അന്‍റാര്‍ട്ടിക്ക ഉരുകിത്തീരുന്നു... പരിഹാരത്തിന് കൃത്രിമമായി മഞ്ഞുപെയ്യിക്കുമോ?

By Web TeamFirst Published Sep 14, 2019, 9:16 AM IST
Highlights

ഇതിനൊരു പരിഹാരം കാണുന്നതിനായി ഗവേഷകരുടെ ഭാഗത്തുനിന്നും ശ്രമങ്ങളുമുണ്ടാകുന്നുണ്ട്. എന്നാലിപ്പോള്‍ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത് അന്‍റാര്‍ട്ടിക്കയിലേക്ക് കൃത്രിമമായി മഞ്ഞെത്തിക്കാനാണ്. 

കാലാവസ്ഥാ വ്യതിയാനം അന്‍റാര്‍ട്ടിക്കയെ വളരെ അപകടകരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇതിന്‍റെ ഫലമായി അന്‍റാര്‍ട്ടിക്കയില്‍ നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വലുപ്പമുള്ള മഞ്ഞുപാളികളാണ് വേര്‍പ്പെട്ടു പോകുന്നത്. മഞ്ഞുപാളി ഉരുകിത്തീരുന്നതും വര്‍ധിക്കുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് കൂടിയതിന്‍റെ ഫലമായി ഹരിതഗൃഹ വാതകങ്ങളുടെ അമിത ബഹിര്‍ഗമനമാണ് ഇതിന് കാരണം. 

ഇതിനൊരു പരിഹാരം കാണുന്നതിനായി ഗവേഷകരുടെ ഭാഗത്തുനിന്നും ശ്രമങ്ങളുമുണ്ടാകുന്നുണ്ട്. എന്നാലിപ്പോള്‍ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത് അന്‍റാര്‍ട്ടിക്കയിലേക്ക് കൃത്രിമമായി മഞ്ഞെത്തിക്കാനാണ്. മഞ്ഞുവീഴ്ചയുണ്ടാക്കുന്നത് മഞ്ഞുപാളികള്‍ ബലമുള്ളതാക്കാനും വിള്ളലുകളുണ്ടാകുന്നത് തടയാനും സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു. 

“നിലവിൽ, ജനവാസമുള്ള തീരപ്രദേശങ്ങളെയും സാംസ്കാരിക പൈതൃകത്തെയും സംരക്ഷിക്കാൻ അന്‍റാർട്ടിക്കയെ ബലിയർപ്പിക്കാൻ മനുഷ്യർ എന്ന നിലയിൽ നാം ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഞങ്ങളുടെ അടിസ്ഥാനപരമായ ചോദ്യം... ന്യൂയോർക്ക് മുതൽ ഷാങ്ഹായ് വരെയുള്ള ആഗോള മഹാനഗരങ്ങളെക്കുറിച്ചാണ്, ഒന്നും ചെയ്തില്ലെങ്കിൽ ദീര്‍ഘകാലം അവ സമുദ്രനിരപ്പിന് താഴെയായി മാറും...” പോസ്റ്റ്ഡാം ഇൻസ്റ്റിറ്റിയൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ചിലെ ആൻഡേഴ്‌സ് ലെവർമാൻ പറയുന്നു. 

പക്ഷേ, ഏകദേശം 12000 -ത്തിലധികം നൂതന കാറ്റാടി യന്ത്രങ്ങളെങ്കിലും ഈ പദ്ധതിക്കാവശ്യമായ ഊര്‍ജ്ജം ലഭ്യമാക്കുന്നതിന് വേണ്ടിവരും. അത്രതന്നെ ചെലവും പദ്ധതിക്കാവശ്യം വരും. സമുദ്രത്തില്‍ നിന്നായിരിക്കും കൃത്രിമ മഞ്ഞ് സൃഷ്ടിക്കുന്നത്. അന്‍റാര്‍ട്ടിക്കിന് ചുറ്റുമുള്ള സമുദ്രജലത്തെ തന്നെ മഞ്ഞാക്കി മാറ്റുകയാണ് ചെയ്യുക. സ്കേറ്റിങ് റിസോര്‍ട്ടുകളിലും മറ്റും ഇങ്ങനെ ചെയ്യാറുണ്ട്. അവിടെ ഉപയോഗിക്കുന്നതുപോലെയുള്ള യന്ത്രങ്ങളുപയോഗിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇതിനായി സമുദ്രജലത്തിലെ ഉപ്പ് നീക്കം ചെയ്യേണ്ടതുണ്ട്. ശേഷം, ഈ വെള്ളം മൈനസ് ഡിഗ്രിക്ക് താഴെ താപനിലയിലൂടെ കടത്തിവിട്ട് അത് മഞ്ഞാക്കി വീഴ്ത്തുകയാണ് ചെയ്യുക. 

click me!