
പ്രത്യേകിച്ചും കുട്ടിക്കാലത്ത് എന്തിനെങ്കിലും വേണ്ടി വാശിവിടിച്ച് കരയുമ്പോള്‍ മുതിര്‍ന്നവര്‍ പറയുന്ന കളിയാക്കലുകളിലൊന്നാണ് 'ഓ അവന്‍റൊരു മുതലക്കണ്ണീര്...' എന്ന്. ഇന്ന് കുട്ടികളുടെ ചില റീല്‍സുകളിലും ഈ പ്രയോഗം ഉപയോഗിച്ച് കാണാം. വ്യാജമായ കരച്ചിലുകളെ അല്ലെങ്കില്‍ ഉള്ളില്‍ത്തട്ടിയുള്ള കരച്ചിലുകളല്ലെന്ന് തോന്നുന്ന എല്ലാ കരച്ചിലുകളും നമ്മുക്ക് മുതലക്കണ്ണീരാണ്. എന്നാല്‍ എന്താണ് മുതലക്കണ്ണീരെന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഈ മുതലക്കണ്ണീലെല്ലാം വ്യാജമാണോയെന്ന്? അതുമല്ലെങ്കില്‍ എന്തു കൊണ്ടാകും മുതലകളുടെ കണ്ണീരിന് ആത്മാര്‍ത്ഥതയില്ലെന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മറ്റ് മൃഗങ്ങളെ പോലെ മനുഷ്യനും ഒരു മൃഗമാണ്. എന്നിട്ടും എന്തുകൊണ്ടാകും മുതലയുടെ കണ്ണീര് മാത്രം വ്യാജമെന്ന ബോധത്തിലേക്ക് നമ്മുടെ പൂര്‍വ്വീകര്‍ എത്തിച്ചേരുകയും അതില്‍ നിന്ന് ഒരു സാംസ്കാരിക ജ്ഞാനം ഉല്‍പ്പാദിപ്പിക്കുകുയും ചെയ്തത്? പല സംസ്കാരങ്ങളിലും ഈ ജ്ഞാനം ഒരുപോലെതന്നെയാകാന്‍ കാരണവും എന്തായിരിക്കാം? ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നാല്‍, ഇത്തരം പഴഞ്ചൊല്ലുകളുടെ പതിര് അന്വേഷിച്ച ചിലരുമുണ്ടായിരുന്നു. കേട്ടതെല്ലാം അപ്പടി ഏറ്റ് ചൊല്ലാന്‍ തയ്യാറല്ലാത്തവര്‍. അത്തരത്തിലുള്ളവരില്‍ പെട്ടതായിരുന്നു ന്യൂറോളജിസ്റ്റ് ഡി മാൽക്കം ഷാനറും സുവോളജിസ്റ്റ് കെന്‍റ് എ വ്ലിറ്റും. ഇരുവരും 'മുതലക്കണ്ണീരി'ലെ പതിര് തേടി.
കൂടുതല്‍ വായിക്കാന്‍: ഭാഷാ പഠനം; മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു?
മൃഗങ്ങളുടെ കണ്ണുനീരിനെ കുറിച്ച് മുമ്പും പല പഠനങ്ങളും നടന്നിട്ടുണ്ട്. മനുഷ്യന്‍ മുതൽ മൃഗങ്ങൾ വരെയുള്ള മൃഗങ്ങളുടെ കണ്ണുനീരിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയപ്പോൾ എല്ലാവരുടെയും കണ്ണുനീരിൽ ഒരേ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അവ കണ്ണുനീർ നാളത്തിൽ നിന്ന് പുറത്തുവരുന്നുണ്ടെന്നും കണ്ടെത്തി. പ്രത്യേക ഗ്രന്ഥിയിൽ നിന്ന് വരുന്ന കണ്ണുനീരിൽ ധാതുക്കളും പ്രോട്ടീനുകളും ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാല്‍ 2006 ലാണ് ഡി മാൽക്കം ഷാനറും കെന്‍റ് എ വ്ലിറ്റും അമേരിക്കൻ ചീങ്കണ്ണികളുടെയും മുതലകളുടെയും കണ്ണീരിനെ കുറിച്ച് ഗവേഷണം നടത്തുന്നത്. കരയില്‍ വളരെ ഉണങ്ങിയ പ്രദേശത്ത് വിശ്രമിക്കുകയായിരുന്ന ചീങ്കണികളിലായിരുന്നു പരീക്ഷണം. ഇവയ്ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ ഇവയുടെ കണ്ണില്‍ നിന്നും കുമിളകളും കണ്ണീരും പ്രവഹിക്കാന്‍ തുടങ്ങി. എന്നാല്‍, ചീങ്കണ്ണികള്‍ ഈ സമയം ദുഃഖിതരായിരുന്നില്ല. മറിച്ച് ആസ്വദിച്ച് ഭക്ഷണം കഴിക്കുമ്പോളും അവരുടെ കണ്ണുനീര്‍ ഒഴുകുകയായിരുന്നു. മുതലകളിലും ഈ പ്രത്യേകത ആവര്‍ത്തിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ കണ്ണുനീരും ഒഴുകി.
ചീങ്കണ്ണികളും മുതലകളും തമ്മിൽ ശാരീരികമായി ചെറിയ വ്യത്യാസമുണ്ട്. ഇത് കൂടാതെ മുതലയുടെ വായ ചെറുതും ഒപ്പം U- ആകൃതിയിലുള്ളതും ചീങ്കണ്ണിയുടെ വായയുടെ ആകൃതിയാകട്ടെ V -യാണ്. മുതലകളുടെ അപേക്ഷിച്ച് കുറച്ച് നീണ്ടതും. എന്നാല്‍, ഇവ രണ്ടും ഭക്ഷണം കഴിക്കുമ്പോൾ കണ്ണീർ പൊഴിക്കുന്നു. അവരുടെ കണ്ണുനീർ പ്രോട്ടീനുകളാലും ധാതുക്കളാലും സമ്പന്നമാണ്. അതിനാല്‍ തന്നെ ഈച്ചകൾ ഈ കണ്ണുനീർ ഭക്ഷിക്കാനെത്തുന്നു. എന്നാല്‍, ഇവരുടെ കണ്ണുനീര്‍ എല്ലായിപ്പോഴും വ്യാജമല്ലെന്ന് ഇരുവരും പറയുന്നു. ഇവര്‍ സങ്കടപ്പെടുമ്പോഴും വേദനിക്കുമ്പോഴും കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്. പക്ഷേ ഭക്ഷണം കഴിക്കുമ്പോഴും ഇവ 'വ്യാജ' കണ്ണുനീര്‍ പുറപ്പെടുവിക്കുന്നു. വിശപ്പടക്കുമ്പോള്‍ പോലും കരയുന്നതിനാലാകും മുതലകളുടെ കണ്ണുനീര്‍ വ്യാജമെന്ന ഖ്യാതി നേടിയത്. അതൊരു പഴഞ്ചൊല്ലായി പരിണമിച്ചതും.
കൂടുതല്‍ വായിക്കാന്‍: 65 വർഷങ്ങൾക്ക് ശേഷം നിഗൂഢതകൾ മറനീക്കി, 'അമേരിക്കയുടെ അജ്ഞാതനായ കുട്ടി' യെ തിരിച്ചറിഞ്ഞു!