
ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് മൗണ്ട് വെസൂവിയസ് അഗ്നിപർവ്വത സ്ഫോടനത്തിൽ തകർന്നടിഞ്ഞ പുരാതന റോമൻ നഗരമായ പോംപേയിൽ നിന്ന് ചരിത്രത്തിലാദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ഒരു മനുഷ്യന്റെ മുഖം പുനർനിർമ്മിച്ചു. എ.ഡി 79 -ൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒരു പുരുഷന്‍റെ രൂപമാണ് ഗവേഷകർ ഡിജിറ്റലായി ആവിഷ്കരിച്ചത്. ഇതോടെ ലോകപ്രശസ്തമായ ഈ ദുരന്തത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പുതിയ സാങ്കേതികവിദ്യ വഴി തുറക്കുന്നു.
അഗ്നിപർവ്വത സ്ഫോടനത്തിനിടെ നഗരത്തിൽ നിന്ന് കടൽതീരത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരുടെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളുടെ മുഖമാണ് ഇപ്പോൾ പുനർനിർമ്മിച്ചത്. സ്ഫോടനത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ, ആകാശത്ത് നിന്ന് അഗ്നിപർവ്വത അവശിഷ്ടങ്ങൾ അതിശക്തമായി പതിച്ചപ്പോഴാണ് ഇയാൾ മരിച്ചതെന്ന് ഗവേഷകർ കരുതുന്നു. പോംപേ പുരാവസ്തു പാർക്കും പാദുവ സർവകലാശാലയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
നഗരമതിലിന് പുറത്തുള്ള 'പോർട്ട സ്റ്റാബിയ' (Porta Stabia) ശ്മശാനത്തിന് സമീപം നടത്തിയ ഖനനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. പുറത്ത് വന്ന ഡിജിറ്റൽ ചിത്രത്തിൽ, പരുക്കൻ റോഡിലൂടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഓടുന്ന ഒരാളെ കാണാം. മുകളിൽ നിന്ന് വീഴുന്ന കല്ലുകളിൽ നിന്നും ചാരത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു വലിയ മൺപാത്രം ഇയാൾ തലയ്ക്ക് മുകളിൽ ഒരു കവചം പോലെ പിടിച്ചിട്ടുണ്ട്. പശ്ചാത്തലത്തിൽ വെസൂവിയസ് അഗ്നിപർവ്വതം പുകയുന്നതും ചിത്രത്തിൽ കാണാം.
അഗ്നിപർവ്വതത്തിൽ നിന്ന് വീഴുന്ന ചെറിയ കല്ലുകളിൽ നിന്ന് രക്ഷപെടാൻ ഇയാൾ ഒരു വലിയ മൺപാത്രം ഉപയോഗിച്ചിരുന്നതായി ഖനനത്തിൽ വ്യക്തമായിട്ടുണ്ട്. അക്കാലത്തെ റോമൻ എഴുത്തുകാരനായിരുന്ന പ്ലിനി ദി യംഗർ (Pliny the Younger), നഗരവാസികൾ തലയിൽ തലയിണകളും മറ്റും കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണങ്ങളെ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.
മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു മണ്ണെണ്ണ വിളക്ക്, ചെറിയ ഇരുമ്പ് മോതിരം, 10 വെങ്കല നാണയങ്ങൾ എന്നിവയും കണ്ടെടുത്തു. ആ മനുഷ്യന്‍റെ അവസാന നിമിഷങ്ങളിലേക്കും അന്നത്തെ സാധാരണ ജീവിതത്തിലേക്കും വെളിച്ചം വീശുന്നവയാണ് ഈ വസ്തുക്കൾ. അസ്ഥികൂടങ്ങളിൽ നിന്നുള്ള വിവരങ്ങളും പുരാവസ്തു ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഫോട്ടോ എഡിറ്റിംഗ് സാങ്കേതിക വിദ്യകൾ എന്നിവയുമായി സംയോജിപ്പിച്ചാണ് ഈ രൂപം നിർമ്മിച്ചത്.
"പുരാവസ്തു ഗവേഷണ മേഖലയിലെ വിവരങ്ങൾ ഇന്ന് വളരെ വിശാലമാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ മാത്രമേ ഇവ ശരിയായി സംരക്ഷിക്കാനും വിശകലനം ചെയ്യാനും സാധിക്കൂ. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ശാസ്ത്രീയ പഠനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ AI -ക്ക് കഴിയും," എന്ന് പോംപേ പാർക്ക് ഡയറക്ടർ ഗബ്രിയേൽ സുക്ട്രീഗൽ പറഞ്ഞു. ശാസ്ത്രീയമായ അടിത്തറ നിലനിർത്തിക്കൊണ്ടുതന്നെ, ചരിത്രത്തെ ജനങ്ങളിലേക്ക് വൈകാരികമായും ലളിതമായും എത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.