
ഓഫീസിലെ ജീവനക്കാർക്കൊപ്പം സ്ഥിരമായി ഉച്ചഭക്ഷണം കഴിക്കുന്നതിലൂടെ ശ്രദ്ധ നേടി ഒരു സിഇഒ. Ancestry -യുടെ സിഇഒ ആയ ഹോവാർഡ് ഹോഖൗസറാണ് ഇതേക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുന്നത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഡൈനിംഗ് റൂമിൽ ഭക്ഷണം കഴിക്കുന്നതിന് പകരം, ജീവനക്കാർക്കൊപ്പം ഓഫീസിലെ ബ്രേക്ക് റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം 'ഫോർച്യൂൺ' -ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കമ്പനിയിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.
പ്രശസ്തമായ 'ബെയർ സ്റ്റേൺസ്' സ്ഥാപനത്തിൽ ഇക്വിറ്റി റിസർച്ച് വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് ഹോഖൗസർ ഈ ശീലത്തിന്റെ നല്ല വശങ്ങളെ കുറിച്ച് മനസിലാക്കിയത്. അന്നത്തെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ എയ്സ് ഗ്രീൻബർഗ് ജീവനക്കാരുടെ ഇടയിൽ വന്നിരുന്ന് ഭക്ഷണം കഴിക്കുന്നത് താൻ അത്ഭുതത്തോടെ വീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർക്കുന്നു.
'ഫൗണ്ടറായ എയ്സ് ഗ്രീൻബർഗ് എല്ലാ ദിവസവും ജീവനക്കാരുടെ ഇടയിൽ വന്നിരിക്കുമായിരുന്നു. അതെന്നെ വല്ലാതെ സ്വാധീനിച്ചു. ഏവർക്കും സമീപിക്കാവുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം' - ഹോഖൗസർ പറഞ്ഞു.
താനും മറ്റ് സിഇഒമാരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കമ്പനിയിലെ ശരിക്കുമുള്ള വിവരങ്ങൾ ലഭിക്കുകയെന്നതാണെന്ന് ഹോഖൗസർ പറയുന്നു. എന്നാൽ, നിങ്ങൾ ജീവനക്കാരുമായി ഉച്ചഭക്ഷണവേളകളിൽ കാഷ്വലായി സംസാരിക്കുമ്പോൾ, കാര്യങ്ങളുടെ യഥാർത്ഥ ചിത്രം നിങ്ങൾക്ക് ലഭിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ജീവനക്കാരുമായി ഇടപഴകുന്നതിലൂടെ പുതിയ നയങ്ങളും തീരുമാനങ്ങളും അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഹോഖൗസർ വ്യക്തമാക്കുന്നു. ജീവനക്കാർ യാതൊരു മടിയും കൂടാതെ തങ്ങളുടെ അഭിപ്രായങ്ങൾ തന്നോട് പങ്കുവെയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദാഹരണത്തിന്, ഓഫീസുകളിലെത്തി ജോലി ചെയ്യുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്ന സമയത്ത് താൻ ജീവനക്കാരുമായി ഉച്ചഭക്ഷണ വേളകളിൽ സംസാരിച്ചിരുന്നു. കുട്ടികളുടെ സ്കൂൾ സമയങ്ങൾ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകൾ ജീവനക്കാർ തന്നോട് തുറന്നുപറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളോട് തുറന്ന സമീപനം പുലർത്തുകയും പ്രതീക്ഷകൾ എന്താണെന്ന് വ്യക്തമാക്കുകയും ചെയ്യുമ്പോൾ അവർക്കത് വലിയ ആശ്വാസമാകുമെന്നും ഹോഖൗസർ കൂട്ടിച്ചേർത്തു.