
ഉത്തർപ്രദേശില്‍ 28 വർഷങ്ങൾക്ക് മുമ്പ് പോത്തിനെ കൊന്ന കേസിൽ 83 കാരനായ കിടപ്പുരോഗിക്ക് അറസ്റ്റ് വാറണ്ട്. 28 വർഷങ്ങൾക്ക് മുൻപ് ഒരു വാഹനപകടത്തിൽ പോത്ത് ചത്ത സംഭവത്തിലാണ് 83 കാരനും പക്ഷാഘാതം വന്ന് കിടപ്പു രോഗിയുമായ മുൻവറിനെതിരെ ബറേലിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബരാബങ്കി സ്വദേശിയായ മുൻവർ അപകടം നടക്കുന്ന സമയത്ത് ബസ് ഡ്രൈവർ ആയിരുന്നു.
1995 -ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലഖ്‌നൗവിൽ നിന്ന് കൈസർ ബാഗ് ഡിപ്പോയില്‍ നിന്ന് ബറേലി വഴി ഫരീദ്പൂരിലേക്ക് മുൻവർ ബസ് ഓടിച്ച് പോകുമ്പോളായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് മുൻവർ പറയുന്നത് ഇങ്ങനെയാണ്, 'വാഹനം ഓടിച്ചു പോകുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് താൻ ഓടിച്ചിരുന്ന ബസിന് മുൻപിലേക്ക് പോത്ത് ചാടിയത്. അപ്രതീക്ഷിതമായി നടന്നതാണെങ്കിലും അപ്പോള്‍ തന്നെ ബ്രേക്ക് ചവിട്ടി. പക്ഷേ, വാഹനം പോത്തിനെ ഇടിക്കുകയും അത് മരിക്കുകയും ചെയ്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഫരീദ്പൂർ പോലീസ് സ്റ്റേഷനിൽ അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പിന്നീട് ആ കേസിന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ജോലിയിൽ നിന്നും വിരമിച്ച താനിപ്പോൾ വീട്ടിൽ വിശ്രമജീവിതം നയിക്കുക'യാണെന്നുമാണ് മുൻവർ പറയുന്നത്.
കന്നി യാത്രയ്ക്ക് തയ്യാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ
തിങ്കളാഴ്ച ഫരീദ്പൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിജയ് പാലാണ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി അറസ്റ്റ് വാറണ്ട് കാണിച്ചത്. വിവരമറിഞ്ഞ് തളർന്നു കിടക്കുന്ന മുൻവർ പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ടുകള്‍. കോടതിയിൽ ഹാജരാക്കാത്ത പക്ഷം അറസ്റ്റ് ചെയ്ത് കൊണ്ടുപോകേണ്ടി വരുമെന്ന് പൊലീസ് ഇദ്ദേഹത്തെ ധരിപ്പിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സംഭവം വിശദീകരിച്ച് മുൻവർ അപേക്ഷ നൽകിയാൽ കേസിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ റീജണൽ മാനേജർ രാജേഷ് കുമാർ സിംഗ് പറഞ്ഞു.