
സൗന്ദര്യവർധക ശസ്ത്രക്രിയകൾ ഇന്നൊരു പുതിയ കാര്യമല്ല. നിരവധിപ്പേരാണ് കാശ് മുടക്കി തങ്ങളുടെ രൂപം തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുന്നത്. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കാൻ പണം ഒരുപാട് ചെലവഴിച്ച യുവതിയാണ് ബള്‍ഗേരിയ സ്വദേശിയായ ആന്‍ഡ്രിയ ഇവാനോവാ. എന്നാൽ, ആൻഡ്രിയയുടെ ചുണ്ടുകൾ കാണുമ്പോൾ പണം മുടക്കി ആളുകൾ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് നമുക്ക് തോന്നിയേക്കാം.
28 -കാരിയായ ആൻഡ്രിയ അടുത്തിടെ ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽ നിന്നുള്ള തന്റെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. നിരവധിപ്പേരാണ് അതിന് അവളെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്ന കമന്റുകളുമായി എത്തിയത്. ഈ ചുണ്ടും വച്ച് എങ്ങനെ ഭക്ഷണം കഴിക്കും, എന്തിനാണ് കാശ് മുടക്കി ആളുകൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നത്, വളരെ വൃത്തികേടായിട്ടുണ്ട് തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്. എന്നാൽ, ആൻഡ്രിയ പറയുന്നത് 'മൈ ബോഡി, മൈ റൂൾസ്' എന്നാണ്.
2018 -ലാണ് ചുണ്ട് വലുതാക്കാനുള്ള ശ്രമങ്ങൾ ആൻഡ്രിയ തുടങ്ങുന്നത്. 32 ഹൈഡ്രോണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ അവളുടെ ചുണ്ടില്‍ കുത്തിവച്ചത്. £20,000 അതായത് ഏകദേശം 23 ലക്ഷം രൂപയാണ് ആന്‍ഡ്രിയ ഇങ്ങനെ ഒരു മാറ്റം വരുത്താനായി ചെലവഴിച്ചത്. നേരത്തെ സൈക്കോളജി വിദ്യാര്‍ത്ഥി കൂടിയായിരുന്നു ആന്‍ഡ്രിയ. 'ഇങ്ങനെ ഒരു മാറ്റം വരുത്തുന്നത് തനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് അറിയാമായിരുന്നു. എന്നിട്ടും താനിത് തിരഞ്ഞെടുത്തത് ചെറുപ്പം മുതലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന ആളാണ് താൻ എന്നതുകൊണ്ടാണ്' എന്ന് ആൻഡ്രിയ പറയുന്നു. ആൻഡ്രിയ പറയുന്നത് തന്റെ സുഹൃത്തുക്കൾക്ക് ഇതൊരു പ്രശ്നമല്ല, എന്നാൽ ചിലപ്പോൾ വീട്ടുകാർക്ക് തന്റെ ഈ ചുണ്ടുകൾ കാണുമ്പോൾ ഭയം തോന്നാറുണ്ട് എന്നാണ്.