
ആർട്ടിഫിഷ്യലായി എയ്റ്റ് പാക്ക് നേടാണം, ആസിഡ് കുത്തിവയ്ക്കാൻ ഏകദേശം 560,000 ഡോളർ (ഏകദേശം 5 കോടി രൂപ) ചെലവഴിച്ചതായി അവകാശപ്പെട്ട് ചൈനയിൽ നിന്നുള്ള യുവാവ്. സോഷ്യൽ മീഡിയയിൽ ആൻഡി ഹാവോ ടിയാനൻ എന്ന് അറിയപ്പെടുന്ന യുവാവ് പറയുന്നത്, ചൈനയിൽ ആദ്യമായി താനാണ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് എന്നാണ്. ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഒരു കണ്ടന്റ് ക്രിയേറ്ററാണ് ഹാവോ. ബ്യൂട്ടി, ഫാഷൻ വീഡിയോകളാണ് ഹാവോ ഫോളോവേഴ്സിന് വേണ്ടി ഷെയർ ചെയ്യുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ഇപ്പോൾ ഹൈലൂറോണിക് ആസിഡ് തന്റെ ശരീരത്തിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഹാവോ പറയുന്നു.
തന്റെ ശരീരത്തിന്റെ 20% -ത്തോളം ഈ ഹൈലൂറോണിക് ആസിഡാണെന്ന് ഹാവോ അവകാശപ്പെടുന്നു. 10,000 ഡോസുകളാണ് കൃത്രിമമായി എയ്റ്റ് പാക്കുണ്ടാക്കാൻ വേണ്ടത്. അതിൽ, 40% ഇതിനകം പൂർത്തിയാക്കിയതായും, ആസിഡ് വയറിലെ പേശികളുടെ ആകൃതിയിൽ മാറ്റം വരുത്തിത്തുടങ്ങിയതായും യുവാവ് വെളിപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് മുമ്പ്, തോളിലും, കോളർബോണിലും, നെഞ്ചിലും, വയറ്റിലും 40 ഡോസുകൾ കുത്തിവച്ചുകൊണ്ടാണ് ഹാവോ വാർത്തകളിൽ ഇടം നേടിയത്. വ്യായാമമില്ലാതെ തന്നെ എയ്റ്റ് പാക്ക് നേടാനാവുമെന്നാണ് ഇയാൾ പറയുന്നത്.
വർക്കൗട്ട് ചെയ്തിട്ടും പ്രയോജനമുണ്ടാവാത്തതിനെ തുടർന്നാണ് താൻ ഇങ്ങനെ ഇഞ്ചക്ഷൻ എടുത്ത് തുടങ്ങിയതെന്ന് ഹാവോ പറയുന്നു. താൻ ഭീരുവല്ലെന്നും ഭീരുക്കൾക്ക് ഇത് ചെയ്യാൻ സാധിക്കില്ല എന്നും ഹാവോ പറഞ്ഞു. ഇത്രയും ഇഞ്ചക്ഷനുകൾ താൻ എടുത്തു കഴിഞ്ഞു, നിങ്ങൾക്കത് ചെയ്യാനുള്ള ധൈര്യമുണ്ടോ എന്നും ഹാവോ ചോദിക്കുന്നു. എന്തായാലും, മുഴുവൻ ഇഞ്ചക്ഷനും എടുത്ത് കഴിഞ്ഞ് ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട് ഹാവോ. അതേസമയം, ഇതുണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.