
സ്ത്രീകളുടെ സുരക്ഷയ്ക്ക് എന്ന് പറഞ്ഞുകൊണ്ട് സ്ത്രീവിരുദ്ധ കമന്റുകൾ പറയുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിലും ഉണ്ടായത്. 'രാത്രികാലങ്ങളിലെ പാർട്ടി, ബലാത്സംഗം വിളിച്ചു വരുത്തുന്നത് പോലെയാണ്' എന്ന് പരാമർശിക്കുന്ന പോസ്റ്ററാണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. സ്ത്രീ സുരക്ഷാ ക്യാംപയിനിന്റെ ഭാഗം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റർ പതിച്ചിരിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുധ്യം.
'നിങ്ങളുടെ സുഹൃത്തിനെ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിലേക്കൊന്നും കൊണ്ടുപോകരുത്. അവിടെ ഒരു ബലാത്സംഗമോ കൂട്ടബലാത്സംഗമോ ഉണ്ടായാലോ?' എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നതായി കാണാം.
സോള, ചാന്ദ്ലോഡിയ തുടങ്ങിയ പ്രദേശങ്ങളിലെ റോഡ് ഡിവൈഡറുകളിലാണ് പോസ്റ്ററൊട്ടിച്ചിരിക്കുന്നത്. ഗുജറാത്തി ഭാഷയിലാണ് ഈ പോസ്റ്ററുകൾ ഉള്ളത്. 'സതർക്ത' എന്ന ഗ്രൂപ്പിന്റെ പേരിലാണ് പോസ്റ്ററുകളെങ്കിലും അഹമ്മദാബാദ് ട്രാഫിക് പോലീസിനെ സ്പോൺസറായി പരാമർശിച്ചിരിക്കുന്നതായും കാണാം.
എന്നാൽ, പോസ്റ്ററിനെതിരെ വലിയ വിമർശനങ്ങൾ തന്നെ ഉയർന്നു. പീഡനത്തിന് കാരണം സ്ത്രീകളാണ് എന്ന ധ്വനിയുർത്തന്നതാണ് പോസ്റ്ററെന്നും ആരോപണമുയർന്നു. പിന്നാലെ സംഭവത്തിൽ പൊലീസും പ്രതികരിച്ചു. ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ഗ്രൂപ്പിന് അനുമതി നൽകിയിരുന്നതായി മുതിർന്ന ട്രാഫിക് ഉദ്യോഗസ്ഥർ സമ്മതിച്ചു. എന്നാൽ, ആ പോസ്റ്ററുകൾ അനുചിതമായിരുന്നു എന്നും അതിപ്പോൾ നീക്കം ചെയ്തു എന്നും ട്രാഫിക് അഡ്മിൻ എസിപി ശൈലേഷ് മോദി പറഞ്ഞു. ട്രാഫിക് പോലീസ് പോസ്റ്ററുകൾ ഒട്ടിക്കാൻ അനുമതി നൽകിയതായി ഡിസിപി നീത ദേശായിയും സ്ഥിരീകരിച്ചു.
അതേസമയം, ട്രാഫിക്കുമായി ബന്ധപ്പെട്ട അവബോധത്തിന് മാത്രമാണ് അനുമതി നൽകിയത് ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ക്യാംപയിനുകൾക്കല്ല എന്നാണ് അഡീഷണൽ പോലീസ് കമ്മീഷണർ (ട്രാഫിക്) എൻ എൻ ചൗധരി പിന്നീട് പറഞ്ഞത്.
ഇത്തരം ഭാഷ ഞങ്ങൾ ഒരിക്കലും അനുവദിച്ചിട്ടില്ല എന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.