
പരീക്ഷകൾക്ക് വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നത് എന്നും അധ്യാപകർക്ക് തലവേദനയാണ്. അങ്ങോട്ടും ഇങ്ങോട്ടും നോക്കി എഴുതുന്നതും ചോദിച്ചെഴുതുന്നതും അതേ. എന്നാൽ, ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് ഫിലിപ്പീൻസിൽ നിന്നുള്ള ചില ചിത്രങ്ങളാണ്. കണ്ടാൽ ആർക്കായാലും ചിരി വരുന്നവയാണ് ആ ചിത്രങ്ങൾ. അതിൽ കോപ്പിയടിക്കാതിരിക്കാൻ വിദ്യാർത്ഥികളോട് തലയിൽ എന്തെങ്കിലും ധരിച്ചിട്ടു വരണം എന്നാണ് അധ്യാപകർ ആവശ്യപ്പെട്ടത്. എന്നാൽ, വിദ്യാർത്ഥികൾ ധരിച്ചിരിക്കുന്നതാവട്ടെ തമാശ തോന്നിക്കുന്ന ചില വസ്തുക്കളാണ്.
ചിലർ കാർഡ് ബോർഡ് ആണ് തലയിൽ വെട്ടിക്കൂട്ടി വച്ചതെങ്കിൽ ചിലർ മുട്ടയുടെ ട്രേ ആണ്. ചിലരാവട്ടെ ഹെൽമറ്റ് തന്നെ ധരിച്ച് പരീക്ഷക്കെത്തി. മറ്റ് ചിലർ ഷാൾ കൊണ്ട് തല മുഴുവനായും മറച്ചിട്ടുണ്ട്. ഒരുത്തൻ കണ്ണ് പേപ്പറിലേക്ക് മാത്രം കാണാവുന്ന തരത്തിലാണ് പരീക്ഷക്കിരിക്കുന്നത്. മറ്റൊരാൾ ക്ലാസിലിരിക്കുന്നത് കുടയും തുറന്ന് വച്ചാണ്.
ക്ലാസിൽ സത്യസന്ധത കൊണ്ടുവരണം എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ എന്ന് ഈ തമാശ നിറഞ്ഞ ചിത്രങ്ങളെ കുറിച്ച് അവരുടെ ടീച്ചർ ബിബിസിയോട് പറഞ്ഞു. ഈ ആശയം ശരിക്കും ഫലപ്രദമാണെന്ന് ബിക്കോൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായ മേരി ജോയ് മന്ദാനെ-ഓർട്ടിസ് പറഞ്ഞു.
ഒക്‌ടോബർ മൂന്നാമത്തെ ആഴ്ച നടന്ന മിഡ് ടേം പരീക്ഷകൾക്കാണ് ഇത് നടപ്പിലാക്കിയത്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതിയത്. പേപ്പർ വച്ച് എന്തെങ്കിലും ചെയ്യാനാണ് തങ്ങൾ വിദ്യാർത്ഥികളോട് പറഞ്ഞത് എന്ന് മന്ദാനെ ഓർട്ടിസ് പറഞ്ഞു. അടുത്ത് കാണുന്ന എന്തെങ്കിലും ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെടുത്ത് അഞ്ച് മിനിറ്റിനുള്ളിൽ തലയിൽ ധരിക്കാവുന്ന എന്തെങ്കിലും ഉണ്ടാക്കൂ എന്നാണത്രെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളോട് പറഞ്ഞത്. എന്നാൽ, അധ്യാപകരെ പോലും ഞെട്ടിച്ച് കൊണ്ട് വളരെ വ്യത്യസ്തമായ വസ്തുക്കളുമായിട്ടാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്.
ഫേസ്ബുക്കിൽ പ്രൊഫസർ പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധിപ്പേരാണ് ലൈക്കും കമന്റുമായി എത്തിയത്. ചിലർ പെട്ടെന്ന് പരീക്ഷ എഴുതി കഴിഞ്ഞു എന്നും കോപ്പിയടിച്ചതിന് ഇത്തവണ ആരെയും പിടിച്ചിട്ടില്ല എന്നും അധ്യാപിക പറയുന്നു.