
തെക്കൻ ചൈനയിലെ ഒരു മീൻകുളത്തിന്റെ ഉടമ എല്ലാ ദിവസവും തന്റെ മീനുകൾക്ക് തീറ്റയായി കൊടുക്കുന്നത് 5,000 കിലോ മുളക്. വാർത്ത ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇങ്ങനെ മുളക് തിന്നാൻ കൊടുക്കുന്നത് മത്സ്യത്തെ കൂടുതൽ പോഷകമുള്ളതാക്കുകയും അവയുടെ രുചി കൂട്ടുകയും ചെയ്യുന്നുവെന്നാണ് മീനിനെ വളർത്തുന്നവർ പറയുന്നത്. ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള ഈ മീൻകുളം 40 വയസ്സുള്ള മത്സ്യകർഷകനായ ജിയാങ് ഷെങ്ങും അദ്ദേഹത്തിന്റെ മുൻ സഹപാഠിയായ കുവാങ് കെയും ചേർന്നാണ് നോക്കുന്നത്. സ്പൈസി ഫുഡ്ഡിന് പേര് കേട്ട സ്ഥലമാണ് ഇത്.
തിരക്കേറിയ സമയങ്ങളിൽ, ഞങ്ങൾ മത്സ്യത്തിന് ദിവസവും 5,000 കിലോ മുളക് വരെ നൽകും എന്നാണ് കുവാങ് ജിയുപായ് ന്യൂസിനോട് പറഞ്ഞത്. "ആളുകൾ കഴിക്കുന്ന അതേ തരം കോൺ കുരുമുളകും മില്ലറ്റ് കുരുമുളകും തന്നെയാണ് മീനുകൾക്ക് നൽകാനും ഞങ്ങൾ ഉപയോഗിക്കുന്നത്. അവ കഴിച്ചശേഷം, മത്സ്യങ്ങൾ പുഷ്ടിപ്പെടുന്നു, അവയുടെ മാംസത്തിന് കൂടുതൽ രുചിയുണ്ടാകുന്നു, അവയുടെ ചെതുമ്പലുകൾ സ്വർണ്ണനിറത്തിൽ തിളങ്ങുന്നു" എന്നും കുവാങ് പറഞ്ഞു.
മത്സ്യങ്ങൾക്ക് ആദ്യം മുളക് തിന്നാൻ മടിയായിരുന്നു. എന്നാൽ ഇപ്പോൾ, അവ മുളക് തിരഞ്ഞെടുത്ത് കഴിക്കുന്നു. മനുഷ്യർ എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കും, എന്നാൽ, മത്സ്യങ്ങൾ വെള്ളത്തിൽ ജീവിക്കുന്നതിനാൽ തന്നെ എരിവുള്ള ഭക്ഷണം കഴിക്കുന്നത് അവയ്ക്ക് പ്രശ്നമല്ല എന്നാണ് കുവാങ്ങിന്റെ വാദം. മത്സ്യം രുചിമുകുളങ്ങളെക്കാൾ ഗന്ധത്തെയാണ് ആശ്രയിക്കുന്നതെന്ന് ജിയാങ് വിശദീകരിച്ചു. മുളക് വിറ്റാമിനുകളാൽ നിറഞ്ഞതാണ്, മത്സ്യങ്ങളും അവ ഇഷ്ടപ്പെടുന്നു. അവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, സമ്മർദ്ദം കുറയ്ക്കുന്നു, മാത്രമല്ല പരാദങ്ങളെ അകറ്റാൻ പോലും സഹായിക്കുന്നു. മുളകിലെ കാപ്‌സൈസിൻ ദഹനത്തെയടക്കം സഹായിക്കുന്നു, ഇത് മീനുകൾ വേഗത്തിൽ വളരാൻ സഹായിക്കുന്നു. സാധാരണ തീറ്റ കൊടുക്കുന്നതിനേക്കാൾ മുളക് കൊടുക്കുമ്പോൾ മീനിന്റെ മാംസം കൂടുതൽ മൃദുവും രുചികരവുമാകുന്നു എന്നും കുവാങ് പറഞ്ഞു.