേകുന്ന ഒരു മരുന്നും കണ്ടുപിടിക്കപ്പെട്ടേക്കാം. ലോകത്ത്  വർഷാവർഷം ശസ്ത്രക്രിയകൾക്ക് വിധേയരാവുന്ന 33  കോടിയിലധികം വരുന്ന രോഗികൾക്ക് അതൊരാശ്വാസമാവാം.. ആർക്കറിയാം..! 

* ബ്രിട്ടീഷ് ജേർണൽ ഓഫ് അനസ്തേഷ്യയാണ് ഈ വിവരം സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയത്. 

click me!