
എല്ലാ മനുഷ്യര്‍ക്കും ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഒക്കെ കാണും. എന്നാല്‍ ചിലരുടേത് നമുക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത, തീര്‍ത്തും വിചിത്രമായ ആഗ്രഹങ്ങളായിരിക്കാം. ഫ്രാന്‍സില്‍ നിന്നുള്ള ആന്റണി ലോഫ്രെഡോയുടെ മോഹം ഒരു കറുത്ത 'അന്യഗ്രഹജീവിയായി' രൂപം മാറുക എന്നതായിരുന്നു.
ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്ര. എങ്കിലും, നിരവധി ശസ്ത്രകിയകളിലൂടെയും, ശാരീരിക മാറ്റങ്ങളിലൂടെയും അയാള്‍ ഒരു അന്യഗ്രഹ ജീവിയുടെ രൂപം നേടി. അയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഈ രൂപമാറ്റം വാര്‍ത്തയാക്കി. അയാള്‍ പ്രശസ്തനായി മാറി.
എന്നാല്‍ സത്യത്തില്‍, അയാള്‍ക്ക് നല്ല കാലമായിരുന്നില്ല വന്നത്. അതോടെ അയാളുടെ ശരിക്കുള്ള കഷ്ടകാലം ആരംഭിച്ചു. അയാള്‍ക്ക് മാത്രമേ അയാളുടെ രൂപം സ്വീകാര്യമായി തോന്നിയുള്ളൂ. മറ്റുള്ളവര്‍ക്ക് അയാള്‍ ശരിക്കും ഒരു അന്യഗ്രഹ ജീവിയായിരുന്നു. എല്ലാവരും അയാളെ അകറ്റി നിര്‍ത്തി. ഇപ്പോള്‍ ജോലിയ്ക്ക് പോലും ആരും അയാളെ പരിഗണിക്കുന്നില്ല. ആരും അടുപ്പിക്കുന്ന പോലുമില്ല.
ജീവിതത്തില്‍ ഒറ്റക്കായി പോയ അയാള്‍ അടുത്തിടെ തന്റെ ഇപ്പോഴത്തെ ദുരവസ്ഥയെ കുറിച്ച് ക്ലബ് 113 എന്ന ഒരു പോഡ്കാസ്റ്റില്‍ വിവരിച്ചു. പലരും തന്നെ കണ്ട് ഭയന്നോടുകയാണ് എന്നയാള്‍ പറയുന്നു. എന്നാല്‍ ആ രൂപം കണ്ടാല്‍ ആരും ഒന്ന് ഭയന്ന് പോകും എന്നത് വാസ്തവം.
പല്ലുകള്‍ പുറത്തേയ്ക്ക് തള്ളി, മൂക്കിന്റെ സ്ഥാനത്ത് രണ്ട് ദ്വാരങ്ങള്‍ മാത്രമുള്ള, ശരീരം മുഴുവന്‍ ടാറ്റൂ കൊണ്ട് മൂടിയ ഒരു കറുത്ത രൂപം. കഴിഞ്ഞില്ല, തലയിലാണെങ്കില്‍ മുടിയില്ല, മറിച്ച് അവിടവിടെയായി തള്ളി നില്‍ക്കുന്ന കുറെ മുഴകളുള്ള ഒരു തലയോട്ടി മാത്രമാണുള്ളത്. ചെവികള്‍ ശസ്ത്രക്രിയ വഴി പൂര്‍ണമായും നീക്കം ചെയ്തിരിക്കുന്നു. നാക്ക് ഒരു പാമ്പിന്റേതെന്ന പോലെ രണ്ടായി മുറിച്ചിരിക്കുന്നു.
Photo Gallery: അന്യഗ്രഹജീവിയെപ്പോലെ ജീവിക്കണം; ഈ ചെറുപ്പക്കാരന്‍ ചെയ്തത്.!
............................
ടാറ്റൂ ഒട്ടിച്ച് കണ്ണിനകവും കറുത്തതാക്കിയിരിക്കുന്നു. മഷി കണ്ണില്‍ ഒഴിക്കുമ്പോള്‍ ഒരു ചെറിയ പാകപ്പിഴ മതി കാഴ്ച ശക്തി പോകാന്‍. എന്നിട്ടും അയാള്‍ തന്റെ സ്വപ്നത്തിന് വേണ്ടി ആ സാഹസത്തിന് മുതിര്‍ന്നു. എന്നാല്‍ അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. ശരീരം മുഴുവന്‍ കറുത്ത നിറത്തിലുള്ള ടാറ്റൂ കുത്തിയും, ജന്തുക്കളുടെ കാല്‍ നഖം പോലെയാക്കാന്‍ ഇടത് കൈയുടെ രണ്ട് വിരലുകള്‍ മുറിച്ചുമാറ്റിയും തന്റെ ശരീരത്തില്‍ അയാള്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു. പല്ലുകള്‍ പോലും കൂര്‍ത്തതാക്കി. അയാള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ ശാരീരിക പരിഷ്‌കാരങ്ങള്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. തീര്‍ത്തും വെല്ലുവിളികള്‍ നിറഞ്ഞ, അപകടകരമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് അയാള്‍ തന്റെ ഇഷ്ടരൂപം നേടിയെടുത്തത്. ഇതിന് പിന്നില്‍ അയാളുടെ അദ്ധ്വാനവും, ത്യാഗവും ഉണ്ട്. പണച്ചിലവ് മാത്രമല്ല, കണക്കറ്റ വേദനയും അയാള്‍ ഇതിന് വേണ്ടി സഹിച്ചിട്ടുണ്ടാകും.
എന്നാല്‍ ഇപ്പോള്‍ അതെല്ലാം അയാള്‍ക്ക് തന്നെ തിരിച്ചടിയായി മാറുകയാണ്. ഈ വിചിത്രമായ രൂപം കാരണം ആരും അയാളെ അടുപ്പിക്കുന്നില്ല. പലരും ഭയന്ന് ഓടി പോവുകയാണ് ചെയ്യുന്നത്. ഇത് മൂലം താന്‍ വലിയ മാനസിക സമര്‍ദ്ദത്തിലാണ് എന്ന് ആന്റണി തുറന്ന് പറയുന്നു.
'എന്നെ കാണുമ്പോള്‍ ഉറക്കെ നിലവിളിക്കുകയും ഭയന്നോടുകയും ചെയ്യുന്നവരുണ്ട്. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. പക്ഷേ ആളുകള്‍ ഞാന്‍ ഒരു ഭ്രാന്തനാണെന്ന് കരുതുന്നു'- അയാള്‍ ബ്രിട്ടനിലെ ഇന്‍ഡിപെന്‍ഡന്റ് പത്രത്തോട് പറഞ്ഞു. നിങ്ങളില്‍ ഒരാളായി എന്നെ നിങ്ങള്‍ കാണണമെന്ന് അയാള്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു. തന്റെ രൂപം ആളുകളെ ഞെട്ടിച്ചേക്കാമെന്ന് തനിക്ക് അറിയാമെന്നും അതിനാല്‍ ആളുകളെ കാണുമ്പോള്‍ താന്‍ സ്വയം ഒതുങ്ങുകയാണെന്നും അയാള്‍ പറയുന്നു. 'ഞാനും നിങ്ങളെ പോലെ ഒരു മനുഷ്യനാണ്. എന്നെ ഒന്ന് മനസ്സിലാക്കൂ'- ആന്റണി അപേക്ഷിക്കുന്നു. മറ്റുള്ളവരെ പോലെ മാന്യമായി ജീവിക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമേ അയാള്‍ക്ക് ഇപ്പോളുള്ളൂ.