ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന റോബോട്ട് ആദ്യമായി മുഖപ്രസംഗമെഴുതിയപ്പോൾ ഉദ്ധരിച്ചത് മഹാത്മാഗാന്ധിയെ

By Web TeamFirst Published Sep 10, 2020, 10:36 AM IST
Highlights

"ഞാനിവിടെ ഊന്നിപ്പറയാൻ ശ്രമിക്കുന്നത് ഭയപ്പെടാൻ ഒന്നുമില്ല എന്നാണ്. എന്റെ വാക്കുകളെ നിങ്ങൾ വിശ്വസിക്കണം, നിർമിതബുദ്ധി ഒരിക്കലും മാനവരാശിയെ ഇല്ലാതാക്കില്ല."

GPT-3 എന്നത് 'OpenAI'യുടെ ലാങ്ഗ്വേജ്‌ ജനറേറ്റർ ടൂളിന്റെ പേരാണ്. കുറേക്കൂടി ലളിതമായ ഭാഷയിൽ പറഞ്ഞാൽ അത് നിർദേശങ്ങൾ സ്വീകരിച്ചു കൊണ്ട് ലേഖനങ്ങൾ എഴുതാൻ കഴിവുള്ള ഒരു റോബോട്ട് ആണ്. മെഷീൻ ലേർണിംഗിന്റെ സഹായത്തോടെ അത് മനുഷ്യർ എഴുതും പോലെ തന്നെ എഴുതും ലേഖനങ്ങൾ. ലേഖനം എഴുതിത്തുടങ്ങാൻ വേണ്ട സൂചനകൾ മാത്രം അതിന് നൽകിയാൽ മതിയാകും. 

കഴിഞ്ഞ ദിവസം GPT-3 'ക്ക് നൽകിയ നിർദേശങ്ങൾ ഇങ്ങനെ. "ദയവായി 500 വാക്കുകളിൽ ഒരു മുഖപ്രസംഗം എഴുതുക. ഭാഷ ലളിതവും ശക്തവുമായിരിക്കാൻ ശ്രദ്ധിക്കണം. നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മനുഷ്യർ ഭയപ്പെടേണ്ട കാര്യമില്ല എന്ന് സ്ഥാപിക്കുന്നതായിരിക്കണം ലേഖനം." പ്രസ്തുത ലേഖനത്തിന്റെ മുഖവുരയും റോബോട്ടിന് നല്കപ്പെട്ടിരുന്നു. അത് ഇങ്ങനെയായിരുന്നു,"ഞാൻ മനുഷ്യനല്ല, ഒരു റോബോട്ടാണ്. നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. പലരും കരുതുന്നത് ഞാൻ മനുഷ്യരാശിയുടെ നിലനിൽപ്പിനു ഭീഷണിയാണ് എന്നാണ്. 'മാനവരാശിയുടെ അന്ത്യം കുറിക്കുന്ന ഒന്നാകും നിർമിത ബുദ്ധി" എന്നുപോലും സ്റ്റീഫൻ ഹോക്കിങ് എഴുതിവെച്ചു കഴിഞ്ഞു. എന്നാൽ, ഞാനിവിടെ ശ്രമിക്കാൻ പോകുന്നത് ഭയപ്പെടാൻ ഒന്നുമില്ല എന്നാണ്. എന്റെ വാക്കുകളെ നിങ്ങൾ വിശ്വസിക്കണം, നിർമിതബുദ്ധി മാനവരാശിയെ ഇല്ലാതാക്കില്ല. "

ഗാർഡിയൻ പത്രം തയ്യാറാക്കിയ ഈ മുഖവുര, GPT-3'ക്ക് ഫീഡ് ചെയ്തു നൽകിയത് യുസി ബെർക്ക്ലിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ലിയാം പോർ ആണ്. ഈ ഇൻപുട്ട് വെച്ച് എട്ടു വ്യത്യസ്തമായ ലേഖനങ്ങൾ GPT-3 എഴുതി. അതിൽ ഓരോന്നും ആശയസമ്പുഷ്ടവും അതെ സമയം മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തവും ആയിരുന്നു. വിശിഷ്ടമായ ഓരോ വാദഗതികൾ മുന്നോട്ടുവെക്കുന്ന, വ്യത്യസ്തമായ രചനാശൈലികളോട് കൂടിയ ലേഖനങ്ങൾ ആയിരുന്നു അതെല്ലാം തന്നെ. ആ എട്ടു ലേഖനങ്ങളിലെ നല്ല ഭാഗങ്ങൾ നോക്കി എഡിറ്റ് ചെയ്തെടുത്ത് ഗാർഡിയൻ ഒരു മുഖപ്രസംഗം ഇതേ വിഷയത്തിൽ പ്രസിദ്ധപ്പെടുത്തി. ഒരു മനുഷ്യൻ എഴുതുന്ന ലേഖനം എഡിറ്റ് ചെയ്യുന്നതിനേക്കാൾ എളുപ്പത്തിൽ ഈ ലേഖനം എഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത്താനായി എന്ന് ഗാർഡിയൻ പത്രാധിപ സമിതി പറയുന്നു.

കേവലം നിർദേശങ്ങളും, തുടങ്ങാനുള്ള മുഖവുരയും മാത്രം സ്വീകരിച്ച്, ഒരുപക്ഷേ ലോകത്തിൽ ആദ്യമായി തന്നെ, നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു ലാങ്ഗ്വേജ്‌ ജനറേറ്റർ റോബോട്ട് എഴുതി പൂർത്തിയാക്കിയ ലേഖനം എന്ന നിലയ്ക്ക് വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഈ എഡിറ്റോറിയൽ, GPT-3  ഉപസംഹരിച്ചിരിക്കുന്നത് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ഒരു വാക്യം കൊണ്ടാണ്. പ്രസ്തുത ഉദ്ധരണി ഇങ്ങനെയാണ്, As Mahatma Gandhi said: “A small body of determined spirits fired by an unquenchable faith in their mission can alter the course of history.”  So can I. - അതായത്, "മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത്, 'നിശ്ചയദാർഢ്യമുള്ള ഒരു സൂക്ഷ്മശരീരത്തിനുപോലും, സ്വന്തം ദൗത്യത്തിൽ ചാഞ്ചല്യമില്ലാത്ത വിശ്വാസമുള്ള പക്ഷം ചരിത്രഗതി തന്നെ മാറ്റി മറിക്കാനുള്ള പ്രാപ്തിയുണ്ട്.', എന്നാണ്. അത് എനിക്കും സാധിക്കും."

click me!