കൈകളില്ല, നന്നായി പാചകം ചെയ്യും, വിറക് വെട്ടും, കൃഷി ചെയ്യും, അതിമനോഹരമായി എഴുതും

By Web TeamFirst Published Jun 28, 2022, 12:12 PM IST
Highlights

വെറും എട്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹം തയ്യലിൽ വൈദഗ്ദ്ധ്യം നേടുന്നത്. അതിന് കാരണം അദ്ദേഹത്തിന്റെ മുത്തശ്ശിയാണ്. കുടുംബത്തിന് സംഭാവനയായി ലഭിച്ചതോ, അല്ലെങ്കിൽ ആരെങ്കിലും ഉപേക്ഷിച്ചതോ ആയ കീറത്തുണികൾ തുന്നിച്ചേർത്ത് മുത്തശ്ശി ഉടുപ്പുകൾ ഉണ്ടാക്കും. കുട്ടിയായിരിക്കുമ്പോൾ അവൻ കൗതുകത്തോടെ അതും നോക്കി ഇരിക്കും. കുറച്ച് കൂടി വലുതായപ്പോൾ, തുന്നാൻ അവനും മുത്തശ്ശിയോടൊപ്പം കൂടാൻ തുടങ്ങി.

ചൈനയിലെ 33 -കാരനായ ഫാൻ യുടിയൻ നന്നായി പാചകം ചെയ്യും, വിറക് വെട്ടും, കൃഷി ചെയ്യും, അതിമനോഹരമായി എഴുതും. എന്നാൽ, അതിലൊരു പ്രത്യേകതയുള്ളത്, അദ്ദേഹത്തിന് കൈകളില്ല. തന്റെ രണ്ട് കാലുകൾ ഉപയോഗിച്ചാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. ഒരു മനുഷ്യന് കൈകൾ കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹം തന്റെ കാലുകൾ കൊണ്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ വ്യത്യസ്തമായ ജീവിതം കാണാൻ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഉറ്റുനോക്കുന്നത്.      

തെക്കൻ ചൈനയിലെ ഫുചുവാൻ കൗണ്ടിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് നിരവധി കാര്യങ്ങളിൽ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ നീന്തൽ, കാലിഗ്രാഫി, നൃത്തം, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങളിൽ ഫാൻ അവാർഡുകൾ നേടിയിട്ടുണ്ട്. ഒരു അപകടത്തിലാണ് അദ്ദേഹത്തിന് ഇരുകൈകളും നഷ്ടപ്പെടുന്നത്. മൂന്നാമത്തെ വയസിലായിരുന്നു അത്. എന്നാൽ, ഇപ്പോൾ തന്റെ കാലുകൾ വച്ച് അദ്ദേഹം ചെയ്യാത്ത കാര്യങ്ങളില്ല. പാചകം ചെയ്യാനും, കൃഷി ചെയ്യാനും, വസ്ത്രങ്ങൾ തുന്നാനും ഒക്കെ അദ്ദേഹം തന്റെ പാദങ്ങൾ ഉപയോഗിക്കുന്നു. അതിന്റെ വീഡിയോകൾ ഓൺലൈനിൽ അദ്ദേഹം പങ്കിടുകയും ചെയ്യുന്നു. ടിക്‌ടോക്കിൽ അദ്ദേഹത്തിന്റെ വ്യത്യസ്തമായ വീഡിയോകൾക്ക് 263,000 ഫോളോവേഴ്‌സുണ്ട്. 

വെറും എട്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹം തയ്യലിൽ വൈദഗ്ദ്ധ്യം നേടുന്നത്. അതിന് കാരണം അദ്ദേഹത്തിന്റെ മുത്തശ്ശിയാണ്. കുടുംബത്തിന് സംഭാവനയായി ലഭിച്ചതോ, അല്ലെങ്കിൽ ആരെങ്കിലും ഉപേക്ഷിച്ചതോ ആയ കീറത്തുണികൾ തുന്നിച്ചേർത്ത് മുത്തശ്ശി ഉടുപ്പുകൾ ഉണ്ടാക്കും. കുട്ടിയായിരിക്കുമ്പോൾ അവൻ കൗതുകത്തോടെ അതും നോക്കി ഇരിക്കും. കുറച്ച് കൂടി വലുതായപ്പോൾ, തുന്നാൻ അവനും മുത്തശ്ശിയോടൊപ്പം കൂടാൻ തുടങ്ങി. അങ്ങനെയാണ് അവൻ തുന്നൽ ശീലിച്ചത്. കൂടാതെ, കുട്ടിക്കാലത്ത് പാചകം, നീന്തൽ, മീൻപിടിത്തം, കൃഷിപ്പണികൾ തുടങ്ങിയ പല കാര്യങ്ങളും അവൻ പഠിച്ചു. എന്നാൽ, കൈകൾ ഇല്ലാത്ത അവനെ കുട്ടിയായിരുന്നപ്പോൾ പലരും  അവജ്ഞയോടെയാണ് വീക്ഷിച്ചിരുന്നത്. എന്നാൽ അവന്റെ കാലു ഉപയോഗിച്ച് പലതും അവൻ ചെയ്യാൻ തുടങ്ങിയപ്പോൾ, പലരും അവനെ ഒരു മാതൃകയാക്കാൻ തുടങ്ങി. ‘കൈയില്ലാത്ത ആ കുട്ടിയെ നോക്കൂ, അവൻ നിങ്ങളെക്കാൾ മിടുക്കനാണ്’ അധ്യാപകരും രക്ഷിതാക്കളും പറയാൻ തുടങ്ങി.    

കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കാരണം ചെറുപ്പത്തിൽ തന്നെ സ്‌കൂൾ പഠനം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹം വിവിധ സ്കൂളുകളിൽ ഒരു മോട്ടിവേഷണൽ സ്‌പീക്കർ എന്ന നിലയിൽ അതിഥിയായി പോകുന്നു. തന്റെ പ്രസംഗങ്ങൾ കൊണ്ട് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നു. തന്റെ മനോഹരമായ കയ്യെഴുത്ത് വിറ്റും, ഒരു മോട്ടിവേഷണൽ സ്‌പീക്കറായി പ്രവർത്തിച്ചും അദ്ദേഹം പണം സമ്പാദിക്കുന്നു.

click me!