അരവിന്ദ് കെജ്‌രിവാൾ: കൃത്യമായ പ്ലാനിങ്, ചിട്ടയായ പ്രവർത്തനം, ഒടുവിൽ സർവം ശുഭം

By Web TeamFirst Published Feb 12, 2020, 11:08 AM IST
Highlights

അരവിന്ദ് കെജ്‌രിവാൾ എന്ന മുൻ ബ്യൂറോക്രാറ്റിന് തന്റെ പ്രവർത്തനങ്ങളുടെ ഫലസിദ്ധിയിൽ അപാരമായ ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൂർണ്ണമായ ഉറപ്പോടെ, "എന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ ബോധിച്ചിട്ടുണ്ടെങ്കിൽ മാത്രം നിങ്ങളെനിക്ക് വോട്ടുചെയ്താൽ മതി " എന്ന് പറയാൻ അദ്ദേഹത്തിനായി

കഴിഞ്ഞ ഡിസംബറിൽ തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാളിന്റെ മുന്നിലുണ്ടായിരുന്നത് ഒരു ജീവൻ മരണ പോരാട്ടമായിരുന്നു. ആർത്തിരമ്പുന്ന കടൽ പോലെ, സർവ്വസന്നാഹങ്ങളും ദില്ലിയിലേക്ക് കേന്ദ്രീകരിച്ച് അരവിന്ദ് കെജ്‌രിവാളിനെ പൂട്ടാൻ അമിത് ഷായും മോദിയും കച്ചകെട്ടിയിറങ്ങിയപ്പോൾ അദ്ദേഹത്തിന് രണ്ടും കല്പിച്ച് പോരാടുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അത്രയ്ക്ക് വലിയതോതിലുള്ള ഒരു പ്രചാരണ മഹാമഹമായിരുന്നു ബിജെപിയുടേത്. 35 റാലികളിലും ഒമ്പതു റോഡ് ഷോകളിലും സംബന്ധിച്ചുകൊണ്ട് അമിത് ഷാ നേരിട്ട് നിയന്ത്രിച്ച പ്രചാരണം. അതിനുപുറമേ, നാല്പതോളം മീറ്റിങ്ങുകളിൽ ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യം. അവസാനപാദത്തിൽ ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും ഒക്കെ രംഗത്തിറക്കി പ്രചാരണം പരമാവധി കൊഴുപ്പിച്ചിരുന്നു. ഇവർക്കൊക്കെ പുറമെ നിതിൻ ഗഡ്കരിയും, രാജ്‌നാഥ് സിങ്ങും വരെ പല യോഗങ്ങളിലും സംബന്ധിച്ച് പ്രചാരണം നടത്തിയിരുന്നു. ഇതിനെയൊക്കെ പ്രതിരോധിക്കാൻ, മറുവശത്തു ഒരേയൊരു ബാഹുബലി മാത്രം, അരവിന്ദ് കെജ്‌രിവാൾ.

തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുമ്പുള്ള മാസങ്ങളിൽ കെജ്‌രിവാൾ സ്ത്രീകൾക്ക് മെട്രോയിൽ യാത്ര സൗജന്യമാക്കി. 200 യൂണിറ്റിൽ താഴെ വരുന്ന ഉപഭോഗത്തിന് വൈദ്യുതി ബിൽ വേണ്ടെന്നു വെച്ചു. അങ്ങനെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ പല ജനപ്രിയ നടപടികൾക്കും പുറമെ, തെരുവുകളിൽ എല്ലാം തന്നെ വെളിച്ചം കൊണ്ടുവരും, സിസിടിവി കാമറ വെക്കും, സ്‌കൂളുകൾ ഇനിയും സ്ഥാപിക്കും, എല്ലായിടത്തും വെള്ളമെത്തിക്കും അങ്ങനെ പല അടിസ്ഥാന സൗകര്യ വികസന വാഗ്ദാനങ്ങളും അദ്ദേഹം തന്റെ റാലികളിൽ ആവർത്തിച്ചു. പ്രകോപനപരമായ പ്രസംഗങ്ങളെക്കാൾ ജനങ്ങളെ സ്വാധീനിക്കാനുള്ള ശക്തി അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താം എന്ന വാഗ്ദാനങ്ങൾക്കാണ് എന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ദില്ലി തെരഞ്ഞെടുപ്പ് ഫലങ്ങൾ. 

ജനുവരി 25 -ന് ബിജെപി ദില്ലിയിൽ നടത്തിയ വിജയഭേരി എന്ന പരിപാടിയിൽ അമിത് ഷാ ഇങ്ങനെ പറഞ്ഞു,"പോളിംഗ് ബൂത്തിലെത്തുമ്പോൾ താമര അടയാളമുള്ള ബട്ടൺ നിങ്ങൾ അമർത്തി ഞെക്കണം. അതിൽ നിന്നുള്ള കറണ്ടടിക്കുമ്പോൾ എട്ടാം തീയതി വൈകുന്നേരത്തേക്കുതന്നെ ഷാഹീൻബാഗിലെ സകല പ്രതിഷേധക്കാരും എഴുന്നേറ്റ് സ്ഥലം വിടണം."  ഷാഹീൻ ബാഗിനെ ബിജെപി എല്ലാ റാലികളിലും നിരന്തരം ആക്രമിച്ചു. അവിടെ ബിരിയാണി വിതരണം ചെയ്യുന്നവരുടെ സ്വരത്തെ ഇമ്രാൻ ഖാന്റെ സ്വരത്തോടുപമിച്ചു. ബിജെപിയുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. അത് ദില്ലി വോട്ടുബാങ്കിനെ വർഗീയമായി ധ്രുവീകരിക്കുക എന്നത് തന്നെയായിരുന്നു. കാരണം ദില്ലിയിൽ ഹിന്ദു-മുസ്ലിം വോട്ട് ഷെയർ 81.86% - 12.86% എന്ന അനുപാതത്തിലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിഭിന്നമായി ദില്ലി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതും, പൗരത്വ പ്രതിഷേധങ്ങൾ രാജ്യമെമ്പാടും അലയടിച്ചുയർന്നതും ഏതാണ്ട് ഒരേ സമയമായിരുന്നു. 82 ശതമാനം ഹിന്ദുക്കളുള്ള ദില്ലിയിൽ നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുന്നത് പൗരത്വ നിയമ ഭേദഗതിക്കും NRC -ക്കുമെതിരായ ജനങ്ങളുടെ വിധിയെഴുത്തായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയം ബിജെപി പാളയത്തെ മഥിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് നടക്കുന്നതിനിടെ ഒരു ദിവസം പുറത്തിറങ്ങിയ ദൈനിക് ഭാസ്കർ പത്രത്തിൽ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ടായിരുന്നു. അത് അരവിന്ദ് കെജ്‌രിവാളും മനോജ് തിവാരിയും തങ്ങളുടെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളുടെ കണക്കെടുത്തുകൊണ്ടുള്ള ഒരു നിരീക്ഷണമായിരുന്നു. ഇരുവരും കൂടുതലായി ഉപയോഗിക്കുന്ന വാക്കുകളെ അവർ ആ ലേഖനത്തിൽ പരാമർശിച്ചു. അതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. കെജ്‌രിവാളിന്റെ പ്രിയപ്പെട്ട വാക്കുകൾ: 'സ്‌കൂൾ, വിദ്യാഭ്യാസം, ആശുപത്രി, ആരോഗ്യം, വെള്ളം, വൈദ്യുതി തുടങ്ങിയവയായിരുന്നു. തിവാരിയുടേതോ, 'പാകിസ്ഥാൻ, ഇമ്രാൻ ഖാൻ, തീവ്രവാദി, രാജ്യദ്രോഹം, കശ്മീർ, ഷാഹീൻബാഗ്, ആസാദി തുടങ്ങിയവയും. തിവാരിക്ക് ഒപ്പത്തിനൊപ്പമായിരുന്നു മറ്റുള്ള താരപ്രചാരകരുടെ റാലികളിൽ പ്രസംഗങ്ങൾ. "ദേശ് കെ ഗദ്ദാരോം കോ, ഗോലി മാരോ സാലോം കോ" എന്ന് പർവേശ് വർമ്മ. അവിടെ നിന്നില്ല, ഇന്ന് ഷാഹീൻബാഗിൽ ഇരിക്കുന്നവർ നാളെ നിങ്ങളെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യും എന്നുപോലും അദ്ദേഹം പറഞ്ഞുവെച്ചു. 

ബിജെപിയുടെ സ്ഥിരം തന്ത്രമായ ശത്രുക്കളുടെ ബ്രാൻഡിംഗ് ഇവിടെ ഫലിക്കാതെ പോയതും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമാകാതെ പോവാൻ കാരണമായി. അരവിന്ദ് കെജ്‌രിവാളിനെയോ ആം ആദ്മി പാർട്ടിയെയോ എന്തെങ്കിലും മോശപ്പെട്ട അർത്ഥത്തിൽ ബ്രാൻഡ് ചെയ്യാൻ പരമാവധി ശ്രമങ്ങൾ ഉണ്ടായി എങ്കിലും അതൊന്നും ജനങ്ങൾ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായില്ല. ലാലുപ്രസാദിനെ 'കാലിത്തീറ്റക്കള്ളൻ' ആക്കിയ പോലെ, മുലായം സിങ് യാദവിനെ 'മൗലാനാ' എന്ന് വിളിച്ച പോലെ, അഖിലേഷ് യാദവിനെ 'ടാപ്പ് കള്ളൻ' എന്ന് വിളിച്ചപോലെ, കോൺഗ്രസിന് മേൽ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം ഉന്നയിച്ചപോലെ, അഴിമതിക്കാർ എന്ന് അണ്ണാ ഹസാരെയുടെ സമയത്ത് കോൺഗ്രസിനെ വിളിച്ചപോലെ, രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് ബ്രാൻഡ് ചെയ്തപോലെ - അങ്ങനെ ഒന്നും തന്നെ ചെയ്യാൻ ബിജെപിക്ക് ഇക്കുറി സാധിച്ചില്ല. അരവിന്ദ് കെജ്‌രിവാളിനെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ ജനങ്ങൾ ഏറ്റുവിളിക്കുന്ന പരിഹാസ്യമായ ഒരു വട്ടപ്പേരും വിളിക്കാൻ ബിജെപിക്ക് സാധിച്ചില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ അവരെ പിന്നോട്ടടിപ്പിച്ച പ്രധാന കാരണങ്ങളിൽ ഒന്ന്.

കാരണങ്ങൾ മറ്റുള്ള പ്രതിഷേധക്കാരിൽ നിന്ന്  വ്യത്യസ്‍തമായിരുന്നു എങ്കിലും, ആം ആദ്മി പാർട്ടി തത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരായിരുന്നു. പാർലമെന്റിൽ പാർട്ടി ബില്ലിനെ എതിർത്തിരുന്നു. അങ്ങനെയൊക്കെ ആയിരുന്നിട്ടും, ഇത്തവണ കെജ്‌രിവാൾ തുടക്കം മുതൽ തന്നെ ആ വിഷയത്തിൽ തലയിടാതെ മാറി നില്ക്കുമെന്നുള്ള ദൃഢനിശ്ചയത്തിലായിരുന്നു. ജെഎൻയു അക്രമം നാടിനെ ഇളക്കി മറിച്ചപ്പോഴും ആശങ്ക അറിയിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് മാത്രമാണ് കെജ്‌രിവാളില്‍ നിന്നുണ്ടായത്. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും സിഎഎയ്ക്കെതിരെ സർവകക്ഷിയോഗങ്ങൾ സംഘടിപ്പിച്ചപ്പോൾ ആം ആദ്മി പാർട്ടി അതിൽ സംബന്ധിച്ചില്ല. നിയമത്തിനെതിരെയുള്ള കെജ്‌രിവാളിന്റെ എതിർപ്പ് തന്നെ മറ്റൊരു ലോജിക്കിന്റെ പുറത്തായിരുന്നു. "നമ്മുടെ ഇക്കോണമി ആകെ കുളം തോണ്ടി ഇരിക്കുകയാണ്. അതിനിടയിലേക്കാണ് പാക്കിസ്ഥാനിൽ നിന്ന് അഭയാർത്ഥികളെ ഇറക്കുമതി ചെയ്യുന്നത്. ഇങ്ങനെയൊരു ഭേദഗതിയുമായി ഇപ്പോൾ വരേണ്ട വല്ല കാര്യവുമുണ്ടോ? ആദ്യം ഇവിടത്തെ യുവാക്കൾക്ക് ജോലി നൽകൂ. അവർക്ക് കിടക്കാനിടം നൽകൂ. കുടിക്കാൻ വെള്ളം നൽകൂ. വൈദ്യുതി നൽകൂ."

ബിജെപിയുടെ എന്നത്തേയും വജ്രായുധം ഹിന്ദുത്വ കാർഡാണല്ലോ. എന്നാൽ, തെരഞ്ഞെടുപ്പിൽ ഒരാഴ്ചത്തെ സമയം അവശേഷിക്കെ കെജ്‌രിവാൾ തന്റെ ബ്രഹ്മാസ്ത്രം പുറത്തെടുത്തു. ഹിന്ദുദൈവങ്ങളെ വെച്ചുള്ള കളി ബിജെപിക്ക് മാത്രമല്ല കളിക്കാനറിയുന്നത് എന്ന് അദ്ദേഹം തെളിയിച്ചു. താൻ ഒരു കടുത്ത ഹനുമാൻ ഭക്തനാണ് എന്ന് ദില്ലിയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുവോട്ട്  ബാങ്കിനോട് അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. എന്നുമാത്രമല്ല, തെളിവായി ഒരു ഹനുമാൻ ചാലിസയും കൂടി അങ്ങ് കാച്ചി. താൻ ആത്യന്തികമായി ഒരു സനാതന ഹിന്ദുവാണ് എന്ന വ്യക്തമായ സന്ദേശം, തുടർന്ന് നടത്തിയ ക്ഷേത്ര ദർശനങ്ങളിലൂടെയും മറ്റും  അദ്ദേഹം അരക്കിട്ടുറപ്പിച്ചു.

 

പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഫെബ്രുവരി ആറിന് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം അമിത് ഷായെ ഒരു പബ്ലിക് ഡിബേറ്റിന് വെല്ലുവിളിച്ചു. ഷാഹീൻ ബാഗ് അടക്കം എന്ത് വിഷയവുമാകാം എന്ന ധൈര്യം പ്രകടിപ്പിച്ചു. ബിജെപി നേതാക്കൾ വ്യാജഹിന്ദുക്കളാണ് എന്ന് ആക്ഷേപിച്ചു. "ഭഗവദ് ഗീതയിൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് പറയുന്നത്, രണാങ്കണം വിട്ട് ഒളിച്ചോടുന്നവൻ ഭീരുവാണ് എന്നാണ്. ഒരു യഥാർത്ഥ ഹിന്ദു ധീരനാണ്. അവനൊരിക്കലും രണഭൂമിയിൽ നിന്ന് ഒളിച്ചോടുന്നവനാകാൻ കഴിയില്ല."

'ഹിന്ദുത്വം ആരുടെയും തറവാട്ടുസ്വത്തല്ല' എന്ന കെജ്‌രിവാളിന്റെ സന്ദേശം, താഴെത്തട്ടിൽ വോട്ടർമാർക്കിടയിൽ കൃത്യമായി എത്തിച്ചേർന്നു എന്നുവേണം മനസ്സിലാക്കാൻ. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, തന്റെ വോട്ടർമാരുമായി നേരിട്ട് ഇടപഴകുന്ന 'ടൗൺ ഹാൾ' സമ്മേളനങ്ങൾ കൂടുതലായി നടത്താൻ ഇത്തവണ കെജ്‌രിവാളിന് സാധിച്ചു. 13 എണ്ണമാണ് അദ്ദേഹം നടത്തിയത്. വളരെ മികച്ച തയ്യാറെടുപ്പോടെ, ആം ആദ്മി പാർട്ടിയുടെ തന്നെ അനുഭാവികളെ കുത്തിനിറച്ചുകൊണ്ട് നടത്തിയ ആ സമ്മേളനങ്ങൾ തത്സമയം ലൈവായി ദേശീയ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുകയും അതിലൊക്കെ കെജ്‌രിവാൾ വികസനത്തെപ്പറ്റി ഫലപ്രദമായി സംസാരിക്കുകയും, അതിനെ കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ജനങ്ങൾ കാണുകയും ചെയ്തു. ടൈംസ് നൗ സംഘടിപ്പിച്ച ഒരു ടൗൺ ഹാൾ മീറ്റിംഗിൽ അവതാരകന്റെ ഏറെ വലതുപക്ഷ ചായ്‌വോടെയുള്ള, വിമർശനാത്മകമായ ചോദ്യങ്ങളെപ്പോലും തന്റെ വികസന അജണ്ടകൾ നിരത്തി പ്രതിരോധിക്കാനും, ഒരു പരിധിവരെ അവതാരകന്റെ വായടപ്പിക്കാനും വരെ കെജ്‌രിവാളിന് സാധിച്ചിരുന്നു. അതിലൊക്കെയും കെജ്‌രിവാൾ സംസാരിച്ചത് വികസനത്തിന്റെ വിഷയങ്ങൾ മാത്രമായിരുന്നു. ഷാഹീൻ ബാഗ്, ജാമിയ, പൗരത്വ പ്രതിഷേധം തുടങ്ങിയ വിവാദവിഷയങ്ങളെ ഒക്കെ അദ്ദേഹം തന്ത്രപരമായി ഒഴിവാക്കിപ്പിടിച്ചു.

ദില്ലിയിലെ പൊലീസും ക്രമാസമാധാനനിയന്ത്രണവും കേന്ദ്രത്തിന്റെ കയ്യിലായതും കെജ്‌രിവാളിന് ഏറെ ഗുണം ചെയ്തു. ഷാഹീൻ ബാഗ് അടക്കമുള്ള പൗരത്വ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്ത വഷളാക്കിയ ബിജെപി അതിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. ഏഴുവർഷം മുമ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്ക് കയറിവന്ന് കസേര വലിച്ചിട്ടിരുന്ന അരവിന്ദ് കെജ്‌രിവാൾ എന്ന ക്ഷുഭിത യൗവ്വനം, ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോഴേക്കും തഴക്കം വന്ന ഒരു രാഷ്ട്രീയ നേതാവായി പരിണമിച്ചു കഴിഞ്ഞിരുന്നു. ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നതെന്തെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. പറഞ്ഞതത്രയും ജനഹിതം ഒന്നുമാത്രമായിരുന്നു. 'പാഞ്ച് സാൽ കെജ്‌രിവാൾ' എന്ന മുദ്രാവാക്യത്തോടെ 2015 -ലെ തെരഞ്ഞെടുപ്പിനെ നേരിട്ട കെജ്‌രിവാളിന്, ഇത്തവണ കയ്യിലുണ്ടായിരുന്നത് പ്രശാന്ത് കിഷോർ എന്ന ഇലക്ഷൻ മജീഷ്യന്റെ 'ഐ പാക്' എന്ന സ്ട്രാറ്റജി പ്ലാനിങ് സംഘത്തിന്റെ പിന്തുണ കൂടിയാണ്. അവർ ഡിസൈൻ ചെയ്തു നൽകിയ, " അച്ഛേ ബീതെ പാഞ്ച് സാൽ, ലഗേ രഹോ കെജ്‌രിവാൾ' ('പോയ അഞ്ചുവർഷം ബഹുകേമം, ഇനിയും കെജ്‌രിവാൾ തുടരട്ടെ') എന്ന മുദ്രാവാക്യം കെജ്‌രിവാളിനെ വോട്ടർമാരുമായി ചേർത്തുനിർത്തി. ഈ ആകർഷകമായ മുദ്രാവാക്യത്തോടൊപ്പം, 2014 -ൽ മോഡി സ്വീകരിച്ച അതേ പ്രചാരണ നയം, "കെജ്‌രിവാൾ നഹി തോ കോൻ?" (കെജ്‌രിവാൾ അല്ലെങ്കിൽ പിന്നാര്?) എന്ന ചോദ്യത്തിന്റെ രൂപത്തിൽ വോട്ടർമാരെ തേടിയെത്തി. അതിനൊരുത്തരം പറയാൻ ബിജെപിക്കോ കോൺഗ്രസിനോ പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ആയില്ല.

 

തന്റെ പ്രവർത്തനരീതിയെപ്പറ്റി അരവിന്ദ് കെജ്‌രിവാൾ തന്നെ പറഞ്ഞത് ഇപ്രകാരമാണ്, "ഞാനൊരു ആം ആദ്‌മിയാണ്. ഇന്നാട്ടിലെ സാധാരണക്കാരായ പൗരൻ. പ്രശ്നത്തിന് പരിഹാരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം, ആ പരിഹാരം വരുന്നത് ഇടത്തുനിന്നാണോ വലത്തുനിന്നാണോ എന്നല്ല." ചുരുക്കിപ്പറഞ്ഞാൽ ഇടത്തോട്ടും വലത്തോട്ടും ചായാത്ത പ്രായോഗികരാഷ്ട്രീയത്തിന്റെ 'നടു'പക്ഷമാണ് താൻ എന്നായിരുന്നു കെജ്‌രിവാൾ പറഞ്ഞുവന്നത്. 

തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് ചെയ്യണം എന്നുചോദിച്ചാൽ, കഴിഞ്ഞ തവണ ജയിച്ചവരെ കണ്ടു പഠിക്കണം എന്ന് ചിലരെങ്കിലും പറയും. അരവിന്ദ് കെജ്‌രിവാൾ ചെയ്തത് ചുരുക്കിപ്പറഞ്ഞാൽ അതുതന്നെയാണ്. വളരെ നേരത്തെ തന്നെ 2014 -ലെ മോദിയുടെ തെരഞ്ഞെടുപ്പ് കാമ്പെയിൻ ഡിസൈൻ ചെയ്ത പബ്ലിസിറ്റി സ്ട്രാറ്റെജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ ഐ-പാക്  (I-PAC)  നെ തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാൻ ചെയ്യാൻ ഏൽപ്പിച്ചു. ദില്ലി തെരഞ്ഞെടുപ്പിനെ ആം ആദ്മി പാർട്ടി തുടക്കം മുതൽ പ്രചാരണം നടത്തിയത് മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ അരവിന്ദ് കെജ്‌രിവാളിനെ മുന്നിൽ നിർത്തിയാണ്. എന്നാൽ ബിജെപിക്ക് പകരം എടുത്തുകാണിക്കാൻ ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടായിരുന്നില്ല.  മനോജ് തിവാരി എന്നൊരു മുഖം പ്രധാനമായും വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അദ്ദേഹത്തിന് തന്റെ ഭോജ്പുരി മസാല പടങ്ങളിലെ അഭിനയം വിനയായി. അത് അദ്ദേഹത്തെ ട്രോളാനുള്ള വഴി ആം ആദ്മി പാർട്ടിക്ക് തുറന്നുകൊടുത്തു. പ്രശ്നം, ബിജെപിക്ക് പിന്നെയും കുറെ മുഖങ്ങളുണ്ടായിരുന്നു എന്നതുകൂടിയായിരുന്നു. വിജയ് ഗോയൽ, ഗൗതം ഗംഭീർ, ഹർദീപ് പുരി, പർവേസ് വർമ്മ,രമേശ് ബിധൂഡി അങ്ങനെ പലരും. അവരൊക്കെ പറയുന്നത് പലപ്പോഴും മഹാ അബദ്ധങ്ങളും. എന്നാൽ അപ്പുറത്തോ, എന്തിനുമേതിനും അരവിന്ദ് കെജ്‌രിവാൾ എന്ന ഒരൊറ്റ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹമാണെങ്കിൽ ഇത്തവണ അളന്നു മുറിച്ച്, വേണ്ടത്ര കാര്യങ്ങൾ മാത്രമേ പറയൂ എന്ന ദൃഢനിശ്ചയത്തിലും. 
 
വോട്ടിങ്ങിന് 72 മണിക്കൂർ മാത്രം അവശേഷിക്കെ ബിജെപിയെ, മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പറയാൻ കെജ്‌രിവാൾ വെല്ലുവിളിച്ചു. "നിങ്ങൾ ആദ്യം ഞങ്ങൾക്ക് വോട്ടുചെയ്യൂ.. മുഖ്യമന്ത്രിയെയൊക്കെ ഞങ്ങൾ എന്നിട്ടു തീരുമാനിച്ചോളാം" എന്ന് അമിത് ഷാ പ്രതികരിച്ചപ്പോൾ, "ജനാധിപത്യത്തിൽ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നത് ജനങ്ങളാണ്, അല്ലാതെ അമിത് ഷാ അല്ല " എന്നൊരു മാസ് ഡയലോഗും കെജ്‌രിവാൾ അടിച്ചു. കെജ്‌രിവാളിന്റെ രാഷ്ട്രീയ ശത്രുക്കൾ പ്രചാരണത്തിനിടെ അദ്ദേഹത്തെ'ഭീകരവാദി' എന്ന് വിളിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യയും മകളും വരെ പ്രതിരോധവുമായി വന്നത് ജനങ്ങളെ സ്വാധീനിച്ചു. പർവേശ് വർമ്മയുടെ ആ വിളിയോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു, "നിങ്ങൾക്ക് അസുഖം വന്നാൽ ചികിത്സിക്കാൻ ചെല്ലുന്ന സർക്കാർ ആശുപത്രികളിൽ സേവനം സൗജന്യമാകുന്നതിനെ ഭീകരവാദം എന്നാണോ വിളിക്കേണ്ടത്? നിങ്ങളുടെ കുട്ടികൾക്ക് ഇന്ന് മികച്ച വിദ്യാഭ്യാസം കിട്ടുന്നുണ്ട് എങ്കിൽ അതിനെയും ഭീകരവാദമെന്നാണോ വിളിക്കേണ്ടത് ? കുറഞ്ഞ നിരക്കിൽ വെള്ളവും, വൈദ്യുതിയും കിട്ടിത്തുടങ്ങുമ്പോൾ അതിനെയും നിങ്ങൾ ഭീകരവാദം എന്നാണോ വിളിക്കുക? എങ്കിൽ തീവ്രവാദിയായിത്തന്നെ തുടരുന്നതാണ് എനിക്കിഷ്ടം'' വീട്ടിലെ ചെലവുകൾ നോക്കിനടത്തുന്ന, വേണ്ടതെല്ലാം നൽകുന്ന ഒരു മൂത്ത പുത്രനായി അദ്ദേഹം ദില്ലിവാസികൾക്കു മുന്നിൽ നിവർന്നു നിന്നു. താനൊരു തീവ്രവാദി ആണെന്ന് കരുതുന്നവർ താമരയ്ക്ക് വോട്ടു നൽകിക്കോളൂ, അല്ല, താൻ ദില്ലിയുടെ പുത്രനാണ് എന്ന് കരുതുന്നവർ ആം ആദ്മിയുടെ ചൂൽ അടയാളത്തിൽ തന്നെ ഞെക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഇരുനൂറ് എംപിമാരും ഏഴു മുഖ്യമന്ത്രിമാരും, ജെപി നദ്ദയും, യോഗി ആദിത്യനാഥും, അമിത് ഷായും, നരേന്ദ്ര മോദിയും ഒക്കെയടങ്ങുന്ന ബിജെപി അക്ഷൗഹിണി ഒരുവശത്ത്, അരവിന്ദ് കെജ്‌രിവാൾ എന്ന ഒറ്റയാൾപ്പട്ടാളം മറുവശത്തും എന്നതായിരുന്നു തെരഞ്ഞെടുപ്പിലെ അവസ്ഥ. "കെജ്‌രിവാളിനെ ഒന്ന് തോൽപ്പിക്കാൻ വേണ്ടി ആരൊക്കെയാണ് കോപ്പുകൂട്ടി ഇറങ്ങിയിരിക്കുന്നതെന്നു നോക്കൂ. അവർക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ. കെജ്‌രിവാളിനെ എങ്ങനെയും ഒന്ന് തോൽപിക്കണം. സ്‌കൂളുകൾ നിർമിച്ചു എന്ന് ഞാൻ പറയുമ്പോൾ അവർ മറുപടി പറയുന്നത് 'കെജ്‌രിവാളിനെ തോൽപിക്കണം' എന്നാണ്. ഞാൻ നല്ല ആശുപത്രികൾ കെട്ടി എന്ന് പറഞ്ഞാലും അവർക്ക് മറുപടിയായി പറയാനുളളത് 'കെജ്‌രിവാളിനെ തോൽപിക്കണം'  എന്ന് മാത്രമാണ്. അവരാരാണ് കെജ്‌രിവാളിനെ തോൽപ്പിക്കാൻ. കെജ്‌രിവാളിനെ തോൽപ്പിക്കാൻ ഒരു കൂട്ടർക്കെ ആകൂ, അത് നിങ്ങൾ ദില്ലിനിവാസികളാണ്..." എന്നദ്ദേഹം പ്രസംഗിച്ചപ്പോൾ ജനാവലി കയ്യടികളോടെ അതിനെ സ്വീകരിച്ചു. 'നാലുകോടി ഒഡിയകൾ തന്റെ കൂട്ടുകുടുംബമാണ്' എന്നു പറഞ്ഞ നവീൻ പട്നായിക്കിന്റെ മാതൃകയാണ് കെജ്‌രിവാളും പിന്തുടർന്നത്. " ഈ തെരഞ്ഞെടുപ്പ് ചെയ്യുന്ന ജോലിയുടെ വിലയിരുത്തലാകും " എന്ന മുദ്രാവാക്യവും അദ്ദേഹത്തെ സഹായിച്ചു. സിസിടിവിയെപ്പറ്റിയും സ്‌കൂളുകളെപ്പറ്റിയുമുള്ള കെജ്‌രിവാളിന്റെ അവകാശവാദങ്ങളിൽ ഷാ സംശയം ഉന്നയിച്ചപ്പോൾ, "ബിജെപിക്കാരുടെ വായിൽ നിന്ന് തെരഞ്ഞെടുപ്പടുത്ത ശേഷം സിസിടിവി, സ്‌കൂൾ എന്നിങ്ങനെയുള്ള വികസനപ്രശ്നങ്ങൾ ഒക്കെ വീണുകിട്ടിയല്ലോ... ഭാഗ്യം. ജന്മം സഫലമായി. അല്ലെങ്കിൽ സാധാരണ അയോദ്ധ്യ, ക്ഷേത്രം, പള്ളി എന്നൊക്കെയുള്ള വിഭാഗീയ പരാമർശങ്ങൾ മാത്രമാണ് പതിവുള്ളത്" എന്ന് അതും തന്റെ ബലമാക്കി കെജ്‌രിവാൾ മാറ്റി.

അരവിന്ദ് കെജ്‌രിവാൾ എന്ന മുൻ ബ്യൂറോക്രാറ്റിന് തന്റെ പ്രവർത്തനങ്ങളുടെ ഫലസിദ്ധിയിൽ അപാരമായ ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൂർണ്ണമായ ഉറപ്പോടെ, "എന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ ബോധിച്ചിട്ടുണ്ടെങ്കിൽ മാത്രം നിങ്ങളെനിക്ക് വോട്ടുചെയ്താൽ മതി " എന്ന് പറയാൻ അദ്ദേഹത്തിനായി. അതിനു പുറമെ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സമയത്ത് നിരവധി ജനപ്രിയ നയങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഉദാ.  സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, മൊഹല്ല ക്ലിനിക്കുകൾ, 20000 ലിറ്റർ വരെ സൗജന്യ ജലവിതരണം, തീർത്ഥയാത്രാ പദ്ധതി, സ്‌കൂളുകളിലെ വികസനങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ഒക്കെയും കൃത്യമായി കാർഡ് അടിച്ചിറക്കി ജനങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനായി. " മേരാ വോട്ട് കാം കോ, സീധേ കെജ്‌രിവാൾ കോ " - എന്റെ വോട്ട് ജോലി ചെയ്യുന്നവർക്ക്, ഇത്തവണ കെജ്‌രിവാളിന്" എന്ന ഒരു മുദ്രാവാക്യം കൂടി പ്രചാരണത്തിന്റെ ഒടുവിലായി പാർട്ടി ഏറെ ഫലപ്രദമായി എടുത്തിട്ടു. അവസാനത്തെ ചില പത്രസമ്മേളനങ്ങളിൽ കെജ്‌രിവാൾ ഇങ്ങനെയും പറഞ്ഞു, "ഈ തെരഞ്ഞെടുപ്പിന്റെ ഫലം ഐതിഹാസികമായിരിക്കും. അത് ഒരു ഗവണ്മെന്റിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാകും. പ്രവർത്തനമികവിനുള്ള അംഗീകാരമാകും. അത് രാജ്യത്തിനാകെ നൽകുക ഒരു പുതിയ സന്ദേശമാകും, 'വോട്ടു വേണോ? പോയി സ്‌കൂളും, ആശുപത്രിയും, റോഡുമൊക്കെ ഉണ്ടാക്കിയിട്ട് വാ' എന്ന സന്ദേശം. "

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ കെജ്‌രിവാൾ വോട്ടർമാരോട് പറഞ്ഞത് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ രത്നച്ചുരുക്കം. "നമ്മുടെ രാജ്യത്ത് വേണ്ടത്ര സ്‌കൂളുകളും, കോളേജുകളും, ആശുപത്രികളും, യൂണിവേഴ്സിറ്റികളും, ഗവേഷണസ്ഥാപനങ്ങളും, ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങളുമില്ലാതെ നമുക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഭാഗമാകാൻ സാധിക്കില്ല. നമുക്കിനി വേണ്ടത് കൂടുതൽ മെച്ചപ്പെട്ട തീവണ്ടികളും, ഹൈവേകളും ഒക്കെയാണ്. ബഹിരാകാശത്തേക്ക് വരെ നമുക്ക് കടന്നുചെല്ലണം. എങ്കിൽ മാത്രമേ ഇന്ത്യ ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തി എന്ന് പറയാനാകൂ. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും പരസ്പരം വിഭജിച്ച് പോരടിപ്പിച്ചാൽ രാജ്യത്ത് വികസനം വരില്ല..."

click me!