പ്രിയപ്പെട്ട നായ മരണപ്പെട്ടു, പുള്ളിപ്പുലിയെ ദത്തെടുത്ത് യുവതി

By Web TeamFirst Published Jun 28, 2022, 11:33 AM IST
Highlights

“ഞാൻ സയാജിബാഗ് മൃഗശാലയിൽ മൃഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചു. ഒടുവിൽ ഒരു പുള്ളിപ്പുലിയെ കണ്ടെത്തി. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ദത്തെടുക്കൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” അവൾ പറഞ്ഞു.

ഗരിമ മാൽവങ്കരെ എന്ന വഡോദരക്കാരി ദത്തെടുത്തത് ഒരു പുലിയെ. പുലിയെ ദത്തെടുക്കാൻ എന്താണ് കാരണം എന്നല്ലേ? ഈ പുലിയെ ദത്തെടുക്കുന്നതിന് മുൻപ് തന്നെ അവൾക്ക് ഒരു ഓമന വളർത്ത് മൃഗം ഉണ്ടായിരുന്നു, ഒരു നായ. പ്ലൂട്ടോ എന്നായിരുന്നു അതിന്റെ പേര്. കഴിഞ്ഞ വർഷം പെട്ടെന്ന് അസുഖം ബാധിച്ച് പ്ലൂട്ടോ മരണപ്പെടുകയായിരുന്നു.

സംസ്ഥാന അസംബ്ലിയിൽ ജോലി ചെയ്യുകയാണ് ഗരിമ. തന്റെ വളർത്ത് മൃഗത്തിന്റെ അകാലത്തിലുള്ള വേർപാട് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. പ്ലൂട്ടോയ്ക്ക് പകരം മറ്റൊരു വളർത്ത് മൃഗം തനിക്ക് ഉണ്ടാകില്ലെന്ന് അവൾ തീർച്ചപ്പെടുത്തി. തന്റെ സ്നേഹം മറ്റൊരു വളർത്തുമൃഗവുമായി ഇനി പങ്ക് വക്കില്ലെന്ന് അവൾ ഉറപ്പിച്ചു. അങ്ങനെ ഇരിക്കെ അവൾ ഒരു ദിവസം നഗരത്തിലെ സയാജിബാഗ് മൃഗശാലയിലേക്ക് പോയി. എന്നാൽ അവിടെ വച്ച് അവൾ ഒരു പുള്ളിപ്പുലിയെ കാണുകയും, അതിനോട് അവൾക്ക് അടക്കാൻ കഴിയാത്ത വാത്സല്യവും, സ്നേഹവും അനുഭവപ്പെടുകയും ചെയ്തു. അങ്ങനെ അവൾ അതിനെ ദത്തെടുക്കാൻ തീരുമാനിച്ചു. പ്ലൂട്ടോയുടെ ഓർമ്മക്കായിട്ടാണ് അവൾ ഈ ദത്തെടുക്കൽ പദ്ധതിയിൽ ചേർന്നത്.  

ജൂൺ 24 -നാണ് പ്ലൂട്ടോ ജനിച്ചത്. അത് ഒരു ലാബ്രഡോർ ഇനത്തിൽ പെട്ട നായയായിരുന്നു. വീട്ടുകാരുമായി അത് പെട്ടെന്ന് തന്നെ അടുത്തു. അത് ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. അതിനെ അവർ തുടലിൽ ഇട്ടിരുന്നില്ല. അത് ആ വീട്ടിലാകെ സ്വാതന്ത്ര്യത്തോടെ ഓടി നടന്നു. എന്നാൽ ഒരു അസുഖത്തെ തുടർന്ന് അപ്രതീക്ഷിതമായി പ്ലൂട്ടോ മരിച്ചു. മരണശേഷം, അതിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ ഗരിമ ആഗ്രഹിച്ചു. അങ്ങനെയാണ് പ്ലൂട്ടോയുടെ ജന്മദിനത്തിൽ ഒരു മൃഗത്തെ ദത്തെടുക്കാൻ അവൾ തീരുമാനിച്ചത്. പ്ലൂട്ടോയുടെ ഓർമ്മയ്ക്കായി തെരുവ് നായ്ക്കൾക്ക് അവൾ ഭക്ഷണം നൽകുമായിരുന്നു. എന്നാൽ അതിലും അധികമായി എന്തെങ്കിലും ചെയ്യാൻ അവൾ ആഗ്രഹിച്ചു. 

“ഞാൻ സയാജിബാഗ് മൃഗശാലയിൽ മൃഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചു. ഒടുവിൽ ഒരു പുള്ളിപ്പുലിയെ കണ്ടെത്തി. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ദത്തെടുക്കൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” അവൾ പറഞ്ഞു. മൃഗശാലയിൽ എത്തുന്നവർ കൂടുതലും പക്ഷികളെയാണ്  ദത്തെടുക്കുന്നതെന്ന് അവൾ പറഞ്ഞു. വന്യ ജീവികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അധികമാരും വരാറില്ലെന്നും അവൾ കൂട്ടിച്ചേർത്തു.

പൗരന്മാരുടെ ഇത്തരം ദത്തെടുക്കൽ മൃഗങ്ങൾക്ക് രക്ഷയാണെന്നും, വന്യമൃഗങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ  ഇത് സഹായിക്കുമെന്നും സയാജിബാഗ് മൃഗശാല ക്യൂറേറ്റർ പ്രത്യുഷ് പതങ്കർ പറഞ്ഞു. “ഫണ്ടുകൾ വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ (വിഎംസി) കോർപ്പസിലേക്കാണ് പോകുന്നത്. നിലവിൽ, പക്ഷികളെയും മൃഗങ്ങളെയും ദത്തെടുത്ത 16 ആളുകളുണ്ട്. അവർക്ക് ഞങ്ങൾ പ്രശംസ സർട്ടിഫിക്കറ്റ് നൽകും” അദ്ദേഹം പറഞ്ഞു.  

(ചിത്രം പ്രതീകാത്മകം)

click me!