'കഷ്ടകാലമാണ്, വിലപിടിപ്പുള്ളത് നഷ്ടപ്പെടും'; പ്രവചനം സത്യമാക്കാൻ ഐഫോൺ മോഷ്ടിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

Published : Jan 04, 2026, 01:07 PM IST
Fortune Teller

Synopsis

തായ്‌ലൻഡിൽ, വിലപിടിപ്പുള്ളത് നഷ്ടപ്പെടുമെന്ന് പ്രവചിച്ച ജ്യോത്സ്യൻ, പ്രവചനം ഫലിക്കാനായി  യുവതിയുടെ ഐഫോൺ മോഷ്ടിച്ചു.  സംശയം തോന്നിയ യുവതി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഫോൺ  കണ്ടെത്തുകയും തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

താൻ നടത്തിയ പ്രവചനം ഫലിക്കാനായി ഉപഭോക്താവിന്റെ ഐഫോൺ മോഷ്ടിച്ച ജ്യോത്സ്യൻ പിടിയിലായി. തായ്‌ലൻഡിലെ പട്ടായയിലെ വാട്ട് ചൈമോങ്‌കോൾ ക്ഷേത്രത്തിന് സമീപം പുതുവർഷ ദിനത്തിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. 38 -കാരനായ ഉഡോംസാപ് മ്യുവാങ്കേവ് എന്നയാളെ സംഭവത്തിൽ പട്ടായ പോലീസ് അറസ്റ്റ് ചെയ്തു.

വിലയുള്ളത് നഷ്ടപ്പെടുമെന്ന് പ്രവചനം

പുതുവർഷ ദിനത്തിൽ പുലർച്ചെ പട്ടായയിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ വയോധികന്‍റെ വേഷം കെട്ടിയാണ് ഉഡോംസാപ് ഇരുന്നിരുന്നത്. വഴിപോക്കരെ വിളിച്ച് ഭാവി പ്രവചിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഇയാളെ കണ്ട് പാവം തോന്നി 19-കാരിയായ പിം എന്ന യുവതി തന്‍റെ ഭാവി നോക്കാൻ തയ്യാറായി. യുവതിയുടെ ഭാവി പ്രവചിക്കുന്നതിനിടെ, ഉടൻ തന്നെ അവൾക്ക് വലിയൊരു നിർഭാഗ്യം സംഭവിക്കുമെന്നും വിലപിടിപ്പുള്ള എന്തോ ഒന്ന് നഷ്ടപ്പെടുമെന്നും ജ്യോത്സ്യൻ പറഞ്ഞു. ഇത് തടയാനായി പ്രത്യേക പൂജകൾ ചെയ്യാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി അത് നിരസിച്ചു.

ഐഫോണ്‍ കാണാനില്ല

ഭാവി നോക്കി കഴിഞ്ഞ് യുവതി എഴുന്നേറ്റ് പോയതിന് തൊട്ടുപിന്നാലെ തന്‍റെ ഐഫോൺ 13 പ്രോ കാണാനില്ലെന്ന് യുവതി തിരിച്ചറിഞ്ഞു. തിരികെ വന്ന് ചോദിച്ചപ്പോൾ, "നോക്കൂ, എന്‍റെ പ്രവചനം എത്ര കൃത്യമാണ്, നിനക്ക് ദോഷകാലം തുടങ്ങി" എന്നായിരുന്നു ജ്യോത്സ്യന്‍റെ മറുപടി. മോഷ്ടാവിനെ കണ്ടെന്നും അയാളുടെ രൂപം എങ്ങനെയുള്ളതാണെന്നും വരെ ഇയാൾ വിവരിച്ചു നൽകി. ജ്യോത്സ്യന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി നാട്ടുകാരുടെ സഹായത്തോടെ ഇയാളുടെ ബാഗ് പരിശോധിച്ചു. മാസ്കുകൾ വെക്കുന്ന ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഐഫോൺ കണ്ടെത്തി.

തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പുതുവർഷത്തിൽ പണത്തിന് അത്യാവശ്യം വന്നതുകൊണ്ടാണ് മോഷ്ടിച്ചതെന്നും ഇത് തന്‍റെ ആദ്യത്തെ മോഷണമാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. തന്നെ വിട്ടയക്കണമെന്ന് ഇയാൾ യുവതിയോട് അപേക്ഷിച്ചെങ്കിലും, ഇത്തരക്കാർ ഇനിയും മറ്റുള്ളവരെ പറ്റിക്കാതിരിക്കാൻ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യുവതി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ചായ കൊണ്ടുവെയ്ക്കുന്ന പ്യൂണിന്‍റെ രീതി ഹെഡ്മിസ്ട്രസിന് 'ക്ഷ' പിടിച്ചു, പിന്നാലെ പ്രണയാഭ്യർത്ഥന, വിവാഹം; സംഭവം പാകിസ്ഥാനിൽ
'കുശാഗ്ര ബുദ്ധി, നിരീക്ഷണ പാടവം'; ദില്ലി മെട്രോയിൽ സീറ്റ് കണ്ടെത്തിയ വഴി ഉപദേശിച്ച് യുവതി, കുറിപ്പ് വൈറൽ